കിട്ടാക്കടം എഴുതിത്തള്ളൽ; ബാങ്കുകൾക്ക് നഷ്ടമായത് 1.76 ലക്ഷം കോടി
text_fieldsന്യൂഡൽഹി: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യത്തെ ബാങ്കുകൾക്ക് തിരിച്ചുകിട്ടാത്ത വായ്പ ഇനത്തിൽ നഷ്ടമായത് 1.76 ലക്ഷം കോടി രൂപ. നൂറുകോടിയോ അതിൽ കൂടുതലോ വായ്പയെടുത്ത് തിരിച്ചടക്കാത്ത 416 വൻകിടക്കാരുടെ കുടിശ്ശിക തുക ഈ കാലയളവിൽ എഴുതിത്തള്ളുകയും ചെയ്തു. ശരാശരി 424 കോടിരൂപ വീതം ഓരോ വൻകിട വായ്പക്കാരനും കിട്ടാക്കടം വരുത്തിയതായാണ് കണക്ക്.
ന്യൂസ് 18 ചാനൽ വിവരാവകാശ നിയമപ്രകാരം നേടിയ രേഖകളിലാണ് ഈ വിവരം. 2014-15 മുതൽ തുടർ വർഷങ്ങളിൽ പൊതു-സ്വകാര്യ മേഖല ബാങ്കുകൾ എഴുതിത്തള്ളുന്ന കിട്ടാക്കടത്തിൽ വൻ വർധനയുണ്ടായതായും രേഖകൾ വ്യക്തമാക്കുന്നു. 2015-18ൽ 2.17 ലക്ഷം കോടി രൂപയാണ് ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ എഴുതിത്തള്ളിയത്. 2014-15ൽ 109 പേരുടെ 40,798 കോടി രൂപ എഴുതിത്തള്ളിയപ്പോൾ തൊട്ടടുത്ത വർഷം അത് 199 പേരുടെ 69,976 കോടി രൂപയായി വർധിച്ചു.
ഉയർന്ന മൂല്യമുള്ള നോട്ടുകൾ അസാധുവാക്കിയ 2016 നവംബറിനുശേഷം വായ്പ കുടിശ്ശിക വരുത്തിയ വൻകിടക്കാരുടെ എണ്ണത്തിലും കുത്തനെ വർധനയുണ്ടായി. തൊട്ട് മുൻ വർഷത്തെ അപേക്ഷിച്ച് കടബാധ്യതക്കാരുടെ എണ്ണം 72 ശതമാനമാണ് കൂടിയത്.
എഴുതിത്തള്ളിയ തുക 1,27,797 കോടി രൂപയായി വർധിക്കുകയും ചെയ്തു. 2018 മാർച്ച് 31ൽ 525 വൻകിടക്കാരാണ് കുടിശ്ശിക വരുത്തിയതെന്നും രേഖകളിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.