ബാങ്കുകളിലെ സർക്കാർ ഓഹരി കുറക്കുന്നു; വിദേശ ഓഹരി പങ്കാളിത്തം വർധിപ്പിക്കുന്നതും പരിഗണനയിൽ
text_fieldsന്യൂഡൽഹി: പൊതുമേഖല ബാങ്കുകളിലെ സർക്കാർ ഓഹരി പകുതി കണ്ട് കുറക്കാൻ കേന്ദ്രം ഒരുങ്ങുന്നു. സർക്കാർ ഓഹരി വിഹിതം 51ൽനിന്ന് 26 ശതമാനമായി കുറക്കുന്നതിനൊപ്പം, വിദേശ ഓഹരി നിക്ഷേപകരുടെ പങ്കാളിത്തം എല്ലാ ബാങ്കുകളിലും വർധിപ്പിക്കുന്ന കാര്യവും പരിഗണനയിലാണ്.
ഏറ്റവും പ്രമുഖമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം വിവിധ പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവത്കരണത്തിെൻറ വഴിയിലേക്ക് നയിക്കാൻ പര്യാപ്തമാണ് ഈ നീക്കം. എന്നാൽ, ഓഹരി പങ്കാളിത്തം നാലിലൊന്നായി ചുരുങ്ങിയാലും മാനേജ്മെൻറ് നിയന്ത്രണം സർക്കാറിൽ നിക്ഷിപ്തമാക്കുന്ന വിധമുള്ള വ്യവസ്ഥ ഭേദഗതിയാണ് കൊണ്ടുവരുന്നതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിശദീകരണം.
ബാങ്കുകളുടെ സാമ്പത്തിക ഭാരം കുറക്കാൻ മൂലധന നിക്ഷേപം കാലാകാലങ്ങളിൽ സർക്കാർ വർധിപ്പിക്കേണ്ട സ്ഥിതി ഇതോടെ മാറുമെന്നാണ് ഭരണപക്ഷ വിലയിരുത്തൽ. അതേസമയം, ബാങ്ക് ദേശസാത്കരണത്തിെൻറ തത്ത്വങ്ങൾ പാടേ പൊളിച്ചുകളയുന്നതാണ് പുതിയ നീക്കം. ഇതടക്കമുള്ള വിവിധ പരിഷ്കരണ നിർദേശങ്ങളിൽ വിശദ ചർച്ച നടക്കാനുണ്ട്.
തുടർന്ന് മന്ത്രിസഭയുടെ അനുമതിക്ക് വിധേയമായാണ് ഭേദഗതികൾ പാർലമെൻറിൽ എത്തേണ്ടത്. എയർ ഇന്ത്യക്കും എൽ.ഐ.സിക്കും പിന്നാലെ ബാങ്കുകളിലേക്ക് നീങ്ങുകയാണ് സർക്കാർ. പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കട ഭാരം മാറ്റിയെടുക്കാൻ ബാഡ് ബാങ്ക് സർക്കാർ രൂപവത്കരിച്ചിട്ടുണ്ട്.
ഇതുവഴി ബാങ്കുകളുടെ സ്ഥിതി മെച്ചപ്പെടുകയും നിക്ഷേപകർ വലിയ താൽപര്യം കാണിക്കുകയും ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. ബാങ്ക് സ്വകാര്യവത്കരണത്തിനെതിരെ ജീവനക്കാരാകട്ടെ, സമരമുഖത്താണ്.
സ്വകാര്യവത്കരണം ലളിതമാക്കും
പാർലമെൻറിെൻറ അനുമതി കൂടാതെതന്നെ സ്വകാര്യവത്കരണം ലളിതമാക്കി വിദേശ നിക്ഷേപകർക്ക് കൂടുതൽ ബാങ്ക് ഓഹരി വാങ്ങാൻ അനുമതി നൽകും. 20 ശതമാനം വരെയാണ് ഇപ്പോൾ വിദേശ നിക്ഷേപാനുമതി. ഈ പരിധി എടുത്തുകളയും. ഒറ്റ ഓഹരി ഉടമക്ക് പരമാവധി 10 ശതമാനം വോട്ടവകാശമെന്ന വ്യവസ്ഥ മാറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.