കേരളത്തിലെ ജനങ്ങളെ നിരാശരാക്കിയ ബജറ്റ് -കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് കേരളത്തിലെ ജനങ്ങളെ നിരാശരാക്കിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സാധാരണക്കാർക്ക് ഇളവുകൾ ഇല്ലാതെ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുകയാണ് ധനമന്ത്രി ചെയ്യുന്നത്.
തൊഴിലവസരങ്ങൾ ഒന്നും സൃഷ്ടിക്കാതെ തൊഴിൽരഹിതരെ കൂടുതൽ അവഗണിക്കുകയാണ് ബജറ്റെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സ്ത്രികൾക്കും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും കേന്ദ്ര പദ്ധതികൾ അല്ലാതെ കേരളത്തിന്റെ വക ഒന്നുമില്ല. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് കേന്ദ്രം കുറച്ച നികതി ഇളവ് സംസ്ഥാനം നൽകിയിരുന്നുവെങ്കിൽ വില വർധനവ് ഉണ്ടാകുമായിരുന്നു.
ജി.എസ്.ടി നടപ്പാക്കുന്നതിലെ വീഴ്ചയുടെ ഭവിഷ്യത്താണ് ഇപ്പോൾ സംസ്ഥാനം അനുഭവിക്കുന്നത്. ജി.എസ്.ടിയെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി എതിർത്ത സംസ്ഥാനം തെറ്റ് തുറന്ന് സമ്മതിക്കാൻ തയാറാവണം. എല്ലാ സംസ്ഥാനങ്ങളും ജി.എസ്.ടി വരുമാനം വർധിപ്പിച്ചപ്പോൾ കേരളം കേന്ദ്ര വിരുദ്ധ പ്രസ്താവന നടത്തി നടന്നു.
കേന്ദ്ര ബജറ്റിന്റെ പുനർവായന മാത്രമാണ് സംസ്ഥാന ബജറ്റെന്ന് സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര പദ്ധതികൾ മാത്രമാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. ബജറ്റിൽ 90 ശതമാനവും കേന്ദ്ര വിഹിതം ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചത്.
എന്നിട്ടും കേന്ദ്രം കേരള വികസനത്തിന് എതിര് നിൽക്കുന്നുവെന്ന് ധനമന്ത്രി പറയുന്നത് വിചിത്രമാണ്. റോഡ് വികസനവും ആരോഗ്യ മേഖലയിൽ മെഡിക്കൽ കോളജുകളുടെ അഡീഷണൽ ബ്ലോക്ക് പണിയുന്നതും പൂർണമായും കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ്. കോവിഡ് പ്രതിരോധത്തിന്റെ 90 ശതമാനവും കേന്ദ്രമാണ് വഹിക്കുന്നത്.
വിദ്യാഭ്യാസമേഖലയിലെ പരിഷകരണങ്ങൾക്ക് പ്രതിവർഷം 1000 കോടി കേന്ദ്രം കൊടുക്കുന്നുണ്ട്. ഉൾനാടൻ ജലഗതാഗതം പദ്ധതിയുടെ ഫണ്ടും കേന്ദ്രത്തിന്റേതാണ്. കേന്ദ്ര ഫണ്ട് കൊണ്ട് മാത്രം പ്രവർത്തിക്കുന്ന സർക്കാറാണ് കേരളത്തിലുള്ളത്.
വലിയ വികസന മുരടിപ്പാണ് കേരളം നേരിടുന്നത്. കടക്കെണിയിൽനിന്നും അടുത്ത കാലത്തൊന്നും കേരളം രക്ഷപ്പെടില്ലെന്ന് ഉറപ്പായി. വില വർധനവ് തടയാൻ പ്രത്യേക ഫണ്ട് എന്നത് തട്ടിപ്പാണ്. ഇത് തോമസ് ഐസ്ക് ഡാമിൽനിന്ന് മണൽ വാരി 2000 കോടി ഉണ്ടാക്കിയ പോലത്തെ മണ്ടത്തമാണ്.
ഇലക്ട്രിക് വാഹനങ്ങളുടെ നികുതി മറ്റ് സംസ്ഥാനങ്ങൾ വേണ്ടന്ന് വെക്കുമ്പോൾ ഇവിടെ പഴയ വാഹനങ്ങൾക്ക് ഹരിതനികുതി ഏർപ്പെടുത്തിയത് ഇന്ധന നികുതിയുടെ പേരിൽ ജനങ്ങളെ കൊള്ളയടിക്കാനാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.