കൈയടി കുറച്ചു; ഭാവിക്ക് ഊന്നൽ
text_fieldsതിരുവനന്തപുരം: കൈയടി കിട്ടുന്ന പ്രഖ്യാപനങ്ങൾക്കുപകരം ഭാവി വികസനത്തിന് ഊന്നൽ നൽകുന്നതാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ്.
സംസ്ഥാനത്തിന്റെ വളർച്ച നിരക്ക് മൈനസിലേക്ക് താഴ്ന്നുപോയ അതി ഗുരുതര സാമ്പത്തിക സ്ഥിതിയിൽ വാരിക്കോരി ഇളവ് നൽകുന്ന സമീപനം ധനമന്ത്രി സ്വീകരിച്ചില്ല. വ്യാപക നികുതി വർധനയുണ്ടായില്ലെങ്കിലും ഭൂമി, വാഹനം എന്നിവയിൽ കൈവെച്ച മന്ത്രി 602 കോടിയുടെ അധിക ബാധ്യത അടിച്ചേൽപിച്ചു. അതിന്റെ പ്രയാസം കോവിഡ് കാലത്ത് ജനം അനുഭവിക്കേണ്ടിവരും. തെരഞ്ഞെടുപ്പുകൾ ആസന്നമല്ലാതിരിക്കെ, ഇത് പ്രതീക്ഷിച്ചതുമാണ്.
വരുമാന വർധനക്ക് അനവധി നിർദേശങ്ങളടങ്ങിയ റിപ്പോർട്ടുകൾ ധനവകുപ്പിന്റെ അലമാരയിലുണ്ടായിരുന്നെങ്കിലും അതിജീവനകാലമായതിനാൽ അതൊന്നും ധനമന്ത്രി പൊടിതട്ടിയെടുത്തില്ല. പ്രതിസന്ധി കാലത്ത് സാധാരണ കൈവെക്കുന്ന മദ്യം, ഇന്ധനം, പുകയില എന്നിവയിൽനിന്ന് വരുമാന വർധനക്ക് ശ്രമമുണ്ടായില്ല. സർക്കാർ ഭൂമികളുടെ പാട്ടം വർധിപ്പിക്കലടക്കം അനവധി നിർദേശങ്ങൾ വേറെയുമുണ്ടായിരുന്നു. കാലിയടിക്കുന്ന ഖജനാവിനെ ആശ്രയിക്കുന്നതിനുപകരം വരും വർഷങ്ങളിലും വികസന പദ്ധതികൾക്ക് കിഫ്ബി തന്നെയാണ് ആശ്രയം. ഈ ബജറ്റിലും പുതിയ പദ്ധതികൾക്കേറെയും പണം മുടക്കുക കിഫ്ബി തന്നെ.
പതിവു പോലെ പദ്ധതി പ്രഖ്യാപനങ്ങളേറെയുണ്ട് ബജറ്റിൽ. കേൾക്കാൻ ഇമ്പമുള്ള പേരുകളും. പ്രഖ്യാപിക്കുന്ന പദ്ധതികൾ പ്രവൃത്തിപഥത്തിലെത്തുന്നില്ല എന്ന വിമർശനം വസ്തുതയാണ്. സാമ്പത്തിക വർഷാവസാനത്തെ തട്ടിക്കൂട്ടിനപ്പുറത്തേക്ക് നടപ്പാക്കൽ ഫലപ്രദമാകുന്നില്ല. പദ്ധതികൾ പലപ്പോഴും ആവർത്തിച്ചുവരുന്നുണ്ട്. കഴിഞ്ഞ ബജറ്റിലെ ചിലത് ഇക്കുറിയും ഇടംപിടിച്ചു. വികസന കാഴ്ചപ്പാടുകളിൽ സുപ്രധാന മാറ്റം നിർദേശിക്കുന്ന പാർട്ടി നയരേഖയുടെ പ്രതിഫലനങ്ങൾ ബജറ്റിൽ കാണാം.
തോട്ട പരിധിയിലേക്ക് കൂടുതൽ വിളകളെ കൊണ്ടുവരുമെന്ന പ്രഖ്യാപനം നടപ്പാകാൻ ഭൂപരിഷ്കരണ നിയമത്തിൽ മാറ്റം വേണം. നിലവിൽ ടൂറിസം പദ്ധതികൾക്ക് തോട്ടഭൂമി ഉപയോഗപ്പെടുത്താൻ അനുമതിയുണ്ട്. കൂടുതൽ കാര്യങ്ങൾക്ക് അനുമതി വേണമെന്നാണ് തോട്ടം ഉടമകളുടെ ആവശ്യം. ഭൂപരിഷ്കരണ നിയമം വരുമ്പോൾ വിളകളിൽ വരുന്ന മാറ്റത്തിനപ്പുറത്തേക്ക് പോകാനാണ് സാധ്യത. സ്വകാര്യ വ്യവസായ പാർക്കുകൾ എന്ന സുപ്രധാന മാറ്റത്തിലേക്കും സംസ്ഥാനം പോകുന്നു. ഉന്നത വിഭ്യാസ മേഖലയിൽ സുപ്രധാന മാറ്റമാണ് നിർദേശിക്കുന്നത്. തൊഴിൽ മേഖലയുമായി വിദ്യാഭ്യാസത്തെ ബന്ധിപ്പിക്കാനാണ് നടപടികൾ. കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്ന മേഖലകൾക്കാണ് ഊന്നൽ. പല പ്രഖ്യാപനങ്ങളും യുവാക്കൾക്ക് പ്രതീക്ഷ പകരുന്നതാണ്.
സാമ്പത്തിക നിലയും വളർച്ച നിരക്കും ആശങ്ക സൃഷ്ടിക്കുകയാണ്. 2022ലെ സാമ്പത്തികാവലോകനം ഇതിന്റെ രൂക്ഷത വരച്ചുകാട്ടുന്നു. അടുത്ത നാലു വർഷം കൊണ്ട് കടം നാലരലക്ഷം കോടിയിലെത്തുമെന്നാണ് മധ്യകാല സാമ്പത്തിക നയം വ്യക്തമാക്കുന്നത്. മൂന്നു വർഷം കൊണ്ട് ഒന്നേകാൽ ലക്ഷം കോടിയുടെ വർധന.
കടത്തിൽനിന്ന് കടത്തിലേക്കാണ് പോക്ക്. ഇക്കൊല്ലം 3.33 ലക്ഷം കോടിയാണ് പൊതുകടം. 24-25 ആകുമ്പോൾ 455727.77 കോടിയായി ഉയരും. കടപരിപാലന ചെലവ് 28961 കോടിയായി 24-25ൽ ഉയരും. ശമ്പളം, പെൻഷൻ, പലിശ ഇനങ്ങളിൽ വരുന്ന ചെലവ് ഇക്കൊല്ലത്തെ 93480.16 കോടിയിൽനിന്ന് 115306.45 കോടിയായാണ് ഉയരുക. ആഭ്യന്തര ഉൽപാദനം, നികുതി വരുമാനം, കേന്ദ്ര വിഹിതം എന്നിവയിൽ വർധന പ്രതീക്ഷിക്കുന്നു. ശമ്പള-പെൻഷൻ പരിഷ്കരണത്തിന്റെ അധിക ബാധ്യത വരുംവർഷങ്ങളിലെ ബജറ്റുകളെയും ബാധിക്കുമെന്നുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.