സ്മാർട്ടായി; Auto Smart Audit
text_fieldsദുബൈയിൽ സമാപിച്ച 'ഓട്ടോ മെക്കാനിക്ക' എന്ന അന്താരാഷ്ട്ര പ്രദർശനത്തിൽ ഡിജിറ്റൽ പ്രോഡക്റ്റ് ഓഫ് ദി ഇയർ അവാർഡ് കരസ്ഥമാക്കി ശ്രദ്ധേയരായത് രണ്ടു മലയാളി ചെറുപ്പക്കാരായിരുന്നു.
വാഹന വിതരണ രംഗത്തെയും സർവീസ് രംഗത്തെയും ലോകോത്തര വമ്പന്മാർ പങ്കെടുത്ത പ്രദർശനത്തിൽ ഈ യുവാക്കളുടെ ഇത്തിരിപ്പോന്ന ഒരു സ്റ്റാർട്ടപ്പ് കമ്പനി ഇങ്ങനെ ഒരു അവാർഡ് നേടിയെടുത്തത് ചില്ലറ കാര്യമല്ല.
യുവ എൻജിനീയർമാരായ ഇജാസ് അഹമ്മദും നസീഫ് ഉമറും നാലു വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച 'ഓട്ടോ സ്മാർട്ട്' എന്ന സ്റ്റാർട്ടപ്പ് കമ്പനി വികസിപ്പിച്ചെടുത്ത ‘ഓട്ടോസ്മാർട്ട് ഓഡിറ്റ്’ എന്ന ഡിജിറ്റൽ ഉൽപ്പന്നത്തിനാണ് അവാർഡ് ലഭിച്ചത്. വാഹന വിതരണ കമ്പനികളിൽ ഫെസിലിറ്റി ഓഡിറ്റിംഗ് സുഗമവും കാര്യക്ഷമവും ആക്കുവാൻ ഉതകുന്ന ആപ്പാണ് ഓട്ടോഓഡിറ്റ് സ്മാർട്ട്.
ടൊയോട്ട, മിറ്റ്സുബിഷി, കിയ, എം ജി തുടങ്ങിയ മുൻനിര വാഹന വിതരണ ശൃംഖലകളൊക്കെ ഇപ്പോൾ ഇതിന്റെ ഉപഭോക്താക്കളാണ്. ജി.സി.സിയിൽ യു.എ.ഇ, സൗദി, ബഹ്റിൻ എന്നീ രാജ്യങ്ങളിലെ സജീവ സാന്നിധ്യം കൂടാതെ പശ്ചിമേഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലുമടക്കം ഇവരുടെ ഉൽപ്പന്നം പതിനാലോളം രാജ്യങ്ങളിൽ ഇപ്പോൾ സുപരിചിതമാണ്.
ഓട്ടോസ്മാർട്ട് ഓഡിറ്റ് കൂടാതെ മൂന്ന് വ്യത്യസ്ത ആപ്പുകളും വികസിപ്പിച്ചെടുത്ത ഇവരുടെ കമ്പനി യൂറോപ്പിലേക്കും കിഴക്കൻ രാജ്യങ്ങളിലേക്കും ഇന്ത്യയിലെക്കും ബിസിനസ് വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നു. വാഹനവിപണി കൂടാതെ മറ്റ് വാണിജ്യ മേഖലകളിൽ ഉപകാരപ്പെടുന്ന ഉൽപന്നങ്ങളും ഇവരുടെ പണിപ്പുരയിൽ തയാറായി വരുന്നു.
നിലവിൽ ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓട്ടോ സ്മാർട്ടിന് സൗദിയിലെ സ്ട്രാറ്റജി ഹബ്ബിലും കൊച്ചിയിൽ ടെക്നിക്കൽ ഓഫീസിലുമായി 25 ഓളം സ്റ്റാഫുകൾ ജോലി ചെയ്യുന്നുണ്ട്.
ഒരു ലാപ്ടോപ്പ് മാത്രം മുടക്കുമുതലായി തുടങ്ങിയ സ്റ്റാർട്ടപ്പ് ആണ് ഇന്ന് ഈ നിലയിലേക്ക് ഉയർന്നത്. ഇജാസ് ശ്രീ ചിത്തിര തിരുനാൾ എൻജിനീറിങ് കോളജ് പാപ്പനംകോടും നസീഫ് തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളജ് ബാർട്ടൻ ഹില്ലിലുമാണ് ആണ് പഠിച്ചത്. ഒരു സ്വകാര്യ ഹോസ്റ്റലിൽ ഒന്നിച്ചു താമസിച്ചപ്പോൾ തുടങ്ങിയ സൗഹൃദം ഈ കമ്പനിയുടെ പിറവിക്ക് നിമിത്തമാവുകയായിരുന്നു.
അവാർഡിനർഹമായ ഉൽപന്നത്തെ 'വിപ്ലവാത്മകവും അധികമാരും കൈവക്കാത്തതും' എന്നാണ് വിധികർത്താക്കൾ വിശേഷിപ്പിച്ചത്. സ്റ്റാർട്ടപ് ഓഫ് ദി ഇയർ വിഭാഗത്തിലും ഇവർ ഫൈനൽ റൗണ്ടിൽ പ്രവേശിച്ചിരുന്നു. ബാങ്ക് ലോണോ കടമോ പുറത്തുനിന്നുള്ള മുതൽമുടക്കോ കൂടാതെ വിറ്റുവരവിൽനിന്നുള്ള വരുമാനത്തിൽ മാത്രമാണ് കമ്പനി മുന്നോട്ട് പോകുന്നത് എന്ന് ഇരുവരും അഭിമാനത്തോടെ പറയുന്നു.
പാലക്കാട് പടിഞ്ഞാറങ്ങാടി സ്വദേശിയായ ഇജാസ് അഹമ്മദ് ഡോക്ടർ ഖമറുദീൻ ഷൈല ദമ്പതികളുടെ മകനാണ്. കണ്ണൂർ സ്വദേശിയായ നസീഫ് ഉമറിന്റെ മാതാപിതാക്കളായ ഉമ്മർ കുട്ടിയും സാബിറയും സൗദിയിലെ ജിദ്ദയിൽ വർഷങ്ങളായി താമസിച്ച് ജോലി ചെയ്തു വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.