ബാങ്കുകൾ കടുത്ത പ്രതിസന്ധിയിൽ; നിഷ്ക്രിയ ആസ്തി 14.7 ശതമാനംവരെ ഉയർന്നേക്കാം
text_fieldsന്യൂഡൽഹി: കോവിഡ് 19 സൃഷ്ടിക്കുന്ന പ്രതിസന്ധിയിൽ ബാങ്കുകളുടെ കിട്ടാക്കടം ഉയരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കോവിഡ് 19നെ തുടർന്ന് അനുവദിച്ച മൊറട്ടോറിയം ബാങ്കുകളിലെ പ്രതിസന്ധി ഇരട്ടിയാക്കി. വരും വർഷങ്ങളിൽ ഇന്ത്യൻ ബാങ്കുകളിൽ കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുമെന്നും റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകി.
ബാങ്കുകളിലെ നിഷ്ക്രിയ ആസ്തി അനുപാതം 2021 മാർച്ചിൽ ആകെ വായ്പയുടെ 12.5 ശതമാനമായി ഉയരും. 2020 മാർച്ചിൽ ഇത് 8.5 ശതമാനമായിരുന്നു. സാമ്പത്തിക ഘടകങ്ങൾ ഇതിലും മോശമാെണങ്കിൽ 14.7 ശതമാനത്തിലേക്ക് ഉയർന്നേക്കാം. 53 ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകളെയും ഇത് ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2000 മാർച്ചിലാണ് ഇത്തരത്തിൽ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി വൻതോതിൽ ഉയർന്നത്. 2000ത്തിൽ 12.7 ശതമാനമായി കിട്ടാക്കടം ഉയർന്നിരുന്നു.
മറ്റു ബാങ്കുകളെ അപേക്ഷിച്ച് പൊതുമേഖല ബാങ്കുകളിൽ പ്രതിസന്ധി രൂക്ഷമായിരിക്കും. 2021ൽ പൊതുമേഖല ബാങ്കുകളിൽ കിട്ടാക്കട വായ്പയുടെ അനുപാതം 15.2 ആയി ഉയരാനാണ് സാധ്യത. മുൻവർഷം ഇത് 11.3 ശതമാനമായിരുന്നു. സ്വകാര്യ ബാങ്കുകളെയും വിദേശ ബാങ്കുകളെയും പ്രതിസന്ധി കാര്യമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ശക്തമാണ്. നിലവിലെ സാഹചര്യത്തിൽ വിവിധ മേഖലകളെ ഉത്തേജിപ്പിക്കാനായി കൂടുതൽ സാമ്പത്തിക പിന്തുണ ആവശ്യമായി വരുമെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.
കോവിഡ് 19 നെ തുടർന്ന് സമ്പദ് വ്യവസ്ഥ മന്ദഗതിയിലാകുകയും ലോക്ഡൗൺ ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായങ്ങളെ പ്രതിസന്ധിയിലാക്കുകയും നിരവധി പേർക്ക് തൊഴിൽ നഷ്ടം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് റിസർവ് ബാങ്കിെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.