ഗർഭിണികളെ ജോലിയിൽനിന്ന് വിലക്കിയിട്ടില്ലെന്ന് ഇന്ത്യൻ ബാങ്ക്
text_fieldsന്യൂഡൽഹി: ഗർഭിണികളെ ജോലിയിൽനിന്ന് താത്കാലികമായി വിലക്കുന്നെന്ന് വാർത്ത തെറ്റാണെന്ന് ഇന്ത്യൻ ബാങ്ക്. മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി.
സ്ത്രീകളോട് വിവേചനം കാണിക്കുന്ന പുതിയ മാർഗനിർദേശങ്ങൾ ബാങ്ക് തയാറാക്കിയതായി ചില മാധ്യമങ്ങൾ പറയുന്നു. ഇക്കാര്യത്തിൽ, നിലവിലുള്ള മാർഗനിർദേശങ്ങളിൽ ബാങ്ക് ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് അറിയിക്കുന്നു -ഇന്ത്യൻ ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു.
ഗർഭം ധരിച്ച് 12 ആഴ്ചയോ അതിലധികമോ ആയവർക്ക് നിയമനത്തിന് 'താൽക്കാലിക അയോഗ്യത' കൽപിച്ച് ഇന്ത്യൻ ബാങ്ക് ഉത്തരവിറക്കിയെന്നായിരുന്നു റിപ്പോർട്ട്. പ്രസവത്തിന് ശേഷം ആറാഴ്ച കഴിഞ്ഞാൽ വീണ്ടും ഫിറ്റ്നസ് പരിശോധന റിപ്പോർട്ട് ഹാജരാക്കണമെന്നും അതിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ നിയമനം ലഭിക്കുകയുള്ളൂ എന്നുമായിരുന്നു തീരുമാനം.
ഇതിനെതിരെ ഡൽഹി വനിത കമ്മീഷൻ അടക്കം രംഗത്തുവന്നിരുന്നു. ഗർഭിണികളായവർക്ക് താൽകാലികമായി നിയമനം നിഷേധിക്കുന്ന തരത്തിലുള്ള ഇന്ത്യൻ ബാങ്കിന്റെ പുതിയ റിക്രൂട്ട്മെന്റ് നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി വനിത കമ്മീഷൻ നോട്ടീസയച്ചിരുന്നു. ഗർഭിണികളായ സ്ത്രീകൾ ജോലിക്ക് യോഗ്യരല്ലെന്ന് നിയമം കൊണ്ടുവരുന്നത് നീതീകരിക്കാനാവില്ലെന്ന് ഡൽഹി വനിത കമ്മീഷൻ വ്യക്തമാക്കി.
ഇന്ത്യൻ ബാങ്കിന്റെ തീരുമാനം സ്ത്രീവിരുദ്ധമാണെന്ന് വിമാർശിച്ച് ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷനും രംഗത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയക്കുകയും ചെയ്തു.
കഴിഞ്ഞ ഡിസംബറിൽ എസ്.ബി.ഐയും ഇത്തരത്തിൽ മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. വിവിധ സംഘടനകളും ഡൽഹി വനിത കമീഷനും അതിനെതിരെ ശക്തമായി രംഗത്ത് വന്നതോടെ മാർഗനിർദേശം പിൻവലിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.