കളമശ്ശേരി ബോംബ് ആക്രമണം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
text_fieldsകൊച്ചി: എട്ടുപേര്‍ കൊല്ലപ്പെട്ട കളമശ്ശേരി സ്ഫോടന കേസില്‍ എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിനെ ഏക പ്രതിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
സംഭവം നടന്ന് ആറ് മാസം തികയാനിരിക്കെയാണ് 3578 പേജുള്ള അന്തിമ കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥനായ കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണര്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് നല്‍കിയത്.
2023 ഒക്ടോബര്‍ 29ന് രാവിലെ 9.30ന് കളമശ്ശേരി സംറ കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയാണ് മാര്ട്ടിന് ബോംബ് സ്ഫോടനം നടത്തിയത്. യഹോവയുടെ സാക്ഷികള്‍ എന്ന പ്രസ്ഥാനത്തോടുള്ള എതിര്‍പ്പ് മൂലമാണ് സ്ഫോടനം നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ആക്രമണത്തിനിടെ ഗുരുതര പരിക്കേറ്റവര്‍ അടക്കം 294 സാക്ഷികളാണുള്ളത്.
137 തൊണ്ടിമുതലുകളും 236 രേഖകളും കുറ്റപത്രത്തിനൊപ്പം കൈമാറിയിട്ടുണ്ട്. തീവ്രവാദ ആക്രമണം നടത്തിയതിന് യു.എ.പി.എ നിയമ പ്രകാരവും സ്ഫോട വസ്തു നിയമ പ്രകാരവുമുള്ള കുറ്റങ്ങളും കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങളുമാണ് ചുമത്തിയിരിക്കുന്നത്.
2500ഓളം പേര് സമ്മേളനസ്ഥലത്തുണ്ടായിരിക്കെയാണ് പ്രതി മുന്‍കൂട്ടി ആസൂത്രണം ചെയ്തത് പ്രകാരം സ്ഫോടനം നടത്തിയത്. സംഭവദിവസം രണ്ട് പേരും തുടര്‍ന്നുള്ള ദിവസങ്ങളിൽ ആറുപേരും മരിച്ചു.
ഇടുക്കി കാളിയാര്‍ സ്വദേശിനി കുമാരി പുഷ്പന്, മലയാറ്റൂര്‍ സ്വദേശി പ്രവീണ്‍, സഹോദരി ലിബിന, മാതാവ് സാലി പ്രദീപ്, കളമശ്ശേരി സ്വദേശിനി മോളി ജോയ്, പെരുമ്പാവൂര്‍ സ്വദേശിനി ലിയോണ പൗലോസ്, തൊടുപുഴ കോടിക്കുളം സ്വദേശി ജോണ്‍, ഭാര്യ ലില്ലി ജോണ്‍ എന്നിവരാണ് മരിച്ചത്. 62 പേര്‍ക്ക് പരിക്കേറ്റു.
ഇതില്‍ 11 പേരുടെ പരിക്ക് മാരകമാണ്. ആക്രമണശേഷം പൊലീസിൽ കീഴടങ്ങിയ പ്രതി അന്നുമുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
തുടക്കം മുതല്‍ മാര്‍ട്ടിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കുറ്റകൃത്യത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
മാർട്ടിൻ സ്വയം കുറ്റം ഏറ്റെടുത്തെങ്കിലും ഇയാളുടെ വിശ്വാസപ്രമാണങ്ങളോ പശ്ചാത്തലമോ ഏതെല്ലാം സംഘടനകളുമായി ബന്ധമുണ്ടെന്നതോ പൂർവകാല ചരിത്രമോ സാമ്പത്തിക ഇടപാടുകളോ ഒന്നും അന്വേഷണവിധേയമായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.