സമ്പന്നരെ കൂടുതൽ സമ്പന്നരാക്കുന്ന നയം ഏറ്റവും ക്രൂരമായി ഇന്ത്യയിൽ നടപ്പാക്കി; കേന്ദ്രത്തിന് ബജറ്റിൽ രൂക്ഷ വിമർശനം
text_fieldsതിരുവനന്തപുരം: കേന്ദ്ര സർക്കാറിനും കേന്ദ്ര ബജറ്റിനുമെതിരെ സംസ്ഥാന ബജറ്റില്‍ വിമർശനം. കേന്ദ്ര ബജറ്റ് നിരാശാജനകമായിരുന്നെന്നും രാജ്യത്ത് അസമത്വം വർധിപ്പിക്കുന്നെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വിമര്‍ശിച്ചു. പൊതുമേഖലയെ കേന്ദ്ര സര്‍ക്കാര്‍ വിറ്റഴിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയ ധനമന്ത്രി പരോക്ഷ നികുതി കൂട്ടി കേന്ദ്രം ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും കുറ്റപ്പെടുത്തി. കോവിഡ് കാലത്തും ഭരണകൂടം കോർപറേറ്റ് പ്രീണന നയമാണ് സ്വീകരിച്ചത്. മഹാമാരിക്കാലത്ത് കോർപറേറ്റുകളുടെ ലാഭം റെക്കോർഡ് നേട്ടത്തിലെത്തി. സമ്പന്നരെ കൂടുതൽ സമ്പന്നരാക്കുകയും ദരിദ്രനെ കൂടുതൽ ദരിദ്രനാക്കുകയും ചെയ്യുന്ന നയം ഏറ്റവും ക്രൂരമായി നടപ്പിലാക്കപ്പെട്ട രാജ്യം ഇന്ത്യയാണ് -മന്ത്രി ചൂണ്ടിക്കാട്ടി.
കോവിഡ് കാലത്ത് സമ്പദ്ഘടനയിലുണ്ടായ നഷ്ടവും തിരിച്ചടിയും പരിഹരിക്കാൻ ഇടപെടലുകളുണ്ടായേ മതിയാകൂ. ജനങ്ങളുടെ കൈയിൽ കൂടുതൽ പണമെത്തിച്ച് സമ്പദ്ഘടനയിൽ ഡിമാൻഡ് വർധിപ്പിക്കണം. അസമത്വം ലഘൂകരിക്കണം. ചെറുകിട വ്യവസായങ്ങളെ സഹായിക്കണം. പശ്ചാത്തല മേഖലയിൽ പരമാവധി നിക്ഷേപം ഉണ്ടാകണം. എന്നാൽ, ധനകാര്യ യാഥാസ്ഥിതികത്വം തലക്കുപിടിച്ച കേന്ദ്ര സർക്കാർ അതിനൊന്നും തയാറാകുന്നില്ല.
2022-23ലേക്കുള്ള കേന്ദ്ര ബജറ്റ് അത്രമേൽ നിരാശജനകമായിരുന്നു. അസമത്വം ഇത്ര വർധിച്ചിട്ടും വരുമാന നികുതി, കോർപറേറ്റ് നികുതി, സ്വത്ത് നികുതി എന്നിവ വർധിപ്പിക്കാൻ കേന്ദ്രം തയാറാകുന്നില്ല. പെട്രോളിയം ഉൽപ്പന്നങ്ങളുടെ സർചാർജ് ഉൾപ്പെടെ സാധാരണക്കാരെ ബാധിക്കുന്ന നികുതികൾ വർധിപ്പിച്ച് ധനക്കമ്മി കുറയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. എൽ.ഐ.സി ഉൾപ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളെ വിൽക്കുകയാണ്. സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ കേന്ദ്രം ഇടപെടുന്നില്ലെന്ന് മാത്രമല്ല സംസ്ഥാനങ്ങളെ ഇടപെടുന്നതിൽ നിന്ന് വിലക്കുകയുമാണ് -മന്ത്രി ബാലഗോപാൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.