സൗത്ത് സോൺ ഇന്റർ യൂനിവേഴ്‌സിറ്റി ബാസ്‌ക്കറ്റ്‌ബോൾ പുരുഷ ടൂർണമെന്റ് 2023-2024 ന് തുടക്കമായി
text_fieldsതിരുവനന്തപുരം: ദക്ഷിണ മേഖല അന്തർ സർവകലാശാല ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റ് 2023-24 ഉദ്ഘാടന ചടങ്ങ് നവംബർ 13 ന് രണ്ടിന് കേരള സർവകലാശാല സെനറ്റ് ഹൗസ് ക്യാമ്പസിലെ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. കേരള സർവകലാശാലയുടെ വൈസ് ചാൻസലർ പ്രഫ.ഡോ. മോഹനൻ കുന്നുമ്മലും അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂനിവേഴ്സിറ്റി ഒബ്‌സർവർ അജിത് മോഹനും ചേർന്ന് പതാകകൾ ഉയർത്തിയതോടു കൂടി വർണാഭമായ ചടങ്ങുകൾക്ക് തുടക്കമായി.
തുടർന്ന് നടന്ന ഉദ്‌ഘാടന സമ്മേളനത്തിൽ മന്ത്രി ഡോ. ആർ. ബിന്ദു ടൂർണമെന്റ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചാൻസലർ പ്രഫ.ഡോ. മോഹനൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് അംഗവും സംഘാടക സമിതി ചെയർമാനുമായ അഡ്വ. മുരളീധരൻ സ്വാഗതം ആശംസിച്ചു. മേളയുടെ ബ്രാൻഡ് അംബാസഡറായ അർജുന അവാർഡ് ജേതാവ് ഗീതു അന്ന ജോസ് വിശിഷ്ടാതിഥിയായി പങ്കെടുത്തു.
സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ: ഷിജുഖാൻ ജെ.എസ്, പ്രഫ.പി.എം രാധാമണി രജിസ്ട്രാർ പ്രഫ.ഡോ.കെ.എസ് അനിൽകുമാർ, പ്രഫ.ഡോ.റസിയ കെ. ഐ, ഡയറക്റ്റർ ഫിസിക്കൽ എഡ്യൂക്കേഷൻ, ഓർഗനൈസിങ് സെക്രട്ടറി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, പോണ്ടിച്ചേരി, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള 106 സർവകലാശാലകളിൽ നിന്നായി 1200 കായികതാരങ്ങൾ ഈ മെഗാ കായിക മേളയിൽ പങ്കെടുക്കും.
സെനറ്റ് ഹൗസ് ക്യാമ്പസ്, പൊലീസ് സ്റ്റേഡിയം, മാർ ഇവാനിസ് കോളജ്, എൽ.എൻ.സി.പി.ഇ, കാര്യവട്ടം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. നാളെ നാല് പൂളുകളിലായി 68 മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ആതിഥേയരായ കേരള സർവകലാശാല മാർ ഇവാനിയോസ് കോളജ് സ്റ്റേഡിയത്തിൽ വച്ച് ഉച്ചക്ക് 2.30 ന് അളഗപ്പ സർവകലാശാലയെ നേരിടും. ഈ കായിക മേളയിൽ പങ്കെടുക്കുന്നതിലേക്കായി എത്തിച്ചേരുന്ന കായിക താരങ്ങളുടെയും ഉദ്യോഗസ്ഥരുടെയും താമസം, ഗതാഗതം, മെഡിക്കൽ സൗകര്യങ്ങൾ എന്നിവക്കുള്ള എല്ലാ ക്രമീകരണങ്ങളും സർവകലാശാല ഒരുക്കിയിട്ടുണ്ട്. നവംബർ 18ന് ടൂർണമെന്റ് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.