ബാങ്കിങ് വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം
text_fieldsയാംബു: ബാങ്കിങ് തട്ടിപ്പുകൾക്കെതിരിൽ ഇടപാടുകാരെ ബോധവത്കരിക്കാൻ സൗദി അറേബ്യയിലെ വിവിധ ബാങ്കുകളും മറ്റ് ഔദ്യോഗിക സ്ഥാപനങ്ങളും യോജിച്ച് കാമ്പയിൻ ആരംഭിച്ചു. 'കുൻ ഹദിറൻ' (ജാഗ്രത പുലർത്തുക) എന്ന ശീർഷകത്തിൽ ആഭ്യന്തരമന്ത്രാലയത്തിെൻറ മേൽനോട്ടത്തിലാണ് കാമ്പയിൻ. ബാങ്ക് അകൗണ്ട് വിവരങ്ങൾ, എ.ടി.എം കാർഡ് പിൻ നമ്പർ, മൊബൈൽ വഴി ലഭിക്കുന്ന ഒ.ടി.പി, മറ്റ് പാസ്‌വേർഡുകൾ എന്നിവ ഒരു കാരണവശാലയും മറ്റൊരാൾക്ക് കൈമാറരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.
ബാങ്കിൽനിന്ന് ഒരു ഉദ്യോഗസ്ഥനും ഇടപാടുകാരനോട് ഈ പറഞ്ഞ ബാങ്കിങ് വിവരങ്ങളൊന്നും ആവശ്യപ്പെടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഫോണിലൊ അല്ലാതെയോ ഈ വിവരങ്ങൾ ആര് ആവശ്യപ്പെട്ടാലും നൽകരുത്. സൗദി ഫെഡറേഷൻ ഫോർ സൈബർ സെക്യൂരിറ്റി ഉൾപ്പെടെയുള്ള ഏജൻസികൾ കാമ്പയിെൻറ ഭാഗമായി വിവിധ തരത്തിൽ ബോധവത്കരണം നടത്തുന്നുണ്ട്.
സാമ്പത്തിക തട്ടിപ്പിന് ഇരകളാകാതിരിക്കാനും ബാങ്കിങ് ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങളുടെ രഹസ്യസ്വഭാവം നിലനിർത്താനും ജാഗ്രത കാണിക്കാനാണ് കാമ്പയിനിലൂടെ സാമൂഹികാവബോധം സൃഷ്ടിക്കുന്നത്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളെ കുറിച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനെയോ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ആപ്ലിക്കേഷൻ വഴിയോ അറിയിക്കണം.
മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന ഫോൺ നമ്പറിലും മറ്റു പ്രദേശത്തുള്ളവർ 999 എന്ന നമ്പറിലും കുറ്റകൃത്യങ്ങൾ സംബന്ധിച്ച് അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.