ഇനി ഖത്തറിൽ; ബാസ്കറ്റ്ബാൾ ലോകകപ്പ് പന്ത് ഏറ്റുവാങ്ങി
text_fieldsദോഹ: ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ ഫിബ ലോകകപ്പ് 2023ന്റെ സമാപന ചടങ്ങിനിടെ ഖത്തർ 2027 ഫിബ ലോകകപ്പിനുള്ള പന്ത് ഔദ്യോഗികമായി സ്വീകരിച്ച് ഖത്തർ.
ഫിലിപ്പീൻസ് ലോകകപ്പ് സംഘാടക സമിതി ചെയർമാൻ മാനുവൽ പങ്കിലിനൻ അന്താരാഷ്ട്ര ബാസ്കറ്റ്ബാൾ ഫെഡറേഷൻ ചെയർമാൻ ഹമാൻ നിയാങ്ങിന് പന്ത് നൽകുകയും ശേഷം ഖത്തർ ബാസ്കറ്റ്ബാൾ ഫെഡറേഷൻ പ്രസിഡന്റ് മുഹമ്മദ് അൽ മുഗൈസീബും ഖത്തർ ഒളിമ്പിക്സ് കമ്മിറ്റി മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം മേധാവി ശൈഖ അസ്മ ആൽഥാനിയും നിയാങ്ങിൽ നിന്നും പന്ത് ഔദ്യോഗികമായി സ്വീകരിക്കുകയും ചെയ്തു.
ബാസ്കറ്റ്ബാൾ ലോകകപ്പിന്റെ പന്ത് ഔദ്യോഗികമായി സ്വീകരിക്കുന്നതിലും ഈ ചടങ്ങിന് സാക്ഷ്യംവഹിക്കാൻ അവസരം ലഭിച്ചതിലും ഏറെ സന്തുഷ്ടരാണെന്നും മുഹമ്മദ് അൽ മുഗൈസീബ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും ജനപ്രിയ ഗെയിമുകളിലൊന്നായ ബാസ്കറ്റ്ബാളിനു വേണ്ടി ഇത്തരമൊരു സുപ്രധാന കായിക ചാമ്പ്യൻഷിപ് സംഘടിപ്പിക്കുന്നത് ഞങ്ങളുടെ കായിക പ്രയാണത്തിലെ മറ്റൊരു ചുവടുവെപ്പാണെന്നും ബാസ്കറ്റ്ബാൾ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പതിപ്പ് സംഘടിപ്പിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താൻ കാത്തിരിക്കുകയാണെന്നും അൽ മുഗൈസീബ് കൂട്ടിച്ചേർത്തു.
ഈ വർഷം ഏപ്രിൽ 28ന് മനിലയിൽ നടന്ന ഫിബ യോഗത്തിലാണ് 2027 ലോകകപ്പിന് ആതിഥ്യം വഹിക്കാനുള്ള ബിഡ് ഖത്തറിന് ലഭിച്ചത്. മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ പ്രഥമ ലോകകപ്പിനു കൂടിയായിരിക്കും 2027ൽ ഖത്തർ വേദിയാകുക.
ഖത്തറിലെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, കായിക വികസനപാതയിലെ ഖത്തറിന്റെ ആഗ്രഹങ്ങൾ, ഫിഫ ലോകകപ്പ് 2022 ഉൾപ്പെടെയുള്ള പ്രധാന കായിക ടൂർണമെന്റുകൾക്ക് ആതിഥ്യം വഹിക്കുന്നതിലെ വിജയകരമായ ട്രാക് റെക്കോഡ് തുടങ്ങിയ കാരണങ്ങളാണ് ഖത്തറിനു നേരെ ലോകകപ്പ് ആതിഥേയത്വത്തിന് പച്ചക്കൊടി വീശാൻ അന്താരാഷ്ട്ര ബാസ്കറ്റ്ബാൾ ഫെഡറേഷന് പ്രേരണയായത്.
മേഖലയിലും പുറത്തും ബാസ്കറ്റ്ബാൾ വികസനത്തിന് ടൂർണമെന്റിന്റെ സംഭാവനകൾക്ക് ഊന്നൽ നൽകാനുള്ള ലെഗസി പദ്ധതികൾക്കും ഖത്തർ ഇതോടൊപ്പം പ്രത്യേകം ഊന്നൽ നൽകുന്നുണ്ട്. ബാസ്കറ്റ്ബാൾ ചരിത്രത്തിലെ ഏറ്റവും സുസ്ഥിര പതിപ്പായി 2027ലെ ലോകകപ്പിനെ മാറ്റാനാണ് ഖത്തർ ലക്ഷ്യമിടുന്നത്.
2019ൽ ചൈനയിൽ നടന്ന ലോകകപ്പിനു ശേഷം, ഏഷ്യയിൽ തുടർച്ചയായ മൂന്നാം ലോകകപ്പിനായിരിക്കും 2027ൽ ഖത്തർ വേദിയാകുക. ചൈനക്കുശേഷം ഇന്നലെ സമാപിച്ച ലോകകപ്പിന് ഫിലിപ്പീൻസിനു പുറമെ ഇന്തോനേഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ആതിഥേയരായത്. 32 ടീമുകളായിരിക്കും ഖത്തറിൽ ഫൈനൽ റൗണ്ടിൽ മത്സരിക്കാനിറങ്ങുക. ഇന്നലെ നടന്ന ലോകകപ്പ് കലാശപ്പോരിൽ സെർബിയയെ കീഴടക്കി ജർമനി ലോക ചാമ്പ്യന്മാരായി, സ്കോർ (83-77).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.