യു.പി.ഐ പണമിടപാടുകളിലെ പരാതി: അക്കൗണ്ട് പൂർണമായി മരവിപ്പിക്കരുത് -ഹൈകോടതി
text_fieldsകൊച്ചി: യു.പി.ഐ വഴിയുള്ള പണമിടപാടുകളിൽ പരാതിയുണ്ടായാൽ ബന്ധപ്പെട്ടവരുടെ അക്കൗണ്ടുകൾ പൂർണമായും മരവിപ്പിക്കുന്നതിനെതിരെ ഹൈകോടതി. സംശയകരമായ ഇടപാട് അക്കൗണ്ട് ഉടമയുടെ അറിവോടെയാണോയെന്ന് വ്യക്തമായാലേ കുറ്റക്കാരായി കാണാനാവൂ. യു.പി.ഐ വഴിയുള്ള പണമിടപാടുകൾക്ക് കൃത്യമായ സുരക്ഷ സംവിധാനങ്ങൾ വേണം. അല്ലെങ്കിൽ വിശ്വാസ്യത നഷ്ടപ്പെടുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ (എൻ.സി.സി.ആർ.പി) പരാതി ലഭിച്ചെന്ന കാരണത്താൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൽ കലാം ഉൾപ്പെടെയുള്ളവർ നൽകിയ ഒരുകൂട്ടം ഹരജികളിലാണ് ഹൈകോടതിയുടെ ഇടപെടൽ.
ഇതര സംസ്ഥാനങ്ങളിലെ പൊലീസിന്റെ പരാതി വന്നതോടെയാണ് കേന്ദ്ര സർക്കാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹരജിക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർ നടപടി സ്വീകരിക്കേണ്ടത് ബന്ധപ്പെട്ട പൊലീസ് അതോറിറ്റിയാണെന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ വിശദീകരണം. എന്നാൽ, സംശയകരമായ ഇടപാടിന്റെ പേരിൽ അക്കൗണ്ടുകൾ പൂർണമായും മരവിപ്പിക്കുന്നതെന്തിനെന്ന് മനസ്സിലാവുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
പരാതിക്കാർ ചെറുകിട കച്ചവടക്കാരും മറ്റുമാണെന്ന് കണക്കിലെടുത്ത് പരാതിയുള്ള തുകയുടെ ഇടപാടുമാത്രം മരവിപ്പിച്ചാൽ മതിയെന്ന് തുടർന്ന് കോടതി ഉത്തരവിട്ടു. അക്കൗണ്ടിലൂടെ മറ്റിടപാടുകൾ നടത്താൻ ഹരജിക്കാരെ അനുവദിക്കണം. അക്കൗണ്ട് മരവിപ്പിച്ച നടപടി തുടരേണ്ടതുണ്ടോയെന്ന് ബന്ധപ്പെട്ട പൊലീസ് അധികൃതർ അറിയിക്കണം. പൊലീസ് റിപ്പോർട്ട് ബാങ്കുകൾക്ക് നൽകിയിട്ടില്ലെങ്കിൽ ഹരജിക്കാർക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.