സർവർ പണിമുടക്കി; റേഷൻ വാങ്ങാനാകാതെ ഉപഭോക്താക്കൾ
text_fieldsകോഴിക്കോട്: സർവർ പണിമുടക്കുന്നതുമൂലം റേഷൻ വാങ്ങാനാവാതെ ഉപഭോക്താക്കൾ. ഏറ്റവും കൂടുതൽ പേർ റേഷൻ വാങ്ങാനെത്തുന്ന രാവിലെ ഒമ്പതുമുതൽ 11.45 വരെയുള്ള സമയത്താണ് സർവർ കൂടുതലായി പണിമുടക്കുന്നത്. ഇക്കാരണത്താൽ ഉപഭോക്താക്കൾക്ക് ഇ-പോസ് സ്കാനറിൽ വിരൽ പതിച്ച് നേരിട്ട് റേഷൻ വാങ്ങാൻ കഴിയുന്നില്ല. പകരം ഒ.ടി.പി ഓപ്ഷനിലേക്ക് പോവുകയാണ്. സ്കാനറിൽ വിരൽ പതിക്കുമ്പോൾ ഒരു മിനിറ്റോളം നിശ്ചലമായി നിന്നശേഷം ഒ.ടി.പി അയക്കുന്ന ഓപ്ഷനിലേക്ക് പോകുകയാണ്.
ആധാറുമായി ലിങ്ക് ചെയ്ത ഗൃഹനാഥയുടെ മൊബൈൽ ഫോണിലേക്കായിരിക്കും ഒ.ടി.പി എത്തുക. പലപ്പോഴും റേഷൻ വാങ്ങാനെത്തുന്നവരുടെ കൈവശം ഈ ഫോൺ ഉണ്ടാകാറില്ല. ഈ നമ്പറിലേക്ക് ഒ.ടി.പി വിളിച്ചുചോദിച്ച് എന്റർ ചെയ്യുമ്പോഴേക്കും സമയം കഴിഞ്ഞിട്ടുണ്ടാകും. ഇക്കാരണത്താൽ നിരവധി ഉപഭോക്താക്കളാണ് റേഷൻ വാങ്ങാനാവാതെ തിരിച്ചുപോകുന്നത്. മാത്രമല്ല, റേഷൻ കടകളിൽ തിരക്ക് വർധിക്കുകയും ചെയ്യുന്നു. ഒ.ടി.പിയുടെ സമയം ഇപ്പോഴുള്ള ഒരുമിനിറ്റിന് പകരം രണ്ടുമിനിറ്റാക്കിയാൽ പരിധി വരെ പ്രശ്നം പരിഹരിക്കാം. തുടർച്ചയായി മൂന്നാം ദിവസമാണ് ഇങ്ങനെ റേഷൻ വിതരണം തടസ്സപ്പെടുന്നത്.
വൈകീട്ട് നാലുമുതൽ നാലരവരെ സാധാരണപോലെ റേഷൻ കൊടുക്കാൻ കഴിയുന്നുണ്ടെങ്കിലും രാവിലെ കിട്ടാതെ മടങ്ങിപ്പോയവരും വൈകുന്നേരങ്ങളിൽ എത്തുന്നതോടെ സർവർ വീണ്ടും പ്രവർത്തനരഹിതമാകും. പിന്നീട് മന്ദഗതിയിൽ ഒ.ടി.പി വഴിയാണ് വിതരണം. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആധാർ സർവറിന്റെ തകരാർ മൂലമാണ് ഈയവസ്ഥയുണ്ടാകുന്നത്. മുമ്പ് ഇതേ അവസ്ഥയിൽ റേഷൻ വിതരണം തടസ്സപ്പെട്ടപ്പോൾ ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ നേതൃത്വത്തിൽ ഹൈദരാബാദ് സന്ദർശിക്കുകയും അവിടെ ഹെൽപ് ഡെസ്ക് സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ ഹെൽപ് ഡെസ്ക് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് വ്യാപാരികൾ പരാതിപ്പെട്ടു.
നെറ്റ് വർക്ക് തകരാറുള്ളിത്ത് കൂടുതൽ കവറേജുള്ള 4ജി സിം കാർഡ് നൽകുമെന്നൊക്കെ തീരുമാനം എടുത്തിരുന്നുവെങ്കിലും ഇതൊന്നും നടപ്പായില്ല. റേഷൻ വിതരണം കാര്യക്ഷമായി നടത്താൻ നടപടിയുണ്ടാകണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.