ചലനമുണ്ടാക്കില്ല; സാധാരണക്കാരെ അവഗണിച്ചു
text_fieldsകേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള വിലയിരുത്തൽ സാമ്പത്തിക സർവേയിൽനിന്ന് ആരംഭിക്കാം. എട്ടര ശതമാനം വളർച്ച അടുത്ത സാമ്പത്തികവർഷത്തേക്ക് കണക്കാക്കുന്നുവെങ്കിലും അതിനു പിന്നിൽ ചില മുന്നറിയിപ്പുകളുണ്ട്- മഹാമാരി സാമ്പത്തിക വ്യവസ്ഥക്ക് പ്രതികൂലമാവില്ല, മഴയുടെ ലഭ്യതയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല, ആഗോളതലത്തിലുള്ള പണലഭ്യത സെൻട്രൽ ബാങ്കുകൾക്ക് നിയന്ത്രിക്കാനാവും.
ക്രൂഡ് ഓയിലിന്റെ വില 75 ഡോളറിനു മുകളിൽ പോവില്ല; സപ്ലൈ ചെയിനിൽ കാണുന്ന തകരാറുകൾ ഭാവിയിൽ കുറയും. പണപ്പെരുപ്പം നിയന്ത്രിക്കാനാവും. കഴിഞ്ഞ വർഷത്തെ അവലോകന റിപ്പോർട്ടിൽ സമ്പദ് വ്യവസ്ഥയുടെ വളർച്ച V ഷേപ്പ് ആയിരിക്കുമെന്നും അല്ല അത് K ഷേപ്പ് ആണെന്നുമുള്ള തർക്കം നിലനിൽക്കുമ്പോൾ സാമ്പത്തിക സർവേ ഇതിനെക്കുറിച്ച് മൗനം പാലിക്കുകയാണ്. എന്നാൽ, ഇന്ത്യയുടെ മാക്രോ ഇക്കണോമിക് സൂചികകൾക്ക് എല്ലാ വെല്ലുവിളികളെയും തന്ത്രപരമായി തരണംചെയ്യാൻ കഴിയുമെന്ന് ബജറ്റ് പറയുന്നു.
ബജറ്റിൽ കാർഷിക മേഖലക്കും ആരോഗ്യ മേഖലക്കും വലിയ പ്രാധാന്യം കൽപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഇതിന് വിപരീതമാണ് പ്രഖ്യാപനങ്ങൾ. സർക്കാറിന്റെ വരവ് 35 ശതമാനം കടമെടുപ്പിലൂടെയും 15 ശതമാനം ഇൻകം ടാക്സിലൂടെയും 15 ശതമാനം കോർപറേഷൻ ടാക്സ്, 16 ശതമാനം ജി.എസ്.ടി എന്നിങ്ങനെയാണ്. എന്നാൽ, ചെലവിന്റെ രീതി നോക്കുമ്പോൾ 20 ശതമാനം പലിശയായി നൽകുന്നതായി കാണാം. കാർഷിക മേഖലയുടെ വളർച്ചക്കായി പ്രത്യക്ഷത്തിൽ നിർദേശങ്ങൾ കാണുന്നില്ല. ഗംഗാനദീതീരത്തുള്ള കർഷകർ കൃഷിക്കായി രാസവസ്തുക്കൾ ഉപയോഗിക്കുന്നത് കുറക്കാനും കാർഷിക ഉൽപന്നങ്ങളുടെ മൂല്യം കൂട്ടാനും പി.പി.പി മോഡിൽകൂടി സാങ്കേതികവിദ്യ പകർന്ന് കാർഷിക മേഖലയിൽ സ്റ്റാർട്ടപ് തുടങ്ങാനും നിർദേശങ്ങളുണ്ട്.
കർഷകർക്കായി ഗോതമ്പിനും അരിക്കും താങ്ങുവില ഉയർത്താൻ നിർദേശങ്ങളുണ്ട്. പുതിയ 80,00,000 വീടുകൾ നിർമിക്കാൻ 48,000 കോടി രൂപ വകയിരുത്തിയതായി കാണുന്നു. 92 ശതമാനം ആൾക്കാർക്ക് ശുദ്ധമായ കുടിവെള്ളമെത്തിക്കാനും ശുദ്ധമായ ഊർജം ഉൽപാദിപ്പിക്കാനുമുള്ള നിർദേശങ്ങളുണ്ട്. ഈ പ്രഖ്യാപനങ്ങൾ ഗ്രാമീണ മേഖലക്ക് കൂടുതൽ ഊർജം നൽകുന്നതാണ്. തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ തുക നീക്കിവെക്കും എന്നു പറഞ്ഞതല്ലാതെ കൂടുതൽ പരാമർശങ്ങളില്ല.
ന്യൂ എജുക്കേഷൻ പോളിസിയുമായി എന്തെങ്കിലും മാറ്റം കൊണ്ടുവരാൻ നിർദേശങ്ങൾ ഒന്നുമില്ല. തൊഴിൽലഭ്യതക്കായുള്ള വൈദഗ്ധ്യം കൂട്ടാനായി നിർദേശങ്ങൾ ഉണ്ടാവേണ്ടതായിരുന്നു.
നാല് ഇൻസ്റ്റിറ്റ്യൂഷൻസ് ഓഫ് എമിനൻസ് തുടങ്ങുന്നതിനെക്കുറിച്ച് ബജറ്റിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇത് എങ്ങനെ, എവിടെ എന്ന് പരാമർശിക്കുന്നില്ല. അടിസ്ഥാന വികസനത്തിന് ഊന്നൽ നൽകാനായി പി.എം ഗതിശക്തിയെ ആശ്രയിച്ച് ലോകോത്തര നിലവാരത്തിലുള്ള 25,000 കി.മീ. റോഡുകൾ നിർമിക്കാനും 2000 കി.മീ. പുതിയ തീവണ്ടിപ്പാതകൾ, തുടങ്ങിയവ അനുവദിക്കുന്നതാണ്. 1,50,000 പോസ്റ്റ് ഓഫിസുകൾ കോർബാങ്ക് നിലവാരത്തിലേക്ക് ഉയർത്തുന്നതാണ്. ഇതിൽ പറഞ്ഞിരിക്കുന്ന മിക്കതും പി.പി.പി മോഡിൽ ആയിരിക്കാനാണ് സാധ്യത. അതിന് സർക്കാറിന്റെ വിഹിതം അടിസ്ഥാനവികസനത്തിൽ കുറയും. അതേസമയംതന്നെ അടിസ്ഥാന മേഖലയുടെ വികസനം സ്വകാര്യ മേഖലക്ക് തുറന്നുകൊടുക്കും.
വ്യവസായ മേഖലയുടെ വികസനം സ്വകാര്യ മേഖലയിൽനിന്നായിരിക്കും. ഒരു രാജ്യത്ത് ഒരു രജിസ്ട്രേഷൻ എന്ന ആശയം നിലവിൽവരുന്നു. പ്രത്യേക സാമ്പത്തിക മേഖലയെ അടിമുടി മാറ്റിമറിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എം.എസ്.എം.ഇ സെക്ടറിന് 2,00,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
വ്യവസായ മേഖലയിൽ കൂടുതൽ സ്റ്റാർട്ടപ്പുകൾ കൊണ്ടുവരുന്നതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞിട്ടുണ്ട്. വ്യവസായ മേഖലയുടെ വികസനത്തിനായി ഐ.ടി അനുബന്ധ വികസനങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. മേക് ഇൻ ഇന്ത്യയുടെ ചുവടുപിടിച്ച് ഡിഫൻസ് എക്യുപ്മെന്റ്സിന്റെ 68 ശതമാനം ആഭ്യന്തരമായി ഉൽപാദിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബജറ്റിനെ ആകെ വിലയിരുത്തുമ്പോൾ വികസനപ്രക്രിയയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളതല്ല ഈ ബജറ്റ്. മഹാമാരിക്കാലത്ത് സാധാരണക്കാരന്റെ പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിൽ എന്തു നടപടികൾ സ്വീകരിക്കണം എന്നത് വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.