മയക്കു മരുന്ന് കൈവശം വെച്ചു; യു.എസ് ബാസ്കറ്റ് ബാൾ താരത്തിന് റഷ്യയിൽ ഒമ്പതു വർഷം തടവ്
text_fieldsവാഷിങ്ടൺ: മയക്കു മരുന്ന് കൈവശം വെച്ച കേസിൽ റഷ്യയിൽ അറസ്റ്റിലായ യു.എസ് ബാസ്കറ്റ് ബാൾ താരം ബ്രിട്നി ഗ്രൈനറിന് ഒമ്പതുവർഷം തടവ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച വനിത ബാസ്കറ്റ് ബാൾ താരമെന്നു വിശേഷിപ്പിക്കപ്പെടുന്ന 31 കാരിയായ ബ്രിട്നിയെ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മയക്കു മരുന്നുമായി മോസ്കോ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തത്. തടവുശിക്ഷ കൂടാതെ കോടതി 10 ലക്ഷം റഷ്യന്‍ റൂബിള്‍ (16,7000 ഡോളര്‍) പിഴയും വിധിച്ചിട്ടുണ്ട്. വിചാരണ പൂര്‍ത്തിയായ ശേഷം വ്യാഴാഴ്ചയായിരുന്നു കോടതി വിധി പുറപ്പെടുവിച്ചത്. രണ്ടു തവണ ഒളിമ്പിക്സ് മെഡൽ നേടിയ താരമാണ് ഗ്രൈനർ.
റഷ്യയിൽ നടക്കുന്ന ക്ലബ് ബാസ്കറ്റ് ബാൾ മത്സരത്തിന് എത്തിയതായിരുന്നു ബ്രിട്നി ഗ്രൈനര്‍. കഞ്ചാവിന്റെ എണ്ണയോട് കൂടിയുള്ള വേപ്പ് കാട്രിഡ്ജുകളായിരുന്നു ഗ്രൈനര്‍ റഷ്യയിലേക്കുളള യാത്രയില്‍ കൈവശം വെച്ചത്. റഷ്യന്‍ നിയമം ലംഘിക്കാൻ ഉദ്ദേശമില്ലായിരുന്നുവെന്നു ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും ഗ്രൈനര്‍ കോടതിയോട് അപേക്ഷിച്ചു. ബാസ്കറ്റ് താരത്തിനെ ജയിലിലടച്ചത് നീതീകരിക്കാനാവില്ലെന്നും എത്രയും പെട്ടെന്ന് അവരെ മോചിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു.
ബാസ്കറ്റ് ബാൾ താരത്തെ വിട്ടയക്കാൻ റഷ്യക്ക് വലിയൊരു വാഗ്ദാനം യു.എസ് മുന്നോട്ടു വെച്ചതായും വൈറ്റ്ഹൗസ് സുരക്ഷ വക്താവ് ജോൺ കിർബി അറിയിച്ചു. എന്നാൽ കരാർ എന്താണെന്ന് വിശദീകരിക്കാൻ കിർബി തയാറായില്ല. ബാസ്കറ്റ് ബോൾ താരത്തെ മോചിപ്പിക്കുന്നതിന് പകരമായി റഷ്യൻ ആയുധക്കടത്തിന് ജയിലിലടച്ച റഷ്യൻ പൗരൻ വിക്ടർ ബൗത്തിനെ മോചിപ്പിക്കാനാണ് യു.എസിന്റെ പദ്ധതിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മരണത്തിന്റെ വ്യാപാരി എന്നറിയപ്പെടുന്ന വിക്ടറിനെ 25 വർഷം തടവിനാണ് യു.എസ് ശിക്ഷിച്ചിരിക്കുന്നത്. ബ്രിട്നിയെയും യു.എസ് നാവികനായ പോൾ വീലനെയും റഷ്യ മോചിപ്പിച്ചാൽ യു.എസ് വിക്ടറിനെ കൈമാറാനാണ് പദ്ധതിയെന്നാണ് റിപ്പോർട്ട്. യു.എസ്, ബ്രിട്ടീഷ്, കനേഡിയൻ, ഐറിഷ് പാസ്പോർട്ടുകൾ കൈവശമുള്ള വീലനെ ചാരവൃത്തിയാരോപിച്ച് റഷ്യ 16 വർഷം തടവിനാണ് ശിക്ഷിച്ചത്. 2020 മുതൽ റഷ്യൻ ജയിലിൽ കഴിയുകയാണ് വീലൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.