ലക്ഷ്യം വളർച്ച; പ്രകടനം വിളർച്ച
text_fieldsകോവിഡിന്റെ കെടുതികളിൽ നട്ടംതിരിയുന്ന പാവപ്പെട്ടവരെയും സാധാരണക്കാരെയും ഡിജിറ്റൽ ഇടപാടുകളുടെ സ്വപ്നലോകത്തേക്ക് ആനയിക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര ബജറ്റ്. വളർച്ചയാണ് മുന്നോട്ടുവെക്കുന്ന ലക്ഷ്യം. പ്രകടമാവുന്നതു പക്ഷേ, വളർച്ചയേക്കാൾ വിളർച്ച. മുൻഗണനകൾ നിശ്ചയിച്ചതിൽ കനത്ത പരാജയം.
ഡിജിറ്റൽ രൂപയും ക്രിപ്റ്റോ കറൻസിയും ഡിജിറ്റൽ സർവകലാശാലയുമൊക്കെ ബജറ്റ് പ്രസംഗം കൊഴുപ്പിച്ചിട്ടുണ്ട്. കോവിഡ് തള്ളിയിട്ട പരാധീനതകളിൽനിന്ന് രക്ഷെപ്പടാൻ ജനം സർക്കാറിന്റെ സമാശ്വാസ നടപടികളിലേക്ക് കാതോർക്കുന്ന നിർണായക ഘട്ടത്തിലാണ് ബജറ്റ് അവതരണം. സമാശ്വാസ നടപടികൾക്കൊന്നും മുതിർന്നിട്ടില്ല എന്നതാണ് ബജറ്റിന്റെ ഏറ്റവും വലിയ ന്യൂനതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തൊഴിലാളികൾക്കും ശമ്പളക്കാർക്കും ഇടത്തരക്കാർക്കുമൊന്നും ആശ്വാസമില്ല.
തൊഴിലില്ലായ്മ, വിലക്കയറ്റം, വിപണി മാന്ദ്യം തുടങ്ങിയവയാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നങ്ങളെങ്കിലും അതിനൊന്നും ബജറ്റ് മറുമരുന്ന് നിർദേശിക്കുന്നില്ല. യു.പി അടക്കം അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പു നടക്കുന്ന ഘട്ടമായിട്ടു കൂടി കർഷകർക്ക് സമാശ്വാസമില്ല. സമരം നടത്തിയ കർഷകരോടുള്ള പ്രതികാരം ബജറ്റിൽ പ്രതിഫലിക്കുന്നുണ്ടെന്നാണ് കർഷക സംഘടനകളുടെ കുറ്റപ്പെടുത്തൽ.
സാമൂഹിക സുരക്ഷ എന്ന തണൽ നൽകാൻ ബജറ്റിന് കഴിഞ്ഞില്ല. ജനകീയമായ മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞ വർഷം ചെലവിട്ടതിനേക്കാൾ കുറഞ്ഞ തുകയാണ് ബജറ്റിലെ നീക്കിയിരുപ്പ്. കോവിഡ് കാലത്ത് ആരോഗ്യ മേഖലക്ക് കൂടുതൽ പരിഗണന ആവശ്യമായിരുന്നുവെന്ന് കാണുന്നവർ ഏറെ.
60 ലക്ഷത്തിൽപരം ചെറുകിട-ഇടത്തരം സംരംഭങ്ങളാണ് കോവിഡ് കാലത്ത് പൂട്ടിപ്പോയത്. ആളോഹരി വരുമാനം കുറഞ്ഞു. കൂടുതൽ പേർ ദാരിദ്ര്യത്തിലായി. ഇതിനെല്ലാമിടയിലും സാമ്പത്തിക സഹായമൊന്നും പരിഗണിച്ചിട്ടില്ല. സബ്സിഡികൾ കുറച്ചു. ഒപ്പം, കോർപറേറ്റ് ആശ്വാസങ്ങളും ബജറ്റിൽ വായിക്കാം.
ഓഹരി വിറ്റഴിക്കൽ തീവ്രയത്നം പരാജയപ്പെട്ട് 11.60 ലക്ഷം കോടി രൂപ കടമെടുക്കേണ്ടി വരുകയും ധനക്കമ്മി 6.9 ശതമാനത്തിൽ എത്തിനിൽക്കുകയും ചെയ്യുമ്പോൾ തന്നെയാണ് പരിസ്ഥിതി വിനാശകരമെന്ന് വിശേഷിപ്പിക്കുന്ന നദീബന്ധ പദ്ധതി പോലുള്ളവ സർക്കാർ മുന്നോട്ടു നീക്കുന്നത്. 44,605 കോടി രൂപയാണ് ഇതിന് നീക്കിവെച്ചത്. പ്രാഥമികമായ ആവശ്യങ്ങൾക്ക് പക്ഷേ, പണമില്ല. പൊലീസിനും പടക്കോപ്പിനുമുള്ള വിഹിതം വർധിപ്പിച്ചതും ഇതേ സാഹചര്യങ്ങൾക്കിടയിൽ തന്നെ.
പ്രധാനമന്ത്രിയുടെ പേരിലുള്ള 'ഗതിശക്തി' മാസ്റ്റർ പ്ലാൻ ധനമന്ത്രി മുന്നോട്ടു വെച്ചിട്ടുണ്ട്. റോഡുകൾ, റെയിൽവേ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, പൊതു ഗതാഗതം, ജലപാതകൾ, ചരക്ക് നീക്കം അടിസ്ഥാന സൗകര്യങ്ങൾ എന്നിങ്ങനെ ഏഴ് എൻജിനുകളാണ് പ്രധാനമന്ത്രി ഗതിശക്തിയെ മുന്നോട്ടു നയിക്കുന്നതെന്നാണ് മന്ത്രി വ്യാഖ്യാനിച്ചത്. ഇതെല്ലാം ചേർന്നാണ് സ്വാഭാവികമായും സഞ്ചാര വേഗം നൽകുന്നതെന്നിരിക്കെ തന്നെയാണിത്. ഈ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് പേരിടൽ ചടങ്ങു നടത്തുക മാത്രമാണ് ഉണ്ടായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.