എ.ഐ.ടി.യു.സി ദേശീയ സമ്മേളനത്തിന് ആലപ്പുഴയിൽ കൊടിയുയർന്നു
text_fieldsആലപ്പുഴ: നാലുദിവസം നീളുന്ന എ.ഐ.ടി.യു.സി ദേശീയ സമ്മേളനത്തിന് ആലപ്പുഴയിൽ കൊടിയുയർന്നു. 'തൊഴിലാളി മുന്നേറ്റത്തിലൂടെ പുതിയ ഇന്ത്യ' സന്ദേശത്തോടെ നടക്കുന്ന 42ാം ദേശീയ സമ്മേളനം മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ്. ദേശീയ ജനറൽ സെക്രട്ടറിയും മികച്ച പാർലമെന്റേറിയനുമായിരുന്ന ഗുരുദാസ് ദാസ് ഗുപ്തയുടെ പേരിലുള്ള നഗറിലാണ് പ്രതിനിധി സമ്മേളനം.
പതാക, ബാനർ, കൊടിമരം, ഛായചിത്രം, ദീപശിഖ ജാഥകൾ സംഗമിച്ചതോടെയായിരുന്നു തുടക്കം. ദേശീയ സമ്മേളന നഗറിലേക്കുള്ള ദീപശിഖ പ്രയാണം വയലാർ രക്തസാക്ഷി മണ്ഡപത്തിൽനിന്നാണ് എത്തിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. മല്ലിക നയിക്കുന്ന ബാനർ ജാഥയെ ഓച്ചിറയിൽനിന്ന് സ്വീകരിച്ചു. സംസ്ഥാന സെക്രട്ടറി വി.ബി. ബിനു നയിച്ച കൊടിമര ജാഥയെ ചാരുംമ്മൂട്ടിലും വരവേറ്റു.
വാഴൂർ സോമൻ എം.എൽ.എയുടെ നേതൃത്വത്തിൽ കൊണ്ടുവന്ന ഛായാചിത്രം തണ്ണീർമുക്കത്ത് പ്രവർത്തകർ വരവേറ്റു. എല്ലാ ജാഥകളും വൈകീട്ട് ആലപ്പുഴ ടി.വി സ്മാരക ടൗൺ ഹാളിൽ കേന്ദ്രീകരിച്ച് ഇ.എം.എസ് സ്റ്റേഡിയത്തിലേക്ക് നീങ്ങി. തുടർന്ന് ദേശീയ പ്രസിഡന്റ് രമേന്ദ്ര കുമാർ പതാക ഉയർത്തി. ജനറൽ സെക്രട്ടറി അമർജിത് കൗർ ദീപശിഖ തെളിച്ചു. തൊഴിലാളി സാംസ്‌കാരിക സമ്മേളനം ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്തു. വയലാർ ശരത്ചന്ദ്ര വർമ അധ്യക്ഷത വഹിച്ചു.
മന്ത്രി ജി.ആർ. അനിൽ വിപ്ലവഗായിക പി.കെ. മേദിനിയെ ആദരിച്ചു. ആലങ്കോട് ലീലാകൃഷ്‌ണൻ, കുരീപ്പുഴ ശ്രീകുമാർ, ടി.വി. ബാലൻ, ഇ.എം. സതീശൻ, വള്ളിക്കാവ് മോഹൻദാസ്, ഡി.പി. മധു, ആർ. അനിൽകുമാർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കാനം രാജേന്ദ്രൻ, കെ.പി. രാജേന്ദ്രൻ, ടി.ജെ. ആഞ്ചലോസ്, വി. മോഹൻദാസ്, പി.വി. സത്യനേശൻ സംബന്ധിച്ചു. ശനിയാഴ്ച രാവിലെ പത്തിന് പ്രതിനിധി സമ്മേളനം ദേശീയ ജനറൽ സെക്രട്ടറി അമർജിത് കൗർ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.