ബജറ്റ്: വ്യവസായങ്ങൾക്ക് സഹായ പദ്ധതികളില്ല; നികുതി ചുമത്താത്തതിൽ ആശ്വാസം
text_fieldsകൊച്ചി: കാര്യമായ സഹായ പ്രഖ്യാപനങ്ങൾ ഇല്ലെങ്കിലും ബജറ്റിൽ പുതിയ നികുതി നിർദേശമോ വൈദ്യുതി നിരക്ക് വർധനവോ ഇല്ലാത്തതിൽ ആശ്വാസം പ്രകടിപ്പിച്ച് വ്യവസായ മേഖല. സാമ്പത്തിക രംഗം കോവിഡ് കടപുഴക്കിയ നാളുകളിൽ വരുമാന നഷ്ടം കുറക്കാൻ പുതിയ ബാധ്യതകൾ വ്യവസായ, വ്യാപാര മേഖലകളിൽ അടിച്ചേൽപ്പിക്കുമെന്ന ആശങ്ക ഒഴിവായി.
ബജറ്റിന് മുന്നോടിയായി നടന്ന ചർച്ചകളിൽ ഉന്നയിച്ച ആവശ്യങ്ങൾ ലോക്ഡൗൺ മാറുന്നതോടെ സർക്കാർ നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് വ്യവസായികൾ. നിർമാണ രംഗത്ത് ഒരുമാസം ഉപയോഗിക്കുന്നത് 1.15 ലക്ഷം ടൺ ഇരുമ്പാണെന്ന് കള്ളിയത്ത് സ്റ്റീൽസ് ചെയർമാൻ നൂർ മുഹമ്മദ് നൂർഷ പറഞ്ഞു. നിർമാണ രംഗം നിശ്ചലമായതോടെ ഇതുവഴി സർക്കാറിന് നികുതി നഷ്ടം മാത്രം പ്രതിമാസം 1000 കോടി വരും.
സ്റ്റീൽ നിർമാണ കമ്പനികൾക്ക് ലഭിച്ചിരുന്ന ഇൻഡസ്ട്രിയൽ ഓക്സിജനാണ് മെഡിക്കൽ മേഖലയിലേക്ക് നൽകുന്നത്. അതിനാൽ ഒരുമാസമായി ഇരുമ്പ് വ്യവസായങ്ങൾ പ്രവർത്തിക്കുന്നില്ല. അത് ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നത് പരിഗണിക്കുെമന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വ്യവസായങ്ങളുടെ ഉൽപന്നങ്ങൾ സർക്കാറിെൻറ നിർമാണ പ്രവൃത്തികളിൽ ഉപയോഗിക്കണമെന്നത് കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. ബജറ്റ് പ്രസംഗത്തിലെ ഇതുസംബന്ധിച്ച പരാമർശം പ്രതീക്ഷയാണ്. നിലവിൽ സെക്കൻഡറി വ്യവസായ ഉൽപന്നങ്ങൾ സർക്കാർ പ്രവൃത്തികൾക്ക് ഉപയോഗിക്കാറില്ല. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ, വിശാഖ്, ജെ.എസ്.ഡബ്ല്യു തുടങ്ങിയ പ്രൈമറി വ്യവസായ ശാലകൾ പ്രകൃതിയിൽനിന്ന് ഇരുമ്പയിര് സംസ്കരിച്ച് പുതിയ ഇരുമ്പ് ഉൽപാദിപ്പിക്കുന്നു. ഇവക്കാണ് സർക്കാർ നിർമാണത്തിൽ മുൻഗണന.
മുൻകാല സർക്കാർ എൻജിനീയർമാരുടെ കടുംപിടിത്തമാണ് റീസൈക്കിൾ ഉൽപന്നങ്ങൾ മാറ്റിനിർത്താൻ കാരണം. പൊലീസ് സ്റ്റേഷൻ പരിസരങ്ങളിൽ കേസിൽപെട്ട് കിടക്കുന്ന ആയിരക്കണക്കിന് വാഹനങ്ങൾ സ്ക്രാപ്പാക്കണമെന്നതും വ്യവസായികൾ ഉന്നയിക്കുന്ന ആവശ്യമാണ്. 25,000 കോടിയുടെ സ്ക്രാപ്പാണ് ഇങ്ങനെ കിടക്കുന്നത്. ഇത് സംസ്കരിക്കാൻ അനുവദിച്ചാൽ സാമ്പത്തിക രംഗത്ത് തന്നെ കുതിപ്പിന് വഴിയൊരുക്കും.
ജി.എസ്.ടി നടപ്പായിട്ടും തീർപ്പാകാത്ത വാറ്റ് കുടിശ്ശിക കേസുകൾ പരിഹരിക്കണമെന്നത് സ്വർണ വ്യാപാരികൾ ഉൾപ്പെടെ ഉന്നയിച്ച ആവശ്യമാണ്. കേരള വാറ്റ് നികുതി നിയമം സെക്ഷൻ 25എ എ നിയമ ഭേദഗതി അനുസരിച്ച് സെറ്റിൽമെൻറ് കമീഷൻ രൂപവത്കരിച്ച് 95 ശതമാനം കേസുകളും തീർപ്പാക്കാം. 2020ൽ പ്രഖ്യാപിച്ച കുടിശ്ശിക ആംനസ്റ്റി (പൊതുമാപ്പ്) പ്രകാരം കുറഞ്ഞത് ഒരുതവണെയങ്കിലും കുടിശ്ശിക അടച്ചവർക്ക് ഏറ്റവും പഴയ കുടിശ്ശികയിലേക്കുള്ള നികുതിയെ അടവായി ക്രമീകരിക്കുമെന്ന് ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.