കോവിഡ് ആഘാതം: വാർഷിക കണക്കെടുപ്പിന് ഒരുങ്ങാതെ ബാങ്കുകൾ
text_fieldsതൃശൂർ: ഈ മാസം 31ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തെ കണക്കെടുപ്പിന് ഒരുങ്ങാനാവാതെ ബാങ്കുകൾ. കോവിഡ് വ്യാപനവും അത് പ്രതിരോധിക്കാൻ രാജ്യമാകെ ലോക് ഡൗൺ പ്രഖ്യാപിച്ചതുമാണ് ബാങ്കുകളുടെ കണക്കെടുപ്പ് പ്രവർത്തനം താളംതെറ്റിച്ചത്. ഈ സാഹചര്യത്തിൽ വാർഷിക കണക്കെടുപ്പ് മാർച്ച് 31ൽനിന്ന് ജൂൺ 30ലേക്ക് മാറ്റണമെന്ന് ആവശ്യമുയർന്നു.
റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം മൂന്നുമാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇത്തരമൊരു മാറ്റം സാധ്യമാണെന്നും അടുത്ത സാമ്പത്തിക വർഷം ഒമ്പതു മാസമായി കുറച്ച് പഴയ സ്ഥിതിയിലേക്ക് എത്തിക്കാവുന്നതാണെന്നും ബാങ്കിങ് മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. ബാങ്ക് ഓഫിസർമാരുടെ പ്രബല സംഘടനയായ ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു.
കോവിഡ് വ്യാപനം തടയാൻ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും പിന്നീട് രാജ്യവ്യാപകമായി ലോക് ഡൗൺ പ്രഖ്യാപിച്ചതും ബാങ്കുകളെ സാരമായി ബാധിച്ചിട്ടുണ്ട്. വലിയൊരു വിഭാഗം ജീവനക്കാർക്ക് ബാങ്ക് ശാഖകളിൽ എത്താൻ ആവുന്നില്ല.
സ്വാഭാവികമായും ഇത് ഏറ്റവുമധികം ബാധിച്ചത് വാർഷിക കണക്കെടുപ്പ് ഒരുക്കങ്ങളെയാണ്. കണക്കെടുപ്പ് ജൂൺ 30ലേക്ക് മാറ്റണമെന്ന് കാണിച്ച് കേന്ദ്ര ധനമന്ത്രിക്ക് കത്ത് നൽകിയതായി എ.ഐ.ബി.ഒ.സി ജനറൽ സെക്രട്ടറി സൗമ്യ ദത്ത പറഞ്ഞു. റിസർവ് ബാങ്കുമായി കൂടിയാലോചിച്ച് കേന്ദ്ര ധനമന്ത്രാലയത്തിന് ഇതിൽ തീരുമാനം എടുക്കാവുന്നതാണെന്നും രണ്ട് ദിവസത്തിനകം പ്രഖ്യാപനം പ്രതീക്ഷിക്കുന്നുവെന്നും ബെഫി സംസ്ഥാന പ്രസിഡൻറ് ടി. നരേന്ദ്രനും പറഞ്ഞു.
അതിനിടെ, കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച 50 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ് പാക്കേജിൽ ബാങ്ക് ജീവനക്കാരെയും ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകുന്ന ബിസിനസ് കറസ്പോണ്ടൻറുമാരെയും ഉൾപ്പെടുത്തണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. കേരളത്തിൽ ബാങ്ക് ശാഖകൾ ക്ലസ്റ്റർ സമ്പ്രദായത്തിൽ പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച് ഏപ്രിൽ ആദ്യം തീരുമാനം ഉണ്ടാകുമെന്ന് കരുതുന്നതായി ടി. നരേന്ദ്രൻ പറഞ്ഞു.
10 പൊതുമേഖല ബാങ്കുകളെ നാലായി കുറച്ച നടപടി പ്രാബല്യത്തിൽ വരുത്തുന്നത് മാറ്റിവെക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഏപ്രിൽ ഒന്നുമുതൽ ഇത് നടപ്പിൽവരുത്തിയാൽ കേന്ദ്രം ഇപ്പോൾ പ്രഖ്യാപിച്ച കോവിഡ് പ്രതിരോധ സഹായ പാക്കേജുകളുടെ വിതരണം ഉൾപ്പെടെയുള്ള നടപടികൾ തടസ്സപ്പെടാനോ വൈകാനോ കാരണമാകുമെന്ന് സൗമ്യ ദത്ത ചൂണ്ടിക്കാട്ടി. ഇക്കാര്യവും കേന്ദ്ര ധനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.