ബാങ്കുകൾക്ക് അഞ്ച് പ്രവൃത്തി ദിനം സജീവ പരിഗണനയിലെന്ന് ഐ.ബി.എ
text_fieldsതൃശൂർ: രാജ്യത്തെ ബാങ്കുകൾക്ക് ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനം എന്ന ആവശ്യം സജീവ പരിഗണനയിലാണെന്ന് ബാങ്ക് മാനേജ്മെന്റുകളുടെ ഏകോപന വേദിയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ.ബി.എ). ബാങ്ക് ജീവനക്കാരുടെ 12ാം ശമ്പള പരിഷ്കരണവും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച് ഐ.ബി.എയും ജീവനക്കാരുടെയും ഓഫിസർമാരുടെയും സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസും (യു.എഫ്.ബി.യു) തമ്മിൽ വെള്ളിയാഴ്ച മുംബൈയിൽ നടന്ന ചർച്ചയിലാണ് ഐ.ബി.എ പ്രതിനിധികൾ ഇക്കാര്യം അറിയിച്ചത്.
നിലവിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയാണ് ബാങ്കുകൾക്ക് അവധിയുള്ളത്. മറ്റു ശനിയാഴ്ചകളും എൽ.ഐ.സി മാതൃകയിൽ അവധിയാക്കണമെന്ന് യു.എഫ്.ബി.യു കുറച്ചു കാലമായി ആവശ്യപ്പെട്ടുവരുകയാണ്. ഐ.ബി.എ ഈ വിഷയം കേന്ദ്ര സർക്കാറിന് മുന്നിൽ വെച്ചിരുന്നു. കേന്ദ്രത്തിന് അനുകൂല സമീപനമാണെന്നാണ് പറയുന്നത്. ഈ സാഹചര്യത്തിൽ തീരുമാനം വൈകരുതെന്നാണ് യു.എഫ്.ബി.യുവിന്റെ ആവശ്യം. 2022 നവംബർ ഒന്നിന് കാലാവധി അവസാനിച്ച ശമ്പള കരാർ പരിഷ്കരിക്കുന്നത് സംബന്ധിച്ചാണ് ചർച്ച പുനരാരംഭിച്ചത്. യുനൈറ്റഡ് ഫോറത്തിലെ സംഘടനകൾ അവകാശ പത്രിക സമർപ്പിച്ചിട്ടുണ്ട്. നാലു മാസത്തിനകം ധാരണയിൽ എത്താനാകുമെന്ന് ഐ.ബി.എ പ്രതിനിധികൾ പ്രതീക്ഷ പ്രകടിപ്പിച്ചതായി സംഘടന യു.എഫ്.ബി.യു വൃത്തങ്ങൾ പറഞ്ഞു. ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ വിവിധ കമ്മിറ്റികൾ രൂപവത്കരിച്ചിട്ടുണ്ട്. പെൻഷൻ പരിഷ്കരണവും ചർച്ച ചെയ്തിട്ടുണ്ട്. അടുത്ത ചർച്ച അടുത്ത മാസംതന്നെ നടത്തണമെന്നും യു.എഫ്.ബി.യു ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.