എതിർപ്പുകൾ തള്ളി ‘സഹകരണ’ത്തിൽ പിടിമുറുക്കി കേന്ദ്രം
text_fieldsപാലക്കാട്: കേരളമടക്കമുള്ള, ബി.ജെ.പി ഇതര സംസ്ഥാനങ്ങളുടെ എതിർപ്പ് അവഗണിച്ച്, സഹകരണമേഖല പിടിച്ചടക്കാൻ കൂടുതൽ നടപടികളുമായി കേന്ദ്രം. ഇതിനെതിരെ നിയമപരമായും ജനകീയവുമായ പ്രതിരോധം തീർക്കുമെന്നാണ് സഹകാരികളുടെ ഓൺലൈൻ യോഗം വിളിച്ചുചേർത്ത് വകുപ്പുമന്ത്രി വി.എൻ. വാസവൻ പ്രഖ്യാപിച്ചിരുന്നെങ്കിലും നിയമനടപടികളിലേക്ക് ഇതുവരെ കടന്നിട്ടില്ല. ദേശീയതലത്തിൽ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ രൂപവത്കരിച്ച്, സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളെ കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാണ് നീക്കം. ഇതിന്റെ ഭാഗമായി ദേശീയതലത്തിൽ മൂന്ന് മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ നിലവിൽവന്നു. മൾട്ടി സ്റ്റേറ്റ് കോ ഓപറേറ്റിവ് എക്സ്പോർട്ട് സൊസൈറ്റി, ദേശീയതല മൾട്ടി സ്റ്റേറ്റ് കോ ഓപറേറ്റിവ് സീഡ് സൊസൈറ്റി, ജൈവ ഉൽപന്നങ്ങൾക്കുള്ള ദേശീയതല സഹകരണ സംഘം എന്നിവയാണിത്.
രാജ്യവ്യാപകമായി പ്രവർത്തന മണ്ഡലമുള്ള ഈ സംഘങ്ങൾക്ക് കീഴിൽ സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങൾ അംഗത്വമെടുക്കണമെന്ന് കേന്ദ്ര സഹകരണ മന്ത്രാലയം നിഷ്കർഷിച്ചിട്ടുണ്ട്. കേരളത്തിന്റെ എതിർപ്പ് മുഖവിലക്കെടുക്കാതെ, സഹകരണ സ്ഥാപനങ്ങൾക്ക് ഏകീകൃത ബൈലോ നടപ്പാക്കാനുള്ള നടപടിയുമായും കേന്ദ്രസർക്കാർ മുന്നോട്ടുപോകുകയാണ്. സഹകരണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം മാത്രമേ ബൈലോ തയാറാക്കാൻ അധികാരമുള്ളുവെന്നിരിക്കെയാണ്, സഹകരണ തത്ത്വങ്ങൾക്ക് വിരുദ്ധമായുള്ള കേന്ദ്രനടപടി. ഇതിന്റെ ചുവടുപിടിച്ച്, പ്രാഥമിക കാർഷിക വായ്പസംഘങ്ങൾ, ക്ഷീര സംഘങ്ങൾ, മത്സ്യത്തൊഴിലാളി സംഘങ്ങൾ എന്നിവയുടെ അടിസ്ഥാന വിവരങ്ങൾ കേന്ദ്രം തയാറാക്കുന്ന ഡാറ്റബേസിലേക്ക് നൽകണമെന്ന നിർദേശവും സഹകരണ മന്ത്രാലയം പുറപ്പെടുവിച്ചു.
സഹകരണ സംഘങ്ങളെ വരുതിയിലാക്കാനും അവയ്ക്കുമേൽ അനാവശ്യ നിയന്ത്രണം കൊണ്ടുവരാനുമുള്ള കേന്ദ്ര നീക്കങ്ങൾ രാജ്യത്തിന്റെ നട്ടെല്ലായ സഹകരണ മേഖലയെ തകർക്കുമെന്ന് സഹകാരികൾ ആരോപിക്കുന്നു. രാഷ്ട്രീയ എതിരാളികളുടെ ശക്തി ക്ഷയിപ്പിച്ച് ബി.ജെ.പി സ്വാധീനം വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഇടപെടൽ എന്നാണ് ആക്ഷേപം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.