ബാങ്ക് ലയനത്തിന് ബദൽസംവിധാനം
text_fieldsന്യൂഡൽഹി: പൊതുമേഖല ബാങ്കുകളെ ഏകോപിപ്പിക്കുന്ന നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ പ്രത്യേക സംവിധാനം കൊണ്ടുവരുന്നതിന് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ലയനം അടക്കം ബാങ്കിങ് രംഗത്തെ പരിഷ്കാരനിർദേശങ്ങൾക്കെതിരെ ജീവനക്കാർ പ്രക്ഷോഭം നടത്തുന്നത് വകവെക്കാതെയാണ് സർക്കാർ തീരുമാനം. പൊതുമേഖലബാങ്കുകളുടെ ഏകോപനം സംബന്ധിച്ച നിർദേശങ്ങൾ നിലവിലെ രീതിക്കുപകരം പുതിയ സംവിധാനത്തിനുകീഴിൽ പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി മന്ത്രിസഭയോഗത്തിനുശേഷം വാർത്തലേഖകരോട് പറഞ്ഞു.
ഏകോപനത്തിനായി ഏതെങ്കിലും പൊതുമേഖലബാങ്ക് ബോർഡുകൾ നിർദേശം മുന്നോട്ടുവെച്ചാൽ, അക്കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ചുമതല പുതിയ ബദൽ സംവിധാനത്തിനായിരിക്കും. സംയോജനത്തിെൻറ പദ്ധതിനിർദേശത്തിന് തത്ത്വത്തിൽ അംഗീകാരം നൽകുന്നത് ഇൗ സംവിധാനത്തിനുകീഴിലായിരിക്കും. ഇതുവഴി തീരുമാനമെടുക്കൽ പ്രക്രിയ വേഗത്തിലാകുമെന്നും മന്ത്രി പറഞ്ഞു. ബാങ്കുകൾക്ക് കൂടുതൽ മൂലധനം കണ്ടെത്താൻ സർക്കാറിനെ ആശ്രയിക്കേണ്ടിവരുന്ന ഇന്നത്തെ സ്ഥിതിക്ക് മാറ്റംവരാൻ ഇത്തരമൊരു സംവിധാനം വേണമെന്ന് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ ചെയർപേഴ്സൺ അരുന്ധതി ഭട്ടാചാര്യ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. എസ്.ബി.ടി അടക്കമുള്ള സ്റ്റേറ്റ് ബാങ്കുകളെ എസ്.ബി.െഎയിൽ ലയിപ്പിച്ച നടപടിക്കു പിന്നാലെ, 20 പൊതുമേഖലബാങ്കുകളുടെ ലയനം ലക്ഷ്യമിട്ടാണ് സർക്കാർ ചുവടുവെക്കുന്നത്. ബാങ്കുകളുടെ എണ്ണം കുറച്ച് വലുപ്പം വർധിപ്പിക്കുകയാണ് വേണ്ടതെന്ന് സർക്കാർ കരുതുന്നു.
അതേസമയം, ഇന്തോ-നേപ്പാൾ അതിർത്തിയിൽ പാലം നിർമിക്കുന്നതിനുള്ള പദ്ധതിയും കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. മിച്ചിപുഴയ്ക്ക് മുകളിലൂടെ നിർമിക്കുന്ന പാലത്തിന് 159 കോടിയുടെ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച് നേപ്പാളുമായി കരാറിലേർപ്പെടാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
പാലം നിർമാണവുമായി ബന്ധപ്പെട്ടുള്ള ചെലവുകൾ വീതിക്കുന്നത് സംബന്ധിച്ചും സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുന്നത് സംബന്ധിച്ചും നേപ്പാളുമായി ചർച്ചചെയ്യുമെന്ന് മന്ത്രി സഭയോഗത്തിനുശേഷം കേന്ദ്ര റോഡ്സ് ആൻഡ് ബ്രിഡ്ജസ് വകുപ്പ് മന്ത്രി വ്യക്തമാക്കി. 1500 മീറ്റർ നീളമുള്ള നാലുവരിപാതയാണ് നിർമിക്കാനുദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.