മൂപ്പിളമത്തർക്കം: ബാങ്കിങ് മേഖലയിൽ ആശയക്കുഴപ്പം
text_fieldsനയ തീരുമാനങ്ങളെച്ചൊല്ലി റിസർവ് ബാങ്കും കേന്ദ്ര സർക്കാറും തമ്മിൽ മൂപ്പിളമത്തർക്കം ശക്തമായതോടെ ബാങ്കിങ് ഉൾപ്പെടെ സമ്പത്തിക മേഖലയിൽ ആശയക്കുഴപ്പം. ഒരാഴ്ചക്കകം തർക്കത്തിന് പരിഹാരമായില്ലെങ്കിൽ, അടുത്തയാഴ്ച കാത്തിരിക്കുന്നത് കടുത്ത പരീക്ഷണങ്ങളും.
റിസർവ് ബാങ്ക് ഗവർണറും കേന്ദ്ര ധനമന്ത്രിയും തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ ഈ ഒരാഴ്ച ആശയക്കുഴപ്പത്തിേൻറതുതന്നെയാകും എന്നുറപ്പ്. നവംബർ 19ന് നടക്കുന്ന ഡയറക്ടർബോർഡ് യോഗം നിർണായകമായി മാറും എന്നും വ്യക്തം. റിസർവ് ബാങ്കിെൻറ കരുതൽ ധന ശേഖരത്തിൽ കണ്ണുവെച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ നീക്കമാണ് കാര്യങ്ങൾ സങ്കീർണമാക്കിയിരിക്കുന്നത്. റിസർബാങ്ക് ഭരണകാര്യങ്ങളിൽ നിർണായക തീരുമാനം എടുക്കാനുള്ള അധികാരം ഡയറക്ടർ ബോർഡിനാണോ, ഗവർണറും ഡെപ്യൂട്ടി ഗവർണർമാരും ഉൾപ്പെട്ട സമിതിക്കാണോ എന്ന തർക്കവും അന്തരീക്ഷത്തിെൻറ കനം വർധിപ്പിക്കുന്നുണ്ട്.
അടുത്തകാലത്തായി പൊതുമേഖല ബാങ്കുകളിൽ കിട്ടാക്കടം വൻതോതിൽ കുമിഞ്ഞുകൂടുകയും പല ബാങ്കുകളും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്തപ്പോൾ റിസർവ്ബാങ്ക് കർശന നടപടികൾ കൈക്കൊണ്ടിരുന്നു. വായ്പ അനുവദിക്കുന്ന കാര്യത്തിൽ ബാങ്കുകൾക്ക് കർശന മാനദണ്ഡങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതുമുതലാണ് റിസർവ്ബാങ്കും കേന്ദ്രവും തമ്മിൽ അഭിപ്രായ ഭിന്നത ശക്തമായത്. കേന്ദ്ര സർക്കാർ അടുത്ത കാലത്ത് ആവശ്യപ്പെട്ട മൂന്ന് കാര്യങ്ങൾ രാജ്യത്തിെൻറ സാമ്പത്തിക ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് അംഗീകരിക്കാനാവില്ലെന്ന് റിസർവ്ബാങ്ക് ഗവർണർ നിലപാട് സ്വീകരിച്ചതോടെ കാര്യങ്ങൾ സങ്കീർണമാവുകയും ചെയ്തു.
കണ്ണ് കരുതൽ ധനത്തിൽ
കരുതൽ ധന ശേഖരത്തിൽനിന്ന് മൂന്നിലൊന്നിലധികം വരുന്ന തുക കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത് റിസർവ്ബാങ്ക് ഗവർണർ ഉർജിത് പേട്ടൽ നിരസിച്ചിരുന്നു. 9.59 ലക്ഷം കോടി രൂപയാണ് റിസർവ്ബാങ്കിെൻറ കരുതൽ ധനശേഖരത്തിലുള്ളത്. ഇതിൽനിന്ന് 3.6 ലക്ഷം കോടി ധനക്കമ്മി നിയന്ത്രിക്കുന്നതിനായി കൈമാറണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്. പുതിയ സാമ്പത്തിക സാഹചര്യത്തിൽ ഇത്രയധികം തുക കരുതൽ ധനമായി സൂക്ഷിക്കേണ്ട കാര്യമിെല്ലന്ന ന്യായവും കേന്ദ്രം മുന്നോട്ടുെവച്ചു.
എന്നാൽ, അടിയന്തര സാഹചര്യമുണ്ടായാൽ മാത്രം ഉപയോഗിക്കാൻ സൂക്ഷിക്കുന്ന കരുതൽ ധനത്തിൽനിന്ന് തുക വകമാറ്റുന്നത് സാമ്പത്തികാവസ്ഥയെ തകിടംമറിക്കും എന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് നിരസിക്കുകയായിരുന്നു. നീക്കിയിരിപ്പ് തുക ഏത് സാഹചര്യത്തിൽ വിനിയോഗിക്കണം എന്ന തീരുമാനം റിസർവ്ബാങ്കിെൻറ സ്വതന്ത്ര അധികാരമാണെന്നും അതിൽ കേന്ദ്ര സർക്കാർ കൈകടത്തുന്നത് രാജ്യത്തിെൻറ സാമ്പത്തിക സുരക്ഷയെ ബാധിക്കുമെന്നും ആർ.ബി.െഎ മുൻ ഗവർണർ രഘുറാം രാജനടക്കം സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നൽകി. അതേസമയം, ഇൗ മുന്നറിയിപ്പുകളെ അവഗണിക്കുന്ന സമീപനമാണ് ധനമന്ത്രാലയത്തിേൻറത്.
ബാങ്കുകളിൽ കിട്ടാക്കടം കുന്നുകൂടിയപ്പോൾ പൊതുമേഖല ബാങ്കുകൾ വ്യവസായങ്ങൾക്കും മറ്റും വായ്പ അനുവദിക്കുന്നതിൽ റിസർവ്ബാങ്ക് കടുത്ത ചില നിർദേശങ്ങൾ മുന്നോട്ടുെവച്ചിരുന്നു. എന്നാൽ, ചെറുകിട വ്യവസായങ്ങൾക്ക് കൂടുതൽ വായ്പ അനുവദിക്കുന്നതിന് വ്യവസ്ഥകളിൽ ഇളവ് വരുത്തണമെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിലെത്തിനിൽക്കുന്ന സാഹചര്യത്തിൽ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഉദാര വായ്പ പദ്ധതികൾ പ്രഖ്യാപിച്ച് കൈയടി നേടാനുള്ള നീക്കത്തിന് റിസർവ്ബാങ്ക് നിലപാട് തടസ്സമായത് കേന്ദ്രത്തെ ചൊടിപ്പിച്ചു.
ഇതിനിടെ തന്നെയാണ് ഹൗസിങ് ഫിനാൻസ് കമ്പനികളുടെ തകർച്ച ഒഴിവാക്കുന്നതിന് സമ്പദ്വ്യവസ്ഥയിലേക്ക് കൂടുതൽ പണം പമ്പ് ചെയ്യണമെന്ന് റിസർവ് ബാങ്കിനോട് കേന്ദ്രം ആവശ്യപ്പെട്ടത്. എന്നാൽ, സമീപകാലത്തുണ്ടായ ചില ഹൗസിങ് ഫിനാൻസ് സ്ഥാപനങ്ങളുടെ തകർച്ചയുടെ പശ്ചാത്തലത്തിൽ ഇൗ നിർദേശവും റിസർവ്ബാങ്ക് നിരസിച്ചു. ഇതുകൂടിയായപ്പോൾ വടംവലി രൂക്ഷമായി.
നിർണായകം 19
ഈമാസം 19ന് ചേരുന്ന ഡയറക്ടർബോർഡ് യോഗം റിസർബാങ്കിെൻറ സ്വതന്ത്ര അധികാരം സംബന്ധിച്ച കാര്യത്തിൽ പോലും നിർണായകമായി മാറും. ഡയറക്ടർബോർഡ് യോഗം കേന്ദ്രസർക്കാറിെൻറ താൽപര്യങ്ങൾക്കാണ് മുൻതൂക്കം നൽകുക എന്നത് വ്യക്തമാണ്. 18 അംഗ ഡയറക്ടർ ബോർഡാണ് റിസർവ് ബാങ്കിനുള്ളത്. ഗവർണർ, നാല് ഡെപ്യൂട്ടി ഗവർണർമാർ, രണ്ട് സർക്കാർ പ്രതിനിധികൾ, സർക്കാർ നാമനിർദേശം ചെയ്ത 11 പേർ എന്നിവ ഉൾപ്പെടുന്നതാണ് ബോർഡ്. സർക്കാർ നോമിനികൾ ഉൾപ്പെടെയുള്ളവർക്ക് വോട്ടവകാശവുമുണ്ട്. വോെട്ടടുപ്പിലേക്ക് നീങ്ങിയാൽ സർക്കാർ പ്രതിനിധികളും സർക്കാർ നോമിനികളായ 11 പേരും സർക്കാർ താൽപര്യങ്ങൾക്ക് ഒപ്പം നിൽക്കും.
മാത്രമല്ല റിസർബാങ്ക് ആക്ടിലെ സെക്ഷൻ ഏഴ് പ്രകാരം പൊതുതാൽപര്യാർഥമുള്ള കാര്യങ്ങളിൽ നേരിട്ട് നിർദേശം നൽകാൻ കേന്ദ്രത്തിന് അധികാരമുണ്ട് എന്ന വാദവും ധനമന്ത്രി ഉന്നയിക്കുന്നു. അതേസമയം, സ്വതന്ത്രാധികാരത്തിൽ കൈകടത്തൽ ഉണ്ടായാൽ ബോർഡ് യോഗത്തിൽതന്നെ ഗവർണർ രാജി പ്രഖ്യാപിച്ചേക്കും എന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഗവർണർ രാജിെവച്ചാൽ ഓഹരിവിപണി അടക്കം മൊത്തം സാമ്പത്തിക മേഖലകളിലും പ്രതിചലനങ്ങളുണ്ടാക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.