ബിറ്റ്കോയിൻ ഇടപാട്: അക്കൗണ്ടുകൾ മരവിപ്പിച്ച് ബാങ്കുകൾ
text_fieldsന്യൂഡൽഹി: ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള വിർച്വൽ കറൻസികളുടെമേൽ അധികൃതർ പിടിമുറുക്കുന്നു. ബിറ്റ്കോയിൻ വിനിമയത്തിന് ഉപയോഗിക്കുന്ന അക്കൗണ്ടുകൾ പ്രമുഖ ബാങ്കുകൾ മരവിപ്പിച്ചു. എസ്.ബി.െഎ, ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, െഎ.സി.െഎ.സി.െഎ ബാങ്ക്, യെസ് ബാങ്ക് എന്നിവയാണ് പ്രമുഖ ബിറ്റ്കോയിൻ എക്സ്ചേഞ്ചുകളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചത്.
സംശയാസ്പദമായ രീതിയിൽ ബിറ്റ്കോയിൻ ഇടപാടുകൾ നടന്നുവെന്ന കണ്ടെത്തലിെനതുടർന്നാണ് നടപടി. ഇത്തരം അക്കൗണ്ടുകളിൽനിന്ന് പണം പിൻവലിക്കുന്നതിന് പരിധി നിശ്ചയിക്കുകയും എക്സ്ചേഞ്ചുകളിലെ പ്രമോട്ടർമാരോട് ആവശ്യമായ രേഖകൾ ഹാജരാക്കാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ, ബാങ്ക് നിയന്ത്രണങ്ങൾ സംബന്ധിച്ച് ബിറ്റ്കോയിൻ എക്സ്ചേഞ്ചുകളായ സെബ്പേ, യുനോകോയിൻ, കോയിൻസെക്യുർ തുടങ്ങിയവ പ്രതികരിച്ചില്ല.
അതിനിടെ, രാജ്യത്ത് ബിറ്റ്കോയിൻ ഉപയോഗം വർധിച്ചതോടെ ആദായ നികുതി വകുപ്പും രംഗത്ത്. ബിറ്റ്കോയിൻ ഉപയോഗിച്ച് ഒാൺലൈനിലൂടെ പണമിടപാട് നടത്തിയ ആയിരക്കണക്കിന് പേർക്ക് നോട്ടീസ് അയച്ചു. ഇത്തരം മറ്റു കറൻസികൾ ഉപേയാഗിക്കുന്നവർക്കും നോട്ടീസ് അയക്കുന്നുണ്ട്. ഇടപാടിലൂടെയുള്ള ലാഭത്തിന് ആദായനികുതി അടക്കണമെന്നാണ് നിർദേശം. ഇന്ത്യയിൽ 17 മാസത്തിനിടെ 350 കോടിയുടെ ബിറ്റ്കോയിൻ ഇടപാട് നടന്നതായി ദേശവ്യാപക സർവേയിൽ തെളിഞ്ഞിട്ടുണ്ട്. ആദായനികുതി വെട്ടിക്കാൻ റിയൽ എസ്റ്റേറ്റ്, ജ്വല്ലറി തുടങ്ങിയ മേഖലകളിലുള്ളവർ ബിറ്റ്കോയിനിലും മറ്റു വിർച്വൽ കറൻസിയിലും നിക്ഷേപം നടത്തിയതായും കണ്ടെത്തി.
മുംബൈ, ഡൽഹി, ബംഗളൂരു, പുണെ എന്നിവിടങ്ങളിലെ ഒമ്പത് എക്സ്േചഞ്ചുകളിൽനിന്ന് വിവരങ്ങൾ ശേഖരിച്ച ആദായനികുതിവകുപ്പ് നടപടി സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരു വ്യക്തിയോ ഒന്നിലധികം വ്യക്തികളോ വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചെടുത്ത വിർച്വൽ കറൻസിയാണ് ബിറ്റ്കോയിൻ. കമ്പ്യൂട്ടർശൃംഖല വഴി ഇൻറർനെറ്റിലൂടെ മാത്രം ഒഴുകിയെത്തുന്ന പണമാണിത്. രഹസ്യനാണയങ്ങൾ അഥവാ ക്രിപ്റ്റോകറൻസികൾ എന്നറിയപ്പെടുന്ന ഡിജിറ്റൽ കറൻസികളിൽ ബിറ്റ്കോയിനാന് ഏറ്റവും ജനപ്രിയം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.