418 കിലോമീറ്റർ മൈലേജുമായി വോൾവോ സി 40 റീചാർജ്; ഇത് സ്വീഡിഷ് കമ്പനിയുടെ രണ്ടാമത്തെ വൈദ്യുത വാഹനം
text_fieldsസ്വീഡിഷ് കമ്പനിയായ വോൾവോ തങ്ങളുടെ രണ്ടാമത്തെ സമ്പൂർണ വൈദ്യുത വാഹനം അവതരിപ്പിച്ചു. വോൾവോ സി 40 റീചാർജ് എന്നാണ് പുതിയ വാഹനത്തിന്‍റെ പേര്. നേരത്തേ പുറത്തിറക്കിയ എക്സ് സി 40 റീചാർജ് പി 8 ഇലക്ട്രിക് എസ്‌യുവിയുടെ കൂപ്പെ പതിപ്പാണിത്. വോൾവോയുടെ ജനപ്രിയ എസ്.യു.വികളിലൊന്നായ എക്സ് സി 40 യുടെ വൈദ്യുത വാഹന പതിപ്പുകളാണ് ഇരു വാഹനങ്ങളും. ഇരട്ട ഇലക്ട്രിക് മോട്ടോർ സജ്ജീകരണമുള്ള സി 40 റീചാർജ് 408കരുത്തും 660എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന വാഹനമാണ്. 78 കിലോവാട്ട് ബാറ്ററി പായ്ക്കുള്ള വാഹനം ഒറ്റ ചാർജിൽ 418 കിലോമീറ്റർ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്.
രൂപകൽപ്പനയും പ്ലാറ്റ്ഫോമും
വോൾവോയുടെ സിഎംഎ പ്ലാറ്റ്‌ഫോമിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. ചരിഞ്ഞ മേൽക്കൂരയും പുതിയ ടെയിൽ-ലൈറ്റ് ഡിസൈനും മറ്റുള്ളവയിൽ നിന്ന് സി 40 റീചാർജിനെ വ്യത്യസ്തമാക്കുന്നു. മുൻവശത്ത് XC40 P8ന് സമാനമായ ഗ്രില്ലാണ്. ഇലക്ട്രിക് വോൾവോകളുടെ പൊതുവായ മുഖമാണിത്. 4,431 മില്ലീമീറ്റർ നീളം 2,035 മില്ലീമീറ്റർ വീതി എന്നിങ്ങനെ എക്സ്.സി 40ക്ക് സമാനമായ ബാഹ്യ അളവുകളാണ് വാഹനത്തിന്. കൂപ്പെ മേൽക്കൂര കാരണം ഉയരം അൽപ്പം കുറഞ്ഞിട്ടുണ്ട്. ചരിഞ്ഞ പിൻഭാഗം റിയർ പാസഞ്ചർ ഹെഡ് റൂം 62 മില്ലീമീറ്റർ കുറയ്ക്കുന്നു. ബൂട്ട് ശേഷി 413 ലിറ്ററാണ്. 'ഫ്രങ്ക്' എന്ന് വിളിക്കുന്ന 31 ലിറ്റർ ഇടം ബോണറ്റിന് കീഴിൽ നൽകിയത് വ്യത്യസ്തതയാണ്.
പവർട്രെയിനും പ്രകടനവും
എക്സ് സി 40 റീചാർജ്, പോൾസ്റ്റാർ 2 എന്നിവയ്ക്ക് സമാനമായ പവർട്രെയിനാണ് സി 40ക്കും. ഓരോ ആക്‌സിലിലും 204 എച്ച്പി ഇലക്ട്രിക് മോട്ടോർ ഘടിപ്പിച്ച് 408 എച്ച്പി കരുത്ത് പുറത്തെടുക്കുന്നു. 0-100 കിലോമീറ്റർ വേഗത 4.9 സെക്കൻഡിൽ ആർജിക്കും. എല്ലാ വോൾവോ മോഡലുകളെയും പോലെ ഉയർന്ന വേഗത 180 കിലോമീറ്റർ ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ബാറ്ററിയും ചാർജിങും
78 കിലോവാട്സ് ലിഥിയം അയൺ ബാറ്ററി 418 കിലോമീറ്റർ റേഞ്ച് തരും.11 കിലോവാട്ട് എസി ചാർജറോ 150 കിലോവാട്ട് ഡിസി ചാർജറോ ഉപയോഗിച്ച് ചാർജ് ചെയ്യാൻ കഴിയും. ഡിസി ചാർജർ ഉപയോഗിച്ച് 40 മിനിറ്റിനുള്ളിൽ 80 ശതമാനം ചാർജ് ചെയ്യാനാകും. സോഫ്റ്റ്വെയർ അപ്‌ഡേറ്റുകളിലൂടെ കാറിന്‍റെ റേഞ്ച് മെച്ചപ്പെടുത്താനാകുമെന്നും വോൾവോ പറയുന്നു.
വോൾവോയുടെ ഇന്ത്യ പദ്ധതികൾ
സ്വീഡിഷ് കാർ നിർമ്മാതാവ് ഓൾ-ഇലക്ട്രിക് എക്സ് സി 40 റീചാർജ് ഇന്ത്യയിൽ വരും മാസങ്ങളിൽ ലഭ്യമാക്കും. വാഹനം ഇന്ത്യയിൽ അസംബ്ലി ചെയ്യാൻ താൽപ്പര്യമുണ്ടെന്ന് വോൾവോ മുമ്പ് പറഞ്ഞിട്ടുണ്ട്. ഇത് താരതമ്യേന വില കുറയാൻ കാരണമാകും. 2022 മുതൽ ഇന്ത്യയിൽ പെട്രോൾ, ബാറ്ററി ഇലക്ട്രിക് മോഡലുകൾ മാത്രമാണ് വോൾവോ വിൽക്കാൻ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.