ചർച്ച വീണ്ടും അലസി; സി.എസ്.ബി ബാങ്കിൽ നാളെ മുതൽ പണിമുടക്ക്
text_fieldsതൃശൂർ: ബാങ്കിെൻറ ജനകീയ സ്വഭാവം അട്ടിമറിച്ചും വേതന പരിഷ്കരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിരുദ്ധമായി പ്രവർത്തിച്ചും മുന്നോട്ടുപോകുന്ന സി.എസ്.ബി ബാങ്കിൽ (പഴയ കാത്തലിക് സിറിയൻ ബാങ്ക്) ഓഫിസർമാരുടെയും ജീവനക്കാരുടെയും സംഘടനകൾ സംയുക്തമായി പ്രഖ്യാപിച്ച പണിമുടക്ക് ഒഴിവാക്കാൻ ചൊവ്വാഴ്ച നടന്ന ചർച്ചയും അലസി. ഇതോടെ ബുധനാഴ്ച മുതൽ മൂന്ന് ദിവസം സി.എസ്.ബി ബാങ്കിെൻറ സംസ്ഥാനത്തെ 272 ശാഖകളും അടഞ്ഞ് കിടക്കുന്ന രീതിയിൽ എല്ലാ സംഘടനകളും പണിമുടക്കും. പണിമുടക്കിന് അനുഭാവം പ്രകടിപ്പിച്ച് സംസ്ഥാനത്തെ മറ്റെല്ലാം ബാങ്കുകളിലെയും സംഘടകൾ 22ന് പൊതുപണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.
സി.എസ്.ബി ബാങ്ക് മാനേജ്മെൻറിെൻറ പ്രതികൂല നിലപാട്മൂലം പ്രകൃതി ദുരന്ത സമയത്ത് ബാങ്കുകൾ അടഞ്ഞുകിടക്കുന്നത് ഒഴിവാക്കാൻ അടിയന്തിരമായി ചർച്ചക്ക് തയാറാകണമെന്ന് തിങ്കളാഴ്ച സംസ്ഥാന ധന മന്ത്രി കെ.എൻ. ബാലഗോപാൽ ബാങ്ക് മാനേജ്മെൻറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ഉച്ചക്ക് ശേഷം മാനേജ്മെൻറ് ബാങ്കിലെ സംഘടനകളെ ചർച്ചക്ക് വിളിച്ചെങ്കിലും എം.ഡി സി.വി.ആർ. രാജേന്ദ്രൻ പങ്കെടുക്കാതെ മാറിനിൽക്കുകയും എച്ച്.ആർ മേധാവി ടി. ജയശങ്കറിനെ നിയോഗിക്കുകയും ചെയ്തു.
തീരുമാനമെടുക്കാൻ അധികാരമില്ലാത്ത എച്ച്.ആർ മേധാവി സാന്നിധ്യത്തിൽ നടന്ന ചർച്ച സ്വാഭാവികമായും അലസി. ചൊവ്വാഴ്ച ഉച്ചക്ക് 12ന് ചർച്ചക്ക് വീണ്ടും മാനേജ്മെൻറ് തയാറായെങ്കിലും അതും പ്രഹസനമാക്കി. അതിലും എം.ഡി പങ്കെടുക്കാതെ എച്ച്.ആർ മാനേജറെ ചുമതലപ്പെടുത്തുകയായിരുന്നു. പുതിയതായി ഒന്നും പറയാനില്ലെന്ന് എച്ച്.ആർ മേധാവി പറഞ്ഞതോടെ ചർച്ച അലസുകയാണുണ്ടായത്.
ബുധനാഴ്ച തുടങ്ങുന്ന പണിമുടക്കിന് സംസ്ഥാന, ജില്ലാതല സമരസഹായ സമിതികളുടെയും ട്രേഡ് യൂനിയനുകളുടെയും നേതൃത്വത്തിൽ എല്ലാ തയാറെടുപ്പും നടത്തിയതായി സംഘടനാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാ ദിവസവും 272 ശാഖകൾക്ക് മുന്നിലും ധർണ നടത്തും. ഒരു ശാഖയും പ്രവർത്തിക്കില്ല.
തൃശൂരിൽ ഹെഡ് ഓഫിസിന് മുന്നിലും തെക്കേ ഗോപുരനടയിലും ധർണ നടത്തും. തൃശൂരിലെ ധർണ ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻ സംസ്ഥാന കൺവീനർ സി.ഡി. ജോസൺ, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻറ് ടി. നരേന്ദ്രൻ, ആൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ ദേശീയ എക്സിക്യുട്ടീവ് അംഗം ബാലാജി വെങ്കിടേഷ്, സി.എസ്.ബി ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ജെ. ലതീഷ്കുമാർ, സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജെറിൻ കെ. ജോൺ എന്നിവർ പങ്കെടുത്തു.
സി.എസ്.ബി ബാങ്കിെൻറ ജനകീയ സ്വഭാവം പുനഃസ്ഥാപിക്കുക, വിദേശ ബാങ്കായതോടെ കൈകൊള്ളുന്ന പ്രതികാര നടപടി പിൻവലിക്കുക, വ്യവസായതല വേതന പരിഷ്കരണം നടപ്പാക്കുക, താൽക്കാലിക-കരാർ ജീവനക്കാരുടെ വേതനം വർധിപ്പിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.