രാജ്യെത്ത ഏറ്റവും വില കുറഞ്ഞ ആഢംബര ഇ.വി, വോൾവൊ എക്സ്.സി 40 റീചാർജ് അവതരിപ്പിച്ചു
text_fieldsരാജ്യെത്ത ഏറ്റവും വില കുറഞ്ഞ ആഢംബര വൈദ്യുത വാഹനമെന്ന വിശേഷണത്തോടെ വോൾവൊ എക്സ്.സി 40 റീചാർജ് അവതരിപ്പിച്ചു. വാഹനം വിൽപ്പന ആരംഭിച്ചിട്ടില്ലെങ്കിലും ബുക്കിങ് ജൂണിൽ തുടങ്ങുമെന്ന് വോൾവോ അധികൃതർ അറിയിച്ചു. ഒക്ടോബർ മുതൽ ഘട്ടം ഘട്ടമായി ഡെലിവറികൾ ആരംഭിക്കുമെന്നാണ് സൂചന. 2025 ഓടെ ഇന്ത്യയിലെ വിൽപ്പനയുടെ 80 ശതമാനവും ഓൾ-ഇലക്ട്രിക് വാഹനങ്ങളായിരിക്കണമെന്ന വോൾവോയുടെ സ്വപ്നംകൂടിയാണ് എക്സ്.സി 40 റീചാർജിലൂടെ ആരംഭിച്ചിരിക്കുന്നത്. രണ്ട് 204 എച്ച്പി ഇലക്ട്രിക് മോട്ടോറുകളാണ് വാഹനത്തിന് കരുത്തുപകരുന്നത്.
78 കിലോവാട്ട് ലിഥിയം അയൺ ബാറ്ററി 418 കിലോമീറ്റർ മൈലേജ് നൽകും. 408hp, 660Nm ടോർക്ക് എന്നിങ്ങനെയാണ് മോട്ടോർ ഔട്ട്പുട്ട്. 4.9 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും. ഉയർന്ന വേഗത മണിക്കൂറിൽ 180 കിലോമീറ്റർ ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന മറ്റ് ഇ.വികളിലെന്നപോലെ, എക്‌സ്‌സി 40 റീചാർജിന്റെ ബാറ്ററിയും എസി ചാർജർ അല്ലെങ്കിൽ ഡിസി ഫാസ്റ്റ് ചാർജർ വഴി ചാർജ് ചെയ്യാൻ കഴിയും. ഫാസ്റ്റ് ചാർജർ വഴി 40 മിനിറ്റ്കൊണ്ട് 80 ശതമാനം വരെ ബാറ്ററി നിറക്കാം. ഒറ്റ ചാർജിൽ 418 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നാണ് ഡബ്ല്യുഎൽടിപി-സർട്ടിഫൈഡ് ചെയ്തിരിക്കുന്നത്. മെഴ്‌സിഡസ് ബെൻസിന്‍റെ ആഢംബര വൈദ്യുത എസ്.യു.വി ഇക്യുസിക്ക് 417 കിലോമീറ്റർ ആണ് റേഞ്ച്.
ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന സ്റ്റാൻഡേർഡ് വോൾവോ എക്‌സ്‌സി 40 പെട്രോളും എക്‌സ്‌സി 40 റീചാർജും തമ്മിൽ രൂപത്തിൽ വലിയ മാറ്റങ്ങളൊന്നുമില്ല. മുന്നിലെ ഗ്രില്ലിൽ 'റീചാർജ്' ബാഡ്‌ജുകൾ ഇ.വിയിൽ ഉൾപ്പെടുന്നു. പരമ്പരാഗത ഇന്ധനം നിറയ്ക്കുന്ന പോർട്ടിന് പകരമായി അവിടെതന്നെ ഇവിക്ക് ചാർജിങ് പോർട്ടും ലഭിക്കും.
സ്റ്റാൻഡേർഡ് എക്‌സ്‌സിയും ഇ.വിയും തമ്മിലുള്ള പ്രധാന വ്യത്യാസം ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റമാണ്. ഗൂഗിളിന്‍റെ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് എക്‌സ്‌സി 40 റീചാർജ് വരുന്നത്. ബ്രാൻഡിന്‍റെ ഇൻ-കാർ കണക്റ്റിവിറ്റി ടെക്ക്-വോൾവോ ഓൺ കോൾ എന്നിവ ഈ യൂനിറ്റിന്‍റെ സവിശേഷതയാണ്. ഭാവിയിൽ അപ്‌ഡേറ്റുകൾ സ്വീകരിക്കാനും ഈ സംവിധാനം പ്രാപ്തമാണ്.
വിലയും സ്ഥാനവും
എക്‌സ്‌സി 40 റീചാർജ് വരുമ്പോൾ വാഹനത്തിന് നേരിട്ടുള്ള എതിരാളികളില്ലെന്നത് പ്രത്യേകതയാണ്. ഏറ്റവും താങ്ങാനാവുന്ന ഓൾ-ഇലക്ട്രിക് ആഡംബര എസ്‌യുവിയും എക്‌സ്‌സി 40 റീചാർജ് ആയിരിക്കും. മെഴ്‌സിഡസ് ബെൻസ് ഇക്യുസി, ജാഗ്വാർ ഐ-പേസ്, ഓഡി ഇ-ട്രോൺ എന്നിവക്ക് താഴെയും ഹ്യുണ്ടായ് കോന ഇലക്ട്രിക്, എം.ജി ഇസഡ് എസ് ഇ.വി, ടാറ്റ നെക്സോൺ ഇ.വി എന്നിവക്ക് മുകളിലും ആയിരിക്കും വോൾവോയുടെ സ്ഥാനം.
എക്സ് സി 40 ടി 4 പെട്രോളിന് 39.90 ലക്ഷം രൂപയാണ് വില. (എക്സ്ഷോറൂം, പാൻ-ഇന്ത്യ). എക്സ് സി 40 റീചാർജിന് കൂടുതൽ വില പ്രതീക്ഷിക്കുന്നുണ്ട്. 'പെട്രോൾ പതിപ്പിനെ അപേക്ഷിച്ച് ഉപയോക്താക്കൾക്ക് എക്സ് സി 40 ഇവിയിൽ വളരെ നല്ല ഓഫർ നൽകാൻ ഞങ്ങൾക്ക് കഴിയും. തീർച്ചയായും, ഇത് കൂടുതൽ ചെലവേറിയതായിരിക്കും. പക്ഷേ പെട്രോളും BEV ഉം തമ്മിലുള്ള അന്തരം വളരെ കുറവായിരിക്കും'-വോൾവോ കാർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ചാൾസ് ഫ്രംപ് പറഞ്ഞു. 75ലക്ഷത്തിന് മുകളിൽവരുന്ന എതിരാളികളെ സംബന്ധിച്ച് കയ്യിലൊതുങ്ങുന്ന വാഹനംതന്നെയാകും എക്സ് സി 40 ഇവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.