ആശ്വാസകിരണം പെൻഷൻ യഥാസമയം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: കിടപ്പുരോഗികൾക്ക് ആശ്വാസ കിരണം പദ്ധതി വഴി സർക്കാർ നൽകിവരുന്ന 600 രൂപയുടെ പ്രതിമാസ പെൻഷൻ സമയബന്ധിതവും കാര്യക്ഷമമായും വിതരണം ചെയ്യാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. വളരെ തുച്ഛമായ ധനസഹായം യഥാസമയം ലഭ്യമാക്കാത്തത് ഖേദകരമാണെന്ന് കമീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.
അംഗപരിമിതനും നിത്യരോഗിയുമായ വ്യക്തി തനിക്ക് 38 മാസമായി പെൻഷൻ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. തിരുവനന്തപുരം ജില്ലയിൽ ആശ്വസകിരണം പദ്ധതിയിൽ 2021 ജുലൈ വരെയുള്ള തുക മാത്രമാണ് നൽകിയിട്ടുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. ലൈഫ് സർട്ടിഫിക്കേറ്റ്, പുതുക്കിയ വ്യക്തി വിവരങ്ങൾ എന്നിവ ഓഫീസിൽ ലഭിക്കുന്ന മുറക്ക് ഫണ്ട് ലഭ്യതക്കനുസരിച്ച് തുടർ ധനസഹായം അനുവദിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
പരാതിക്കാരന് തുക ലഭിക്കാത്തത് സാങ്കേതിക പ്രശ്നം കാരണമാണെന്നാണ് വകുപ്പിന്റെ വാദം. ഇക്കാര്യം പരിശോധിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടർക്കാണ് നിർദ്ദേശം നൽകിയത്. കുന്നത്തുകാൽ നാറാണി സ്വദേശി കെ. ഗോപി സമർപ്പിച്ച പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.