ഡി.എച്ച്.എഫ്.എൽ വായ്പ തട്ടിപ്പ്; ഒമ്പത് റിയൽ എസ്റ്റേറ്റ് കമ്പനികൾ നിരീക്ഷണത്തിൽ
text_fieldsന്യൂഡൽഹി: 34,615 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയ ഡി.എച്ച്.എഫ്.എൽ ഒമ്പത് റിയൽ എസ്റ്റേറ്റ് കമ്പനികൾ വഴി വക മാറ്റിയത് 14,683 കോടിയെന്ന് സി.ബി.ഐ കണ്ടെത്തി. ഡി.എച്ച്.എഫ്.എൽ മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കപിൽ വാധവാൻ, ഡയറക്ടർ ധീരജ് വാധവാൻ, വ്യവസായി സുധാകർ ഷെട്ടി എന്നിവരുടെ നിയന്ത്രണത്തിലുള്ളതാണ് ഈ കമ്പനികൾ. ഇതിൽ അഞ്ചെണ്ണം സുധാകർ ഷെട്ടിയുടെ സഹാന ഗ്രൂപ്പിന്റേതാണ്. നാല് കമ്പനികൾ കപിൽ മാധവൻ, ധീരജ് മാധവൻ എന്നിവരുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്.
ഷെട്ടിയുടെ കമ്പനികൾക്ക് വായ്പ നൽകിയത് കപിൽ വാധവന്റെയും ധീരജ് വാധവന്റെയും നിർദേശപ്രകാരമായിരുന്നുവെന്നും കോടികൾ വകമാറ്റിയ ഇടപാടിൽ മൂന്നുപേർക്കും പ്രത്യേക സാമ്പത്തിക താൽപര്യമുണ്ടായിരുന്നുവെന്നും സി.ബി.ഐ ആരോപിച്ചു. ഈ ഒമ്പതു കമ്പനികളും നിരീക്ഷണത്തിലാണെന്നും സി.ബി.ഐ വൃത്തങ്ങൾ വ്യക്തമാക്കി. അമരല്ലിസ് റിയൽറ്റേഴ്സ്, ഗുൽമാർഗ് റിയൽറ്റേഴ്സ്, സ്കൈലാർക് ബിൽഡ്കോൺ എന്നീ കമ്പനികൾ ചേർന്ന് 98.33 കോടിയും ദർശൻ ഡെവലപേഴ്സ്, സിഗ്തിയ കൺസ്ട്രക്ഷൻ എന്നീ കമ്പനികൾ 3,970 കോടിയുമാണ് ഡി.എച്ച്.എഫ്.എല്ലിന് കുടിശ്ശിക വരുത്തിയത്.
ഇതിൽ ദർശൻ ഡെവലപേഴ്സും സിഗ്തിയ കൺസ്ട്രക്ഷനും കപിൽ വാധവാൻ, ധീരജ് വാധവാൻ എന്നിവരുടെ നിയന്ത്രണത്തിലാണ്. ക്രിയാറ്റോസ് ബിൽഡേഴ്സ് 11,992 കോടിയും ടൗൺഷിപ് ഡെവലപേഴ്സ് 6002 കോടിയും ഷിഷിർ റിയൽറ്റി 1,233 കോടിയും സൺലിങ്ക് റിയൽ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് 2,185 കോടിയുമാണ് കുടിശ്ശിക വരുത്തിയത്.
യൂനിയൻ ബാങ്കിന്റെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കൺസോർട്യത്തിൽനിന്ന് വായ്പയായും കടപ്പത്രം വിറ്റും ഡി.എച്ച്.എഫ്.എൽ 42,871 കോടിയാണ് സമാഹരിച്ചത്. തുടർന്ന് ഇവ കമ്പനിയുടെ തലപ്പത്തുള്ളവർക്ക് താൽപര്യമുള്ള സ്ഥാപനങ്ങൾക്ക് മതിയായ ഈടും കണക്കുമില്ലാതെ ഫണ്ട് വകമാറ്റുകയായിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകൾ ഈ വായ്പകൾ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിച്ചു. 34,615 കോടിയാണ് ബാങ്കുകൾക്ക് കിട്ടാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.