ഇഞ്ചോടിഞ്ച്; ഒടുവിൽ സ്വർണാരവം
text_fieldsനവേലിം (ഗോവ): കേരളത്തിന്റെ കനക പ്രതീക്ഷയായിരുന്ന കനകലക്ഷ്മി വെള്ളിയിലൊതുങ്ങിയപ്പോൾ ബാസ്കറ്റിൽ മാത്രം സ്വർണത്തിളക്കം. വനിതകളുടെ 5x5 ബാസ്കറ്റ്ബാളിലാണ് ശനിയാഴ്ചത്തെ കേരളത്തിന്റെ സ്വർണനേട്ടം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു കർണാടകക്കെതിരെ ബാസ്കറ്റ്ബാളിലെ മലയാളി വനിതകളുടെ വിജയാരവം. ആർ. ശ്രീകലയുടെ മിന്നുംപ്രകടനമാണ് കേരള ബാസ്കറ്റിലേക്ക് സ്വർണമെത്തിച്ചത്. ആദ്യം കർണാടക മുന്നിലെത്തിയെങ്കിലും പതറാതെ പൊരുതിയ കേരളസംഘം അധികം വൈകാതെ നേരിയ ലീഡ് സ്വന്തമാക്കി.
എന്നാൽ, മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ, സ്കോർ ഒപ്പത്തിനൊപ്പമായി (54-54). പിന്നാലെ തുടർച്ചയായി മൂന്നു പോയന്റുകൾ സ്വന്തമാക്കി കേരളം സ്വർണം തൊട്ടു (57-54). കേരള ക്യാമ്പ് ആനന്ദക്കണ്ണീരോടെ വിജയം ആഘോഷിച്ചപ്പോൾ കർണാടക പരിശീലക നിറകണ്ണുകളോടെ കോർട്ട് വിട്ടു. 29 പോയന്റുമായി മത്സരത്തിലെ ടോപ്സ്കോററായ ശ്രീകലയാണ് കർണാടക വെല്ലുവിളി അതിജീവിക്കാൻ കേരളത്തിന് കരുത്തായത്.
അനീഷ ക്ലീറ്റസ് ഒമ്പതു പോയന്റും സൂസൻ ഫ്ലോറന്റീന എട്ടു പോയന്റും നേടി. പ്രതിരോധ നിരയിൽ ചിപ്പി മാത്യുവിന്റെ പ്രകടനവും കൈയടി നേടി. ഗ്രിമ മെർലിൻ വർഗീസ്, കവിത ജോസ്, ചിപ്പി മാത്യു, നിമ്മി ജോർജ് എന്നിവരും കേരളത്തിനായി കോർട്ടിലിറങ്ങി. ജിജോ പോളാണ് കോച്ച്. കെ. ബിബിൻ അസി. കോച്ചുമാണ്.
ഇതോടെ കേരളത്തിന് മൊത്തം രണ്ടു സ്വർണമായി. വനിതകളുടെ ഫെൻസിങ് ഫോയിൽ വ്യക്തിഗത ഇനത്തിലാണ് വി.പി. കനകലക്ഷ്മിയുടെ വെള്ളിത്തിളക്കം. ഈ രണ്ടു മെഡലുകൾ മാത്രമാണ് ശനിയാഴ്ച കേരള ക്യാമ്പിലേക്കെത്തിയത്. ഗെയിംസിൽ അരങ്ങേറ്റം കുറിച്ച പെൻകാക് സിലാട്ട് ടാൻടിങ് വിഭാഗത്തിൽ (85-100 കിലോ വിഭാഗം) എം.എസ്. ആതിര ഫൈനലിൽ പ്രവേശിച്ചു. ഇതോടെ കേരളത്തിൽ ഒരു മെഡൽകൂടി ഉറപ്പായി.
വെള്ളിലക്ഷ്മി
കേരളത്തിന്റെ പ്രതീക്ഷയായിരുന്ന കനകലക്ഷ്മിക്ക് കൈയകലെ സുവർണ നഷ്ടം. വനിതകളുടെ ഫെൻസിങ് ഫോയിൽ വ്യക്തിഗത ഇനത്തിൽ കേരളത്തിന്റെ ഉറച്ച പ്രതീക്ഷയായിരുന്നു വി.പി. കനകലക്ഷ്മി. എന്നാൽ, ഫൈനലിൽ തമിഴ്നാട് താരം ജോയിസ് അജിതക്കു മുന്നിൽ കീഴടങ്ങുകയായിരുന്നു(15-13).
തമിഴ്നാട് സേലം സ്വദേശിയായ കനകലക്ഷ്മി തലശ്ശേരി സായിയുടെ രാജ്യാന്തര താരമാണ്. ഫെൻസിങ് ലോക ചാമ്പ്യൻഷിപ്, ലോക യൂനിവേഴ്സിറ്റി ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ് എന്നിവയിൽ പങ്കെടുത്തിട്ടുള്ള ഈ ഡിഗ്രിക്കാരി കഴിഞ്ഞ ദേശീയ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയിരുന്നു. സ്വർണം സ്വന്തമാക്കിയ ജോയിസും തലശ്ശേരി സായിയിലാണ് പരിശീലനം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.