സ്വിറ്റ്സർലൻഡിലും ബാങ്ക് തകർച്ച; ക്രെഡിറ്റ് സ്വീസിന്‍റെ ഓഹരിവില കൂപ്പുകുത്തി
text_fieldsലണ്ടൻ: അമേരിക്കൻ ബാങ്കുകൾക്ക് പിന്നാലെ സ്വിറ്റ്സർലൻഡിലും ബാങ്കിങ് രംഗത്ത് തകർച്ച. പ്രമുഖ ഇൻവെസ്റ്റ് ബാങ്കായ ക്രെഡിറ്റ് സ്വീസിെന്റ ഓഹരിവില തിങ്കളാഴ്ച കൂപ്പുകുത്തി. പ്രതിസന്ധിയിലായ ബാങ്കിനെ രക്ഷിക്കുന്നതിെന്റ ഭാഗമായി ഏറ്റെടുക്കുന്നതിന് എതിരാളിയായ യു.ബി.എസുമായ സ്വിസ് അധികൃതർ ധാരണയിൽ എത്തിയതിന് പിന്നാലെയാണ് ഓഹരി വില 60 ശതമാനത്തിലേറെ ഇടിഞ്ഞത്. വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഓഹരികൾ ഏറ്റെടുക്കാനാണ് യു.ബി.എസുമായി ധാരണയിൽ എത്തിയത്. ഇതേതുടർന്നാണ് ബാങ്കിെന്റ ഓഹരിവില വൻതോതിൽ തകർച്ച നേരിട്ടത്.
ഉയർന്ന കിട്ടാക്കടം, ഉന്നത മാനേജ്മെന്റ് തലത്തിൽ അടിക്കടിയുണ്ടായ മാറ്റം, യു.ബി.എസ് ഉൾപ്പെട്ട ചാരവൃത്തി വിവാദം എന്നിവയാണ് ക്രെഡിറ്റ് സ്വീസിനെ പ്രതിസന്ധിയിൽ എത്തിച്ചത്. രണ്ട് അമേരിക്കൻ ബാങ്കുകളുടെ തകർച്ചക്ക് പിന്നാലെയാണ് സ്വിസ് ബാങ്കിനെ പ്രതിസന്ധിയിൽനിന്ന് കരകയറ്റാൻ അധികൃതർ ദ്രുതനീക്കവുമായി രംഗത്തെത്തിയത്.
അതേസമയം, യൂറോപ്യൻ ബാങ്ക് ഓഹരികളും പ്രമുഖ സൂചികകളും നേട്ടമുണ്ടാക്കി. ബാങ്കുകളെ സഹായിക്കാനുള്ള നടപടികൾ ആഗോള ബാങ്കിങ് സംവിധാനത്തെ തകർച്ചയിൽനിന്ന് രക്ഷിക്കുമോയെന്ന് നിക്ഷേപകർ ഉറ്റുനോക്കുകയാണ്. തിങ്കളാഴ്ച വ്യാപാരത്തിെന്റ തുടക്കത്തിൽ യു.ബി.എസ് ഓഹരികളും തകർച്ച നേരിട്ടിരുന്നു.
എന്നാൽ, ഉച്ചക്കുശേഷം ആറ് ശതമാനത്തിലധികം നേട്ടമുണ്ടാക്കുകയും ചെയ്തു. ക്രെഡിറ്റ് സ്വീസ് പ്രതിസന്ധി, ആഗോള ബാങ്കിങ് പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്ക എന്നിവയുടെ പശ്ചാത്തലത്തിൽ ഏഷ്യൻ ഓഹരി വിപണികളിലും തകർച്ച നേരിട്ടു. ബി.എസ്.ഇ സെൻസെക്സ് 360.95 പോയന്റും നിഫ്റ്റി 111.60 പോയന്റുമാണ് ഇടിഞ്ഞത്. ഒരുഘട്ടത്തിൽ സെൻസെക്സ് 900 പോയേന്റാളം താഴ്ന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.