350 കോടി വായ്പയെടുത്ത് വ്യവസായി രാജ്യം വിട്ടതായി പരാതി
text_fieldsന്യൂഡൽഹി: ബാങ്കുകളിൽനിന്ന് 350 കോടി വായ്പയെടുത്ത ശേഷം വ്യവസായി രാജ്യം വിട്ടതായി പരാതി. പഞ്ചാബ് ബസുമതി റൈസ് ലിമിറ്റഡ് ഡയറക്ടർ മൻജിത് സിങ് മഖ്നിയാണ് കാനഡയിലേക്ക് മുങ്ങിയത്. കാനറ ബാങ്കിൻെറ നേതൃത്വത്തിലുള്ള ആറു ബാങ്കുകളുടെ കൺസോർഷ്യം മുഖേന 350 കോടി വായ്പയെടുത്തശേഷം രണ്ടുവർഷം മുമ്പ് രാജ്യം വിടുകയായിരുന്നു.
ബാങ്കിൻെറ പരാതിയുടെ അടിസ്ഥാനത്തിൽ സി.ബി.ഐ അമൃത്സർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്കെതിരെയും, ഡയറക്ടർമാരായ മൻജിത് സിങ് മഖ്നി, മകൻ കുൽവീന്ദൻ സിങ് മഖ്നി, മരുമകൾ ജസ്മീത് കൗർ എന്നിവർക്കെതിരെയും കേസെടുത്തു.
കാനറ ബാങ്കിന് 175 കോടി രൂപയും ആന്ധ്ര ബാങ്കിന് 53 കോടി, യു.ബി.ഐക്ക് 44 കോടി, ഒ.ബി.സിക്ക് 25 കോടി, ഐ.ഡി.ബി.ഐക്ക് 14 കോടി, യൂക്കോ ബാങ്കിന് 41കോടിയുമാണ് തിരിച്ചടക്കാനുള്ളതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. 2003 മുതൽ കാനറ ബാങ്കിൽനിന്ന് വായ്പ സൗകര്യം ഉപയോഗപ്പെടുത്തുന്ന വ്യക്തിയായിരുന്നു മൻജിത്. 2012ൽ കൺസോർഷ്യം തെരഞ്ഞെടുക്കുകയായിരുന്നു.
തുടർച്ചയായി തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് 2018 ഏപ്രിലിൽ ബാങ്കുകൾ വായ്പ നിഷ്ക്രിയ ആസ്തിയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 2019 മാർച്ചിൽ ബാങ്കുകൾ നടത്തിയ അന്വേഷണത്തിന് ശേഷം തട്ടിപ്പ് നടന്നതായി റിസർവ് ബാങ്കിനെ അറിയിക്കുകയായിരുന്നു. തുടർന്ന് സി.ബി.ഐക്ക് പരാതി നൽകാൻ നിർദേശിച്ചതോടെ 2020 ജൂണിൽ കേന്ദ്ര ഏജൻസിയെ അറിയിക്കുകയായിരുന്നു.
ബാങ്കുകളുടെ അനുമതിയില്ലാതെ സ്റ്റോക്കുകൾ നീക്കം ചെയ്തതായി സി.ബി.ഐ കണ്ടെത്തി. ബാങ്ക് നടത്തിയ സംയുക്ത പരിശോധനയിൽ 291 കോടി രൂപയുടെ അരി കണ്ടെത്തിയിരുന്നു. വായ്പയുടെ ഈടുകൂടിയായ ഇവ നീക്കം ചെയ്തതായും വിൽപ്പന നടന്നിട്ടില്ലെന്നും പരാതിയിൽ പറയുന്നു.
പരാതി ലഭിച്ചതിനെ തുടർന്ന് സി.ബി.ഐ കമ്പനിയിലെത്തി പരിശോധന നടത്തി. രണ്ടുവർഷം മുമ്പ് വ്യവസായി കാനഡയിലേക്ക് മുങ്ങിയതായാണ് വിവരം. ഇയാളെ രാജ്യത്ത് തിരികെെയത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് സി.ബി.ഐ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.