പൊതുമേഖല ബാങ്കുകളെ സ്വകാര്യവൽക്കരിക്കാൻ േകന്ദ്രസർക്കാർ നീക്കം
text_fieldsന്യൂഡൽഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകൾ കേന്ദ്രസർക്കാർ സ്വകാര്യവൽക്കരിക്കാനൊരുങ്ങുന്നു. ആദ്യഘട്ടത്തിൽ മൂന്നോളം പൊതുമേഖല ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനാണ് നീക്കം. പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുമെന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻെറ പ്രഖ്യാപനത്തിന് പിന്നാലെ നടപടികൾ ആരംഭിച്ചതായാണ് വിവരം.
ഇന്ത്യൻ ഒാവർസീസ് ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവ സ്വകാര്യവൽക്കരണത്തിൽ ഉൾപ്പെടുമെന്നാണ് വിവരം. നീതി ആയോഗിൽ നിന്ന് ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാരിൻെറ തെരഞ്ഞെടുത്ത വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചർച്ച പുരോഗമിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ചർച്ചയിൽ ഇതുവരെ തീരുമാനമായിട്ടില്ല. ദീർഘകാല സ്വകാര്യമൂലധനം പൊതുമേഖല ബാങ്കുകളിലേക്ക് അനുവദിക്കുന്നതിനാണ് നടപടിയെന്നാണ് നീതി ആയോഗിൻെറ നിർദേശം.
പൊതുമേഖല ബാങ്കുകളിൽ സ്വകാര്യ വൽക്കരണം അനുവദിക്കണമെങ്കിൽ 1969 ൽ പാസാക്കിയ ബാങ്ക് ദേശസാൽക്കരണ നിയമത്തിൽ ഭേദഗതി വരുത്തണം. സ്വകാര്യവൽക്കരണത്തിൻെറ ആദ്യഘട്ടമായി ഇവയും നടപ്പാക്കുമെന്നാണ് വിവരം. സാമ്പത്തിക രംഗത്ത് വൻ വിപ്ലവത്തിന് തുടക്കം കുറിച്ച നിയമമായിരുന്നു ബാങ്ക് ദേശസാൽക്കരണ നിയമം. 1969 ജൂലൈ 19 നാണ് 14 ബാങ്കുകളെ പൊതുമേഖലാ ബാങ്കുകളായി പ്രഖ്യാപിച്ചത്. ബാങ്കിങ് കമ്പനീസ് ഓർഡിനൻസ് എന്ന പേരിലാണ് പ്രത്യേക നിയമം പാസാക്കി ദേശസാൽക്കരണം നടപ്പാക്കിയത്.
ദേശസാൽക്കരണം നടപ്പാക്കുന്നതുവരെ പൊതുമേഖലയിൽ പ്രവർത്തിച്ചിരുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രമായിരുന്നു. 1955ലാണ് എസ്.ബി.ഐ െപാതുമേഖലയിൽ കൊണ്ടുവന്നത്. സ്വകാര്യബാങ്കുകളിലെ നിക്ഷേപത്തിന് സുരക്ഷിതത്വം ലഭിക്കാതായതോടെയും കാർഷിക, അടിസ്ഥാന മേഖലയെ അവഗണിച്ചതോടെയുമാണ് ബാങ്കുകളിൽ ദേശസാൽക്കരണം നടപ്പാക്കിയത്. വൻകിട വ്യവസായങ്ങൾക്കും ബിസിനസ് സംരംഭങ്ങൾക്കും മാത്രമായിരുന്നു അന്ന് ബാങ്കിങ് സേവനം ലഭ്യമായിരുന്നത്. ഉൾനാടൻ പ്രദേശങ്ങളിലും മേഖലകളിലേക്കും ബാങ്കിങ് സംവിധാനം ഇറങ്ങിച്ചെന്നത് ദേശസാൽക്കരണം വഴിയായിരുന്നു. എന്നാൽ ദേശസാൽക്കരണ നിയമം നടപ്പാക്കി 52 വർഷം പിന്നിടുേമ്പാൾ ബാങ്കുകളുടെ സ്വകാര്യവൽക്കരണം വീണ്ടും തിരിച്ചു നടക്കലാകും.
എൻ.ഡി.എ സർക്കാർ അധികാരത്തിെലത്തിയ ശേഷം ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് ലയനവും നടപ്പാക്കിയിരുന്നു. ഇതോടെ പൊതുമേഖലയിൽ രാജ്യത്താകെ 12 വാണിജ്യ ബാങ്കുകൾ മാത്രമായി മാറി. ലയനത്തിലൂടെ കരുത്തുള്ള ബാങ്കുകൾ സൃഷ്ടിക്കാനാണ് പദ്ധതിയെന്നായിരുന്നു കേന്ദ്രസർക്കാരിൻെറ വാദം. എന്നാൽ സ്വകാര്യ ബാങ്കുകൾ കൂടുതൽ ആധുനിക സൗകര്യങ്ങൾ ഒരുക്കിയപ്പോൾ െപാതുമേഖല ബാങ്കുകൾ പഴയപടി നടന്നതും കിട്ടാക്കടം അമിതമായി കുന്നുകൂടിയതും തിരിച്ചടിയായി. ഈ തിരിച്ചടി മറികടക്കാനാണ് ബാങ്കുകളുടെ സ്വകാര്യവൽക്കരണമെന്നാണ് ഇപ്പോഴത്തെ സർക്കാർ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.