ഓരോ പഞ്ചായത്തിലും ഓരോ ഡെസ്റ്റിനേഷൻ; ക്രൂയിസ് ടൂറിസത്തിന് അഞ്ച് കോടി
text_fieldsതിരുവനന്തപുരം: ഓരോ പഞ്ചായത്തിലും ഓരോ ഡെസ്റ്റിനേഷൻ എന്ന പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കോവിഡ് മഹാമാരി ടൂറിസം മേഖലയിൽ വലിയ തോതിലുള്ള തകർച്ചയാണ് സൃഷ്ടിച്ചത്. ടൂറിസം വീണ്ടും സജീവമാക്കാനും അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനുമുള്ള നടപടി സ്വീകരിച്ചുവരികയാണ്.
ടൂറിസം മേഖലയിലെ ചെറുകിട ഇടത്തരം പദ്ധതികൾക്കായി പലിശ കുറഞ്ഞ ലോണുകളും റിവോൾവിംഗ് ഫണ്ടും ഏർപ്പെടുത്തി. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ബയോ ഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ട്, ലിറ്ററി സർക്യൂട്ട് ടൂറിസം എന്നിവ നടപ്പാക്കാനുള്ള പദ്ധതികൾ ആരംഭിക്കാൻ കഴിഞ്ഞുവെന്നും ധനമന്ത്രി ബാലഗോപാൽ പറഞ്ഞു.
വിനോദ സഞ്ചാര ഹബ്ബുകൾ, ഡെസ്റ്റിനേഷൻ ചലഞ്ച് പോലെയുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ 362.15 കോടി രൂപ നീക്കിവെച്ചു. ഇത് മുൻ വർഷത്തേതിനേക്കാൾ 42 കോടി രൂപ അധികമാണ്. പരിസ്ഥിതി സൗഹൃദവും സ്വയം പര്യാപ്തവുമായ 25 ടൂറിസം ഹബ്ബുകൾ അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് സജ്ജമാക്കും. വിനോദ സഞ്ചാര മേഖലയുടെ വിപണന തന്ത്രങ്ങൾ രൂപപ്പെടുത്താനും മറ്റു പ്രചാരണ പ്രവർത്തനങ്ങൾക്കുമായി 81 കോടി രൂപ അനുവദിച്ചു.
ടൂറിസം മേഖലയിലെ പരിശീലന പ്രവർത്തനങ്ങൾക്കായി 29.3 കോടി രൂപ വകയിരുത്തും. ഒരു പഞ്ചായത്ത് - ഒരു ഡെസ്റ്റിനേഷൻ പദ്ധതി, ടൂറിസം മേഖലയിലേക്ക് സ്വകാര്യ സംരംഭകരെ ആകർഷിക്കാനുള്ള വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ്, നിലവിലെ ഡെസ്റ്റിനേഷനുകളുടെയും ഉൽപ്പന്നങ്ങളുടെയും നവീകരണവും പുനരുജ്ജീവനവും തുടങ്ങിയ പദ്ധതികൾക്കായി 132.14 കോടി രൂപ വകയിരുത്തും.
ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനും വികസനത്തിനുമായി 1000 കോടി രൂപയുടെ വായ്പകൾ ലഭ്യമാക്കാൻ പദ്ധതി തയാറാക്കും. പലിശ ഇളവ് നൽകാൻ 20 കോടി രൂപ വകയിരുത്തി.
കേരളത്തിന്റെ തനത് ടൂറിസം ആകർഷകമായ വള്ളംകളി വീണ്ടും സജീവമാകുകയാണ്. വള്ളം കളിയെ ലോകേത്തര കായിക ഇനമായി പരിവർത്തനം ചെയ്യാൻ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മാതൃകയിൽ വിഭാവനം ചെയ്ത ചാമ്പ്യൻസ് ബോട്ട് ലീഗ് 12 സ്ഥലങ്ങളിൽ നടത്താൻ 15 കോടി രൂപ വകയിരുത്തി.
പുതിയ ടൂറിസ്റ്റുകളെ ആകർഷിക്കാനായി കാരവൻ ടൂറിസം പോലെയുള്ള പദ്ധതികൾ ആരംഭിച്ചുകഴിഞ്ഞു. കാരവൻ പാർക്കുകൾ ആരംഭിക്കാനും അവിടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും അഞ്ച് കോടി രൂപ വകയിരുത്തും.
തീർത്ഥാടന ടൂറിസം സർക്യൂട്ടുകൾ ശക്തിപ്പെടുത്തും. ശബരിമല, അച്ചൻകോവിൽ ആര്യങ്കാവ്, കുളത്തുപ്പുഴ, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂർ, എരുമേലി സർക്യൂട്ടിനാവശ്യമായ വിപുല പദ്ധതികൾ തയാറാക്കും.
കരയും കാടും കായലും ടൂറിസം പദ്ധതികളിൽ സജീവമായി ഉൾപ്പെടുന്നുണ്ട്. എന്നാൽ, ബീച്ച് ടൂറിസത്തിനപ്പുറം സമുദ്രയാത്രകൾ കൂടി നമ്മുടെ ടൂറിസം പദ്ധതികളിൽ പ്രാധാന്യത്തോടെ ഉൾപ്പെടുത്തേണ്ടതുണ്ട്. കോവളം, കൊല്ലം, കൊച്ചി, ബേപ്പൂർ, മംഗലാപുരം, ഗോവ എന്നീ പ്രദേശങ്ങളെ കോർത്തിണക്കി ക്രൂയിസം ടൂറിസം ആരംഭിക്കുന്നത് ടൂറിസം മേഖലക്ക് വലിയ ഉണർവുണ്ടാകും. ഈ പദ്ധതിക്കായി അഞ്ച് കോടി രൂപയും അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.