400 കോടി വായ്പയെടുത്ത് വ്യവസായി മുങ്ങി; നാലു വർഷത്തിന് ശേഷം എസ്.ബി.ഐയുടെ പരാതി
text_fieldsന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നുൾപ്പടെ ആറുബാങ്കുകളിൽനിന്ന് 400 കോടി രൂപ വായ്പയെടുത്ത് മറ്റൊരു വ്യവസായി കൂടി മുങ്ങി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബസ്മതി അരി കയറ്റുമതി ചെയ്യുന്ന രാംദേവ് ഇൻറർനാഷനൽ ലിമിറ്റഡാണ് മുങ്ങിയത്.
2016 മുതൽ കമ്പനിയെ നിഷ്ക്രിയ ആസ്തി (എൻ.പി.എ) പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2016 മുതൽ കമ്പനിയെക്കുറിച്ച് യാതൊരു വിവരമില്ലാഞ്ഞിട്ടും എസ്.ബി.ഐ നാലു വർഷത്തിന് ശേഷമാണ് പരാതി നൽകാൻ തയാറായതെന്ന് പറയുന്നു. ഏപ്രിൽ 28നാണ് സി.ബി.ഐ കേസെടുത്തത്.
414 കോടി രൂപയാണ് രാംദേവ് ഇൻറർനാഷനൽ വിവിധ ബാങ്കുകളിൽനിന്നായി വായ്പയെടുത്തത്. 173.11 കോടി രൂപ എസ്.ബി.ഐ, 76.09 കോടി രൂപ കാനറബാങ്ക്, 64.31 കോടി രൂപ യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ, 51.31 കോടി രൂപ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, 36.91 കോടി രൂപ കോർപറേഷൻ ബാങ്ക്, 12.27 കോടി ഐ.ഡി.ബി.ഐ എന്നിവിടങ്ങളിൽനിന്നാണ് രാം ദേവ് ഇൻറർനാഷനൽ വായ്പ എടുത്തിരിക്കുന്നത്.
വായ്പയെടുത്ത് മുങ്ങിയെന്ന എസ്.ബി.ഐയുടെ പരാതിയിൽ സി.ബി.ഐ കമ്പനിക്കും ഡയറക്ടർമാരായ നരേഷ് കുമാർ, സുരേഷ് കുമാർ, സംഗീത, മറ്റു കമ്പനി മേധാവികൾ തുടങ്ങിയവർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. വിശ്വാസവഞ്ചന, അഴിമതി, വ്യാജരേഖ ചമക്കൽ തുടങ്ങിവക്ക് എതിരെയാണ് കേസ്.
2016 ജനുവരി 27 മുതൽ കമ്പനിയെ നിഷ്ക്രിയ ആസ്തി (എൻ.പി.എ) പട്ടികയിലേക്ക് മാറ്റിയിരിക്കുകയാണ്. 2016 ലെ ബാങ്ക് ഒാഡിറ്റ് റിപ്പോർട്ട് തെറ്റായ കണക്കുകൾ കാണിച്ചിരിക്കുന്നതായും പ്രത്യേക ലാഭമുണ്ടാക്കാനായി അനധികൃതമായി സ്ഥലവും മറ്റു മെഷിനറികളും മാറ്റിയതായും ചൂണ്ടിക്കാണിക്കുന്നു. ഈ വർഷം തന്നെ എസ്.ബി.ഐ നടത്തിയ സംയുക്ത പരിശോധനയിൽ വായ്പയെടുത്തവർ രാജ്യം വിട്ടതായാണ് വിവരം.
പരാതി നൽകാൻ കാലതാമസം നേരിട്ടത് ബാങ്കിനെ സംശയമുനയിൽ നിർത്തുന്നുണ്ട്. എന്നാൽ പരാതി നൽകാൻ വൈകിയിട്ടില്ലെന്ന് എസ്.ബി.ഐ അധികൃതർ വ്യക്തമാക്കി. കമ്പനി അധികൃതർ മുങ്ങിയതായി കണ്ടെത്തിയിട്ട് ഒരു വർഷം മാത്രമേ ആയിട്ടുള്ളുവെന്നും പറയുന്നു. 2018 ൽ കമ്പനി അധികൃതൽ ദുബൈയിലേക്ക് മുങ്ങിയതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.