ചെല്‍സി എഫ്.സി വിൽക്കാനൊരുങ്ങി അബ്രമോവിച്; വിൽപനത്തുക യുക്രെയ്നിലെ ജനങ്ങൾക്ക്
text_fieldsഇംഗ്ലീഷ് ഫുട്‌ബാള്‍ ക്ലബായ ചെല്‍സിയെ വില്‍ക്കാനൊരുങ്ങി റഷ്യന്‍ ശതകോടീശ്വരൻ റോമന്‍ അബ്രമോവിച്. യുക്രെയ്നിൽ റഷ്യയുടെ അധിനിവേശത്തെ തുടർന്നാണ് ചെൽസിയുടെ ഉടമസ്ഥൻ അബ്രമോവിച് ക്ലബ് വിൽക്കാൻ തീരുമാനിച്ചത്. വില്‍പനത്തുക റഷ്യന്‍ ആക്രമണത്തിനിരകളായ യുക്രെയ്നിലെ ജനങ്ങൾക്ക് സംഭാവന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ചാരിറ്റി ഫൗണ്ടേഷൻ സ്ഥാപിക്കാൻ തന്റെ ടീമിന് നിര്‍ദേശം നല്‍കിയതായി അബ്രമോവിച് പ്രസ്താവനയില്‍ പറഞ്ഞു. ഇരകളുടെ അടിയന്തര ആവശ്യങ്ങൾക്ക് ഫൗണ്ടേഷനിലൂടെയായിരിക്കും സഹായം ലഭ്യമാക്കുക. അതേസമയം ക്ലബിന്‍റെ വില്‍പന ധൃതിയില്‍ നടത്തില്ലെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ച് തന്നെയായിരിക്കും വില്‍പനയെന്നും അബ്രമോവിച് വ്യക്തമാക്കി.
ഇതിനിടെ അബ്രമോവിച് അടക്കമുള്ള ബ്രിട്ടനിലെ റഷ്യന്‍ കോടീശ്വരന്മാര്‍ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തണമെന്ന ആവശ്യം ബ്രിട്ടീഷ് പാര്‍ലമെന്റംഗങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. നേരത്തെ റഷ്യന്‍ ബാങ്കുകള്‍ക്കും പുടിന്‍റെ അടുത്ത ആളുകള്‍ക്കും ബ്രിട്ടണില്‍ സ്വത്തുക്കളുള്ള റഷ്യന്‍ ധനികര്‍ക്കും മേല്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉപരോധമേര്‍പ്പെടുത്തിയിരുന്നു.
2003ൽ 190 മില്യണ്‍ ഡോളറിന് സ്വന്തമാക്കിയ ചെല്‍സി കഴിഞ്ഞ 20 വര്‍ഷത്തോളമായി അബ്രമോവിചിന്റെ ഉടമസ്ഥതയിലായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ഇന്ന് മൂന്ന് ബില്യണ്‍ ഡോളറിലധികം ആസ്തിയാണ് ക്ലബിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.