കോവിഡ്: നിയന്ത്രണം ബാങ്കുകളിലേക്കും
text_fieldsതൃശൂർ: കോവിഡ് 19 വ്യാപനം തടയാൻ ബാങ്കിങ് മേഖലയിലും നിയന്ത്രണം. ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി ബാങ്കുകൾ ഇടപാട് സമയം രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെയാക്കി. മറ്റു ചില ബാങ്കുകളും ഇത് ആലോചിക്കുന്നതായാണ് സൂചന. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയിലും ഇടപാടുകാരുടെ എണ്ണം നിയന്ത്രിക്കാൻ സമയം കുറക്കണമെന്ന ആവശ്യം ഉന്നതങ്ങളിൽ എത്തിയിട്ടുണ്ട്. രാജ്യത്ത് ഒരുലക്ഷം ബാങ്ക് ശാഖകളുണ്ട്. ദിനേന ശരാശരി 100 പേർ ഒരു ശാഖയിൽ എത്തുന്നുവെന്ന് കണക്കാക്കിയാലും ഒരുകോടി ജനങ്ങൾ എന്നും ബാങ്കിലെത്തുന്നു. എ.ടി.എമ്മുകൾ ഇതിന് പുറമെ. കോവിഡ് രൂക്ഷമായി ബാധിച്ച സ്ഥലങ്ങളിലെ ശാഖകളുടെ പ്രവർത്തനം തൽക്കാലത്തേക്ക് നിർത്തണമെന്നാണ് ഒരാവശ്യം.
കനറാ ബാങ്ക് പകുതിയോളം ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി. മറ്റു ചില ബാങ്കുകളും പരിമിത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നാല് സേവനങ്ങൾ ഒഴികെയുള്ള ആവശ്യങ്ങൾക്ക് തിങ്കളാഴ്ച മുതൽ ഇടപാടുകാർ ശാഖകളിൽ എത്തരുതെന്ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ അഭ്യർഥിച്ചു. പണം നിക്ഷേപവും പിൻവലിക്കലും, ചെക്ക് ക്ലിയറൻസ്, സർക്കാർ ഇടപാടുകൾ, വിവിധാവശ്യങ്ങൾക്ക് പണമടക്കൽ എന്നിവ ഒഴികെയുള്ള കാര്യങ്ങൾ നിർത്തിവെച്ചു. സ്വർണ പണയം, കെ.വൈ.സി, കെ.സി.സി, ആധാർ എൻറോൾമെൻറ്, ലോക്കർ തുടങ്ങിയവ ഇതിൽപ്പെടും.
രോഗപ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യമാകെ വിവിധ മേഖലകളിൽ നിയന്ത്രണം കർക്കശമാക്കുമ്പോൾ അവശ്യസേവന പട്ടികയിൽനിന്ന് ബാങ്കുകളെ താൽക്കാലം മാറ്റിനിർത്തണമെന്ന് ആവശ്യമുണ്ട്. ഇടപാടുകാരുമായി നിരന്തരം ബന്ധപ്പെടേണ്ടിവരുന്ന ബാങ്കുകളുടെയും എ.ടി.എമ്മുകളുടെയും പ്രവർത്തനം പരിമിതപ്പെടുത്തണമെന്നാണ് ആവശ്യമുയർന്നത്. വ്യാപാര, വാണിജ്യ മേഖല സ്തംഭിച്ചിരിക്കെ ബാങ്കിടപാടുകൾ കുറഞ്ഞതായും അതിനാൽ ജനങ്ങളുടെ ദൈനംദിന ജീവിതം തടസ്സപ്പെടാത്തവിധം ബാങ്കുകളെക്കൂടി സേവന നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തണമെന്നുമാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.