കേന്ദ്ര ബജറ്റിൽ ഇത്തവണയും കേരളത്തിന് നിരാശ
text_fieldsന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്രബജറ്റിനെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ പുറത്ത് വരുമ്പോൾ കേരളം ഉന്നയിച്ച പല ആവശ്യങ്ങളും പരിഗണിക്കപ്പെട്ടില്ല. കോവിഡ് ഉൾപ്പടെയുള്ള പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തിലും കേരളം ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമായ എയിംസിന് കേന്ദ്രം ഇക്കുറിയും പച്ചക്കൊടി കാണിച്ചില്ല.
ജി.എസ്.ടി നടപ്പിലാക്കിയതിന് ശേഷം സംസ്ഥാനത്തിന് പ്രതീക്ഷിച്ച നേട്ടമുണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ജി.എസ്.ടി നഷ്ടപരിഹാരം നൽകുന്നത് നീട്ടണമെന്ന് സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും കേന്ദ്രസർക്കാർ പരിഗണിച്ചില്ല.
കേരളത്തിന്‍റെ മറ്റൊരു പ്രധാന ആവശ്യമായിരുന്നു വായ്പ പരിധി ഉയർത്തൽ. ഈ ആവശ്യത്തോടും മുഖംതിരിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. പിണറായി വിജയൻ സർക്കാർ അഭിമാന പദ്ധതിയായി കൊണ്ടു നടക്കുന്ന കെ റെയിലിനെ സംബന്ധിച്ച് ബജറ്റിൽ പരാമർശമില്ല.
സംസ്ഥാനങ്ങൾക്ക് മൂലധനനിക്ഷേപത്തിന് പലിശരഹിത വായ്പ നൽകാൻ ഒരു ലക്ഷം കോടി അനുവദിച്ചത് മാത്രമാണ് കേരളത്തിന് ആശ്വാസം നൽകുന്ന കാര്യം. കേന്ദ്രബജറ്റ് ദുഃഖകരമാണെന്നും പ്രതിസന്ധി മറികടക്കാനുള്ള നിർദേശങ്ങളില്ലെന്നുമായിരുന്നു ബജറ്റവതരണത്തിന് പിന്നാലെ ധനമന്ത്രി കെ.എൻ ബാലഗോപാലിന്‍റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.