ബജറ്റ്: റബർ മേഖലക്ക് നിരാശ
text_fieldsസി.എ.എം. കരീം
കോട്ടയം: കേന്ദ്ര ബജറ്റിൽ കാർഷിക മേഖലക്ക് കോടികളുടെ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും കേരളത്തിന് കനത്ത നിരാശ. റബർ ബോർഡിനെയും കർഷകരെയും ബജറ്റിൽ പൂർണമായി അവഗണിച്ചെന്ന ആക്ഷേപം ശക്തമാണ്. 12 ലക്ഷത്തിലധികം വരുന്ന ചെറുകിട റബർ കർഷകരെ നിരാശയിലാക്കിയ ബജറ്റ് ചെറുകിട റബറധിഷ്ഠിത വ്യവസായങ്ങളെയും അവഗണിച്ചു. റബറിനെ കാർഷിക ഉൽപന്നമാക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. ഇറക്കുമതി നിയന്ത്രിക്കുമെന്ന പ്രഖ്യാപനവും ജലരേഖയായി. റബർ, ടീ, കോഫി, സ്പൈസസ് ബോർഡുകൾക്കുള്ള ബജറ്റ് വിഹിതം ഇത്തവണ പരിമിതമായി. വിവിധ ബോർഡുകൾക്ക് കഴിഞ്ഞ ബജറ്റിൽ അനുവദിച്ചതിനേക്കാൾ 30-40 ശതമാനത്തിെൻറ കുറവുണ്ടായെന്നാണ് കണക്ക്. താങ്ങുവില പ്രഖ്യാപനം തുടരുമെന്നല്ലാതെ പുതിയതൊന്നും തന്നെയില്ലെന്നാണ് പൊതുവിലയിരുത്തൽ. ഇത്തവണ 190 കോടിയാണ് ബോർഡിെൻറ ബജറ്റ് വിഹിതം. ഇത് ശമ്പളത്തിനും ദൈനംദിന പ്രവർത്തനങ്ങൾക്കും മാത്രമേ തികയൂ. കഴിഞ്ഞ അഞ്ചുവർഷവും കേന്ദ്ര ബജറ്റിൽ ബോർഡിന് കാര്യമായൊന്നും ഉൾപ്പെടുത്തിയിരുന്നില്ല. ബോർഡിന് അനുവദിക്കുന്ന ബജറ്റ് വിഹിതത്തിൽ പകുതിയിലധികവും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കായി ചെലവഴിക്കേണ്ടി വരുന്നതും കേരളത്തിലെ കർഷകർക്ക് തിരിച്ചടിയാവുകയാണ്. അതേസമയം മുൻ ബജറ്റിൽ അനുവദിച്ചതിനേക്കാൾ 2.31 കോടി ഇത്തവണ കൂടുതലുണ്ടെന്ന് ബോർഡ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ 'മാധ്യമ'ത്തോട് പറഞ്ഞു. ബോർഡിെൻറ ദൈനംദിന പ്രവർത്തനങ്ങൾക്കും കർഷക സബ്സിഡിക്കും ബജറ്റ് വിഹിതം വിനിയോഗിക്കും. അതേസമയം കേന്ദ്ര ബജറ്റിൽ അമിത പ്രതീക്ഷയില്ലെന്ന് കർഷകരും സംഘടനകളും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.