ഫാത്തിമ പ്ലാന്റേഷൻസ്; കേസ് അവസാനിപ്പിക്കാനുള്ള ലാൻഡ് ബോർഡ് റിപ്പോർട്ട് വിവാദമാകുന്നു
text_fieldsകോഴിക്കോട്: ഫാത്തിമ പ്ലാന്റേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശമുണ്ടായിരുന്ന ഭൂമി സംബന്ധിച്ച് കൊയിലാണ്ടി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാന്റെ റിപ്പോർട്ട് വിവാദമാകുന്നു. കോഴിക്കോട് ജില്ലയിലെ കുമാരനല്ലൂർ വില്ലേജിൽ ഉണ്ടായിരുന്ന ‘ഫാത്തിമ പ്ലാന്റേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിക്കെതിരെ മിച്ചഭൂമി സംബന്ധിച്ചുള്ള പരാതിയിൽ തുടർ നടപടികളുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന ചെയർമാന്റെ റിപ്പോർട്ടാണ് വിവാദമാകുന്നത്. കൊയിലാണ്ടി താലൂക്ക് ലാൻഡ് ബോർഡ് മുമ്പാകെയുള്ള കേസ് അവസാനിപ്പിച്ച് കഴിഞ്ഞ ഡിസംബറിലാണ് ചെയർമാൻ റിപ്പോർട്ട് നൽകിയത്. പരാതിയിൽ രേഖകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നിയോഗിച്ച കൊയിലാണ്ടി ഡെപ്യൂട്ടി തഹസിൽദാറും ഓതറൈസ്ഡ് ഓഫിസറുമായ ഉദ്യോഗസ്ഥയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചെയർമാനും റിപ്പോർട്ട് നൽകിയത്. ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയിൽ വരുന്ന നിയമലംഘനങ്ങൾ മനഃപൂർവം വിട്ടുകളഞ്ഞ് റിപ്പോർട്ട് തയാറാക്കിയെന്നാണ് ആക്ഷേപം.
മിച്ചഭൂമിയിൽനിന്ന് ഇളവുവാങ്ങിയ ഭൂമി തുണ്ടംതുണ്ടമായി വിറ്റുവെന്ന പരാതിയെത്തുടർന്ന് സ്റ്റേറ്റ് ലാൻഡ് ബോർഡ് സെക്രട്ടറി 2020 ഡിസംബറിലാണ് കേസ് തുടർ നടപടിക്ക് കൊയിലാണ്ടി താലൂക്ക് ലാൻഡ് ബോർഡിന് കൈമാറിയത്.
ഇതേത്തുടർന്ന് താലൂക്ക് ലാൻഡ് ബോർഡ് ഭൂമി ഉടമകൾക്കും കക്ഷികൾക്കും നോട്ടീസ് നൽകി. ഫാത്തിമ പ്ലാന്റേഷൻ എം.ഡിയായിരുന്ന ഡിക്രൂസിന്റെ അനന്തരാവകാശികൾക്കും നോട്ടീസ് നൽകിയിരുന്നു. മിച്ചഭൂമി കേസ് 1998ൽ ഹൈകോടതി അവസാനിപ്പിച്ചതാണെന്നും അത് വീണ്ടും കേൾക്കുന്നത് തെറ്റാണെന്നും അനന്തരാവകാശി ഹാജരായി ലാൻഡ് ബോർഡ് മുമ്പാകെ വാദിച്ചു. മിച്ചഭൂമിയിൽനിന്നും പ്ലാന്റേഷൻ പരിധിയിൽനിന്നും ഒഴിവാക്കിയ ഭൂമിയാണ് ഉണ്ടായിരുന്നതെന്നും തങ്ങളുടെ കൈവശം നിലവിൽ ഭൂമിയൊന്നുമില്ലെന്നും ലാൻഡ് ബോർഡിനെ അറിയിച്ചു.
പ്ലാന്റേഷന്റെ ഭൂമി വിൽക്കുന്നതിന് 1959 നവംബറിൽ ചേർന്ന ബോർഡ് മീറ്റിങ് എം.ഡിയെ ചുമതലപ്പെടുത്തിയിരുന്നുവെന്നും അതു പ്രകാരം 1972ലും 1973ലും പ്ലാന്റേഷൻ ഭൂമി വിറ്റതായും അനന്തരാവകാശി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ രീതിയിൽ ഭൂമി വിൽപന നടത്തുന്നതിന് കേരള ഭൂപരിഷ്കരണ നിയമം എതിരല്ലെന്നാണ് ഓതറൈസ്ഡ് ഉദ്യോഗസ്ഥ റിപ്പോർട്ട് നൽകിയത്. പ്ലാന്റേഷന്റെ കൈവശമുള്ള ഭൂമി സംബന്ധിച്ച വിശദാംശങ്ങൾ പ്രമാണങ്ങളിൽതന്നെ ഉണ്ടെന്നിരിക്കെ ഇത്തരമൊരു റിപ്പോർട്ട് നൽകിയത് ഡെപ്യൂട്ടി തഹസിൽദാരുടെ അജ്ഞതയോ സ്വാധീനം കാരണമോ ആണെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.