നെല്ലിന്‍റെ താങ്ങുവില കൂട്ടി, റബർ സബ്സിഡിക്ക് 500 കോടി
text_fieldsതിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്‍റെ ആദ്യ സമ്പൂർണ ബജറ്റിൽ നെല്ലിന്‍റെ താങ്ങുവില കൂട്ടി. കിലോക്ക് 28.30 രൂപയായാണ് താങ്ങുവില ഉയർത്തിയത്. നെൽകൃഷി വികസനത്തിന് 76 കോടിയും പച്ചക്കറി കൃഷി പ്രോത്സാഹനത്തിന് 25 കോടിയും മലയോര മേഖലകളിൽ കോൾഡ് സ്റ്റോറേജ് ചെയിൻ സ്ഥാപിക്കാൻ 10 കോടിയും റബർ സബ്സിഡിക്ക് 500 കോടിയും സർക്കാർ ബജറ്റിൽ അനുവദിച്ചു.
സംസ്ഥാനത്ത് റംബൂട്ടാൻ, ലിച്ചി, അവക്കാഡോ, മാംഗോസ്റ്റീൻ എന്നിവയുടെ കൃഷി വ്യാപിപ്പിക്കും. മൂല്യവർധിത ഉൽപന്നങ്ങളുടെ മാർക്കറ്റിങ്ങിന് സിയാൽ മാത്യകയിൽ കമ്പനി രൂപീകരിക്കും. ഭൂപരിഷ്ക്കരണ ലക്ഷ്യങ്ങൾ ബാധിക്കാതെ തോട്ടഭൂമിയിൽ പുതിയ വിളകൾ പരീക്ഷിക്കും. ചക്ക ഉൽപന്നങ്ങളുടെ വൈവിധ്യവത്കരണത്തിനും വിപണനത്തിനും പിന്തുണ നൽകും.
അഗ്രി ടെക് ഫെസിലിറ്റി സെന്‍റർ സ്ഥാപിക്കാനായി 175 കോടിയും സംസ്ഥാനത്ത് 10 മിനി ഫുഡ് പാർക്കുകൾ സ്ഥാപിക്കാൻ 100 കോടിയും ബജറ്റിൽ വകയിരുത്തി. കാഷ്യൂ വികസന കോർപറേഷന് 6 കോടിയും കാപ്പക്സിന് 4 കോടിയും കാഷ്യു കൾട്ടിവേഷന് 7.5 കോടിയും കാഷ്യു ബോർഡി 7.8 കോടിയും കശുവണ്ടി വ്യവസായത്തിലെ വിവിധ പദ്ധതികൾക്കായി 30 കോടിയും ബജറ്റിൽ തുക അനുവദിച്ചു.
പുതിയ വിളകൾ പരീക്ഷിക്കുവനായി തോട്ടം ഭൂമി നിയമം പരിഷ്കരിക്കും. വൈനും മറ്റു ചെറുലഹരി പാനീയങ്ങളും പഴവർഗങ്ങളിൽ നിന്നും ഉൽപാദിപ്പിക്കാൻ എക്സൈസ് വകുപ്പിന് പദ്ധതിയുണ്ട്. തിരുവല്ലയിലും ചിറ്റൂരിലും ഷുഗർ ഫാക്ടറികൾ സ്ഥാപിക്കും. പൗൾട്രി വികസനത്തിന് ഏഴര കോടിയും മലപ്പുറം മൂർക്കനാട്ടെ പാൽപ്പൊടി നിർമാണ കേന്ദ്രത്തിന്‍റെ നിർമാണം ഈ വർഷം പൂർത്തിയാക്കുമെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.