സംസ്ഥാനത്ത് 5ജി നെറ്റ്‍വർക്കുകൾ ശക്തിപ്പെടുത്തും; നാലിടങ്ങളിൽ വിപുലീകൃത ഐ.ടി ഇടനാഴികൾ
text_fieldsതിരുവനന്തപുരം: 5ജി നെറ്റ്‍വർക്കുകൾ വ്യാപിപ്പിക്കാനായി ബജറ്റിൽ 5ജി ലീഡർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. 5ജി വരുന്നതോടെ മെച്ചപ്പെട്ട സേവനങ്ങളാണ് ലഭ്യമാവുകയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
2022ലെ കേന്ദ്ര ബജറ്റിൽ 5ജി നെറ്റ്‍വർക്കുകൾ വ്യാപിപ്പിക്കാൻ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. 5ജി സംവിധാനം സംസ്ഥാനത്ത് കൊണ്ടുവരാനും നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ ലോകത്തിന്റെ മുൻനിരയിൽ എത്താനുള്ള സവിശേഷതകൾ കേരളത്തിനുണ്ട്.
ആഗോള തലത്തിൽ നടക്കുന്ന 5ജി വിപ്ലവത്തിൽ മുൻനിര സംസ്ഥാനമായി മാറാൻ കേരളം ലക്ഷ്യമിടുന്നു. 5ജി ടവറുകളെ ബന്ധിപ്പിക്കാൻ കെ-ഫോൺ അടിസ്ഥാന സൗകര്യങ്ങളെ ബന്ധിപ്പിക്കും.
കെ-ഫോൺ ഉപഭോക്താക്കൾക്കായി പ്രത്യേക വിലനിർണയം കൊണ്ടുവരിക, ടവർ അടിസ്ഥാന സൗകര്യങ്ങൾ സുഗമമാക്കുക, മിതമായി നിരക്കിൽ വൈദ്യുതി ലഭിക്കുക, ടവറുകൾക്കായി സർക്കാർ, സ്വകാര്യ കെട്ടിടങ്ങൾ ഉപയോഗപ്പെടുത്തുക എന്നീ ആവശ്യങ്ങൾക്കായി പ്രത്യേക പാക്കേജ് കൊണ്ടുവരും.
5ജി ലീഡർഷിപ്പ് പദ്ധതി നടപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കും. തെരഞ്ഞെടുത്ത ഇടനാഴികളിലാണ് കേരളത്തിൽ ആദ്യമായി 5ജി ലീഡർഷിപ്പ് പദ്ധതി ആരംഭിക്കുക. തിരുവനന്തപുരം-കൊല്ലം, എറണാകുളം - കൊരട്ടി, എറണാകുളം - ചേർത്തല, കോഴിക്കോട് - കണ്ണൂർ എന്നിവിടങ്ങളിലാണ് വിപുലീകൃത ഐ.ടി. ഇടനാഴി പദ്ധതി വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.