ആശയക്കുഴപ്പം മുതലെടുക്കാന്‍ അവരെത്തി
text_fieldsപണം കൈകാര്യം ചെയ്യുന്ന രംഗത്ത് ഇപ്പോള്‍ സര്‍വത്ര ആശയക്കുഴപ്പമാണ്. പണമായി കൈമാറ്റം ചെയ്യുന്നതിന് പരിധി. അത് പേടിച്ച് ബാങ്കില്‍ പണമിടാന്‍ തീരുമാനിച്ചാലോ? പണമിടുന്നതിന് ചാര്‍ജ്, എടുക്കുന്നതിന് ചാര്‍ജ്, എ.ടി.എമ്മില്‍നിന്ന് എടുത്താല്‍ അതിന് വേറെ പണം. അങ്ങനെ പോകുന്നു നിയന്ത്രണങ്ങളും ആശയക്കുഴപ്പവും. ഈ ആശയക്കുഴപ്പം മുതലെടുക്കാന്‍ അവരെത്തിയിട്ടുണ്ട്, ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍. വമ്പര്‍ ഓഫറുകളുമായാണ് വിവിധ ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
ഒരു കമ്പനിയുടെ വാഗ്ദാനം ഇങ്ങനെ: ജോയിനിങ് ഫീസ് ഇല്ലാതെ സൗജന്യ അംഗത്വം, 70 ലിറ്റര്‍ പെട്രോള്‍ സൗജന്യം. ഇവര്‍ പക്ഷേ, വാര്‍ഷിക ഫീസ് എത്രയെന്ന് പറയുന്നില്ല. മറ്റൊരു കമ്പനിയുടെ ഓഫര്‍ ഇങ്ങനെ: അവരുടെ ക്രെഡിറ്റ് കാര്‍ഡ് എടുത്താല്‍ രണ്ടായിരം രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ ഉടന്‍ സമ്മാനം. കൂടാതെ, ഒരു വര്‍ഷത്തേക്ക് ഓരോ മാസവും രണ്ട് സൗജന്യ സിനിമ ടിക്കറ്റുകള്‍, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പര്‍ച്ചേസിങ് രണ്ടു ലക്ഷം രൂപ കടന്നാല്‍ 5000 റിവാര്‍ഡ് പോയൻറുകള്‍ സമ്മാനം, പെട്രോള്‍ അടിക്കുമ്പോഴുള്ള സര്‍ച്ചാർജില്‍ 100 രൂപവരെ മാസം ഇളവ്... ഇങ്ങനെ പോകുന്നു വാഗ്ദാനങ്ങള്‍.
മൂന്നാമതൊരു കമ്പനി രംഗത്തിറങ്ങിയിരിക്കുന്നത് 2000 രൂപയുടെ ഓയോ വൗച്ചര്‍ വാഗ്ദാനവുമായാണ്. ആയിരം രൂപയിലധികം മാസത്തില്‍ നാലുപ്രാവശ്യം ചെലവഴിച്ചാല്‍ പ്രത്യേക മെംബര്‍ഷിപ് റിവാര്‍ഡ്. വന്‍തുകയുടെ പര്‍ച്ചേസിങ്ങിന് മാസത്തവണ തിരിച്ചടവ് സംവിധാനം തുടങ്ങിയവയുമുണ്ട്. ഊബറില്‍ സൗജന്യ യാത്ര, ഹോട്ടല്‍ ബുക്കിങ് ഇളവ്, തെരഞ്ഞെടുക്കപ്പെട്ട റസ്റ്റാറൻറുകളില് സൗജന്യങ്ങള്‍ തുടങ്ങിയ വാഗ്ദാനങ്ങളുമായും മറ്റ് കമ്പനികള്‍ രംഗത്തുണ്ട്.
ഏതായാലും ബാങ്കുകള്‍ ദിവസവും പുതിയ സർവിസ് ചാർജുകള്‍ ഏര്‍പ്പെടുത്തുകയും നിബന്ധനകളില്‍ മാറ്റംവരുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ വാഗ്ദാനങ്ങളുമായി അന്താരാഷ്ട്ര കമ്പനികള്‍വരെ രംഗത്തെത്തുമെന്ന് ഉറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.