വിരമിക്കാറായ ബാങ്ക് ഓഫിസർമാർക്കും ജീവനക്കാർക്കും കേന്ദ്രത്തിന്റെ ‘പണി’ വരുന്നു; പ്രകടനം പരിശോധിച്ച് പറഞ്ഞുവിടാൻ നിർദേശം
text_fieldsതൃശൂർ: ബാങ്ക് ഓഫിസർമാരുടെയും ജീവനക്കാരുടെയും മികവ് നിശ്ചിത ഇടവേളകളിൽ വിലയിരുത്തി മോശം പ്രകടനം കാഴ്ചവെക്കുന്നവരെ വിരമിക്കലിനു മുമ്പ് ജോലിയിൽനിന്ന് നീക്കാൻ കേന്ദ്രസർക്കാർ നിർദേശം. എസ്.ബി.ഐ ചെയർമാനും മറ്റ് ദേശസാൽകൃത ബാങ്കുകളുടെ എം.ഡി-സി.ഇ.ഒമാർക്കുമാണ് ധനമന്ത്രാലയത്തിലെ ധനകാര്യ സേവന വിഭാഗം നിർദേശം നൽകിയത്. ഇതനുസരിച്ച്, എസ്.ബി.ഐയിൽ 50 വയസ്സോ 25 വർഷത്തെ സേവനമോ പൂർത്തിയായ ഓഫിസർമാരുടെയും മറ്റ് ദേശസാൽകൃത ബാങ്കുകളിൽ 55 വയസ്സോ 30 വർഷത്തെ സേവനമോ പൂർത്തിയായവരുടെയും പ്രകടനമാണ് പരിശോധിക്കേണ്ടത്. സബ് സ്റ്റാഫുകളുടെയും ക്ലർക്കുമാരുടെയും കാര്യത്തിൽ എസ്.ബി.ഐയിൽ 58 വയസ്സും അതിൽ കൂടുതലും ദേശസാൽകൃത ബാങ്കുകളിൽ 57 വയസ്സും അതിൽ കൂടുതലുമുള്ളവരെയാണ് വിലയിരുത്തേണ്ടത്.
ഓഫിസർക്ക് മൂന്നു മാസം മുമ്പ് നോട്ടീസോ അത്രയും മാസത്തെ വേതനമോ നൽകിയും ക്ലർക്കുമാർക്കും സബ് സ്റ്റാഫുകൾക്കും രണ്ടു മാസത്തെ നോട്ടീസ് നൽകിയും വിരമിക്കൽ അനുമതി നൽകാം. എല്ലാ മാസവും പ്രകടനം വിലയിരുത്താനും അതനുസരിച്ച് മുൻകൂർ വിരമിക്കൽ നൽകുന്ന ഓഫിസർമാരുടെയും ജീവനക്കാരുടെയും എണ്ണം സർക്കാറിന് റിപ്പോർട്ട് ചെയ്യാനും നിർദേശത്തിൽ പറയുന്നു. ഇപ്പോൾതന്നെ മതിയായ ജീവനക്കാരില്ലാതെ ബാങ്കുകളുടെ പ്രവർത്തനം താളം തെറ്റുകയാണെന്നും ജീവനക്കാരും ഓഫിസർമാരും കടുത്ത സമ്മർദത്തിലാണെന്നും ആൾ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.എച്ച്. വെങ്കിടാചലം ചൂണ്ടിക്കാട്ടി.
തൊഴിൽ-ജീവിത സന്തുലനം തകർന്നിരിക്കുകയാണ്. ടാർഗറ്റ്, മോശം പ്രകടനം എന്നിവയുടെ പേരിൽ ബ്രാഞ്ച് മാനേജർമാർമാരടക്കമുള്ളവർ പീഡനം നേരിടുന്നു. മികവ് പരിശോധിക്കാൻ ത്രികക്ഷി കരാറിൽ നിലവിൽ വ്യവസ്ഥയുണ്ടെന്നിരിക്കെ പുതിയ നിർദേശങ്ങൾ വെല്ലുവിളിയാണെന്നും ഇത് ഓഫിസർമാരുടെയും ജീവനക്കാരുടെയും സംഘടനകളുടെ ഐക്യവേദി ചർച്ച ചെയ്യുമെന്നും വെങ്കിടാചലം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.