മുദ്ര ലോൺ 20 ലക്ഷമാക്കി ഉയർത്തി; ആർക്കൊക്കെ ലഭിക്കും, എങ്ങിനെ അപേക്ഷിക്കാം...
text_fieldsന്യൂഡൽഹി: സംരംഭകർക്ക് കേന്ദ്രസർക്കാർ ആവിഷ്‍കരിച്ച മുദ്ര ലോണിന്റെ വായ്പാ പരിധി ഉയർത്തി. 10 ലക്ഷം രൂപയിൽനിന്ന് 20 ലക്ഷം രൂപയായി ഉയർത്തുമെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് ബജറ്റിൽ പ്രഖ്യാപിച്ചത്. മുദ്രയുടെ ‘തരുൺ’ വിഭാഗത്തിലാണ് ഈ തുക ലഭിക്കുക.
നിലവിലുള്ള വായ്പകളെല്ലാം അടച്ചു തീർത്തവർക്കാണ് മുദ്ര വായ്പ ലഭിക്കുക. യുവാക്കളിൽ സ്വാശ്രയത്വവും സംരംഭകത്വവും വളർത്തുക എന്ന ലക്ഷ്യത്തോടെ 2015ലാണ് പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ) ആരംഭിച്ചത്. പൊതുമേഖലാ ബാങ്കുകൾ, പ്രാദേശിക റൂറൽ ബാങ്കുകൾ, കോഓപറേറ്റിവ് ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ തുടങ്ങിയവയിൽനിന്ന് മുദ്ര ലോൺ ലഭിക്കും. വിവിധ ബാങ്കുകൾ വ്യത്യസ്ത പലിശ നിരക്കുകളാണ് ഈടാക്കുന്നത്.
മുദ്ര ലോൺ മൂന്നുതരം:
ശിശു, കിഷോർ, തരുൺ എന്നിങ്ങനെ മൂന്ന് തരം ലോണുകളാണ് മുദ്ര പദ്ധതിക്ക് കീഴിലുള്ളത്. നിലവിൽ ശിശുവിൽ 50000 രൂപ, കിഷോറിൽ 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ, തരുണിൽ 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയാണ് വായ്പ നൽകുന്നത്. ഇന്നത്തെ പ്രഖ്യാപനത്തോടെ തരുൺ പദ്ധതിയുടെ പരിധി 10 ലക്ഷത്തിൽനിന്ന് 20 ലക്ഷമായി ഉയർത്തി. മറ്റു വിഭാഗങ്ങൾക്കും സ്വാഭാവിക വർധനവുണ്ടാകും.
കൃഷി ഒഴികെയുള്ള ആവശ്യങ്ങൾക്ക് മാത്രമേ മുദ്രാ ലോൺ നൽകുകയുള്ളു. ഓട്ടോറിക്ഷ, ചെറിയ ഗുഡ്‌സ് വെഹിക്കിൾ, ടാക്‌സി കാർ എന്നിവ വാങ്ങുന്നതിന് മുദ്രാ ലോൺ ഉപയോഗിക്കാം. ഇതിന് പുറമെ ബാർ, സലൂൺ, ജിം, ബുട്ടീക്ക്, തയ്യൽ കട, ബൈക്ക് റിപ്പയർ ഷോപ്പ്, ഡിടിപി, ഫോട്ടോകോപ്പി കട, മരുന്ന് കട, കൊറിയർ സർവിസ്, ഡ്രൈ ക്ലീനിംഗ് എന്നിവയ്ക്കും മുദ്രാ ലോൺ ഉപയോഗിക്കാം.
ലോൺ ലഭിക്കാനുള്ള മാനദണ്ഡങ്ങൾ:
1.അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം.
2. മുൻ വായ്പകളിൽ വീഴ്ചയുണ്ടായിരിക്കരുത്.
3. കോർപറേറ്റ് സ്ഥാപനമായിരിക്കരുത്
4. അപേക്ഷകന് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.
5. അപേക്ഷകന് 18 വയസ് തികയണം
ആവശ്യമായ രേഖകൾ:
വോട്ടർ ഐഡി കാർഡ്/ ഡ്രൈവിംഗ് ലൈസൻസ് / പാൻ കാർഡ് / ആധാർ കാർഡ് / പാസ്‌പോർട്ട് / എന്നിവയിലേതെങ്കിലും ഒന്നിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി.
രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ
മെഷീനുകളുടെ കൊട്ടേഷൻ
വ്യവസായത്തിന് ആവശ്യമായ രിജ്‌സ്‌ട്രേഷനും ലൈസൻസുകളുടേയും കോപ്പി.
എസ് സി/ എസ്ടി / ഒബിസി/ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവ തെളിയിക്കാനുള്ള കോപ്പി.
മുദ്രാ ലോണിന് എങ്ങനെ അപേക്ഷിക്കാം?
1. മുദ്ര യോജനയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
2. ആവശ്യകത അടിസ്ഥാനമാക്കി ലോൺ വിഭാഗം (ശിശു, കിഷോർ അല്ലെങ്കിൽ തരുൺ) തിരഞ്ഞെടുക്കുക.
3. വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പ്രിൻറ് ചെയ്യുക.
4. അപേക്ഷാ ഫോം കൃത്യമായി പൂരിപ്പിച്ച് ആധാർ കാർഡ്, പാൻ കാർഡ്, സ്ഥിരവും ബിസിനസ്സ് വിലാസവും തെളിയിക്കുന്ന തെളിവുകൾ, ആദായനികുതി റിട്ടേൺ പകർപ്പുകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ എന്നിവ അറ്റാച്ചുചെയ്യുക.
5. പൂരിപ്പിച്ച അപേക്ഷാ ഫോം നിങ്ങളുടെ അടുത്തുള്ള ബാങ്കിൽ സമർപ്പിക്കുക.
6. ബാങ്ക് അപേക്ഷ പരിശോധിച്ച് അർഹമെങ്കിൽ ഒരു മാസത്തിനുള്ളിൽ വായ്പ അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.