ബാങ്ക് പണിമുടക്ക് പൂർണം; ഇന്നും തുടരും
text_fieldsെകാച്ചി: പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ബാങ്കിങ് മേഖലയിലെ സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് ആഹ്വാനം ചെയ്ത പണിമുടക്ക് പൂർണം.
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളും പഴയ തലമുറ സ്വകാര്യ ബാങ്കുകളും ഗ്രാമീണ ബാങ്കുകളും പൂർണമായും നിശ്ചലമായി. പണിമുടക്ക് ചൊവ്വാഴ്ചയും തുടരും.
കേരളത്തിലെ 3399 പൊതുമേഖലാ ബാങ്ക് ശാഖകൾ, 2000ത്തോളം സ്വകാര്യ ബാങ്ക് ശാഖകൾ, 634 കേരള ഗ്രാമീൺ ബാങ്ക് ശാഖകൾ, ഇവയിലെ 200ഓളം അഡ്മിനിസ്ട്രേറ്റിവ് ഓഫിസുകൾ എന്നിവയുടെ പ്രവർത്തനം തടസ്സപ്പെട്ടു.
ക്ലിയറിങ് വകുപ്പുകളും പ്രവർത്തിച്ചില്ല. പണിമുടക്കിയ ജീവനക്കാരും ഓഫിസർമാരും ജില്ല, ഏരിയ കേന്ദ്രങ്ങളിൽ പ്രകടനങ്ങളും ധർണകളും നടത്തി.
പണിമുടക്കിന് 21 കേന്ദ്ര, സംസ്ഥാന ട്രേഡ് യൂനിയനുകളുടെ ഐക്യവേദിയും 500ലേറെ കാർഷിക മേഖലയിലെ സംഘടനകളും പിന്തുണച്ചിരുന്നു. ഈ സംഘടനകൾ തിങ്കളാഴ്ച പൊതുമേഖലാ സംരക്ഷണ ദിനമായി ആചരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.