പ്രതിസന്ധികാലത്തെ പരിഗണിക്കാത്ത മോദി സർക്കാറിന്‍റെ ബജറ്റ്; കേരളത്തിന് നിരാശ മാത്രം
text_fieldsതന്‍റെ നാലാം ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്‍റിൽ അവതരിപ്പിച്ചത്. കോവിഡ് മൂന്നാം തരംഗം സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും രാജ്യം ഇനിയും കരകയറിയിട്ടില്ലെന്ന സാഹചര്യം മുന്നിൽ നിൽക്കുമ്പോഴാണ് നിർമ്മല സീതാരാമന്‍റെ ബജറ്റവതരണം. ഇതിനൊപ്പം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും അവരുടെ മുന്നിലുണ്ടായിരുന്നു. കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള വലിയ പ്രഖ്യാപനങ്ങൾ ഇക്കുറി ബജറ്റിൽ ഉൾപ്പെട്ടിട്ടില്ലെന്നതാണ് യാഥാർഥ്യം. ആറ് ശതമാനത്തിന് മുകളിൽ ധനകമ്മിയുള്ള ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ ഇനിയും വൻതോതിൽ പദ്ധതികൾക്കായി പണം മുടക്കാനാവില്ലെന്ന ന്യായമാണ് നിർമ്മല സീതാരാമൻ പറയാതെ പറയുന്നത്. പക്ഷേ അസാധാരണ സാഹചര്യമായിട്ടും അതിനെ വേണ്ടത്ര ഗൗരവത്തോടെ ധനമന്ത്രി ഉൾക്കൊണ്ടോ എന്ന സംശയം ബാക്കി നിൽക്കുകയാണ്.
അവതരണത്തിന് മുമ്പ് ഒരുപാട് മേഖലകൾ ബജറ്റിൽ വലിയ പ്രതീക്ഷവെച്ചുപുലർത്തിയിരുന്നു. ഹോസ്പിറ്റാലിറ്റി, ടൂറിസം പോലുള്ള മേഖലകൾ തങ്ങൾക്കായി പ്രത്യേക പാക്കേജ് തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ബജറ്റിൽ ഇതുമായി ബന്ധപ്പെട്ട് ഒരു പരാമർശവുമുണ്ടായില്ല. കോവിഡും അത് സൃഷ്ടിച്ച പ്രതിസന്ധിയും മറികടക്കാാൻ പ്രത്യേകിച്ചൊരു പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചുമില്ല.
മുൻവർഷങ്ങളിലെന്നപോലെ പ്രതിസന്ധി മറികടക്കാൻ അടിസ്ഥാന സൗകര്യവികസന മേഖലയെ കൂട്ടുപിടിക്കുകയെന്ന നയമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. റോഡ്, റെയിൽ, വ്യോമ-ജലഗതാഗതം, ലോജിസ്റ്റിക് എന്നിവയുടെ സമഗ്രവികസനം ലക്ഷ്യമാക്കുന്ന പി.എം ഗതിശക്തി പദ്ധതിലൂടെ അടിസ്ഥാന സൗകര്യമേഖലയിൽ കൂടുതൽ പണമിറക്കി തൊഴിൽ സൃഷ്ടിച്ച് പ്രതിസന്ധി മറികടക്കുകയാണ് സർക്കാർ ലക്ഷ്യം.
കാർഷിക മേഖലയിൽ ആധുനികവൽക്കരണം പ്രഖ്യാപിക്കുന്നുണ്ടെങ്കിൽ പ്രായോഗികതലത്തിൽ ഇത് എത്രത്തോളം യാഥാർഥ്യമാവുമെന്നത് സംബന്ധിച്ച് ആശങ്കയുണ്ട്. താങ്ങുവിലക്കായി 2.7 ലക്ഷം കോടി നീക്കിവെച്ചത് ആശ്വാസകരമാണെങ്കിലും അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലെ കർഷകരോഷം തണുപ്പിക്കാൻ മാത്രമാണ് ഈ നീക്കമെന്ന വിമർശനം ഉയർന്നിട്ടുണ്ട്.
ജി.എസ്.ടിയിൽ റെക്കോർഡ് വരുമാനമുണ്ടായെന്ന് പറയുമ്പോഴും സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് നീട്ടുന്നതിനെ കുറിച്ച് ബജറ്റ് മൗനം പാലിക്കുന്നു. മൂലധനനിക്ഷേപം ഉയർത്തിയതും സംസ്ഥാനങ്ങൾക്ക് മൂലധനനിക്ഷേപത്തിനായി പ്രത്യേക വായ്പ അനുവദിച്ചതും പ്രതിസന്ധികാലത്തെ ഗുണകരമാവുമെന്നാണ് വിലയിരുത്തൽ. എന്നാൽ, വായ്പ പരിധി ഉയർത്തുന്നതിന് വ്യവസ്ഥകൾ മുന്നോട്ടുവെച്ചത് സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാവും.
ചെറുകിട-ഇടത്തരം സംരഭങ്ങൾ വായ്പകൾക്ക് അപ്പുറത്തേക്ക് വലിയ പ്രഖ്യാപനങ്ങളൊന്നുമില്ല. സ്റ്റാർട്ട് അപ് സംരഭങ്ങൾക്കും പ്രത്യേക പദ്ധതികളില്ല. ആദായ നികുതി ഉൾപ്പടെ നികുതിയിൽ ഇളവ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. കോർപ്പറേറ്റുകൾക്ക് അധിക സർചാർജ് ചുമത്തി കോവിഡുകാലത്തെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരിന്നുവെങ്കിലും അത്തരം നീക്കങ്ങളൊന്നും ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയില്ല.
കേരളത്തിനും നിരാശമാത്രം നൽകുന്നതാണ് കേന്ദ്രബജറ്റ്. ജി.എസ്.ടി നഷ്ടപരിഹാരം നൽകുന്നത് തുടരണമെന്ന കേരളത്തിന്‍റെ ആവശ്യം ബജറ്റ് പരിഗണിച്ചില്ല. ഇക്കുറിയും സംസ്ഥാനത്തിന് എയിംസ് അനുവദിച്ചില്ല. രണ്ടാം പിണറായി സർക്കാറിന്‍റെ സ്വപ്ന പദ്ധതിയായ കെ റെയിലിനെ കുറിച്ചും ബജറ്റിൽ പരാമർശമില്ല.
പ്രതിസന്ധികാലത്ത് ഇത് മറികടക്കാൻ പ്രത്യേക പാക്കേജുകളോ നിർദേശങ്ങളോ ഇല്ലാതെയാണ് ധനമന്ത്രിയുടെ ബജറ്റ്. വിപണിയിലേക്ക് കൂടുതൽ പണമിറങ്ങാൻ ജനങ്ങളിലേക്ക് നേരിട്ട് പണമെത്തിക്കുന്ന പദ്ധതി മുൻവർഷത്തിലെന്നപോലെ ഈ വർഷവും പ്രതീക്ഷിച്ചു. സാമൂഹ്യസുരക്ഷ പദ്ധതികളിലും വട്ടപൂജ്യമാണ് കേന്ദ്രബജറ്റ്. വൻ പദ്ധതികളൊന്നും ഇല്ലാതെ നിലവിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ ഉടലെടുത്ത പ്രതിസന്ധിയെ പരിഗണിക്കാത്തതാണ് നരേന്ദ്ര മോദി സർക്കാറിന്‍റെ രണ്ടാം ബജറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.