ബാങ്കുകളിലെ നിക്ഷേപം അഞ്ചുലക്ഷം കോടി കവിഞ്ഞു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളിലെ നിക്ഷേപം അഞ്ചുലക്ഷം കോടി പിന്നിട്ടു. സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ കൂടിയാണ് ബാങ്ക് നിക്ഷേപം സുപ്രധാന നാഴികക്കല്ല് പിന്നിട്ടത്. കഴിഞ്ഞ ജൂൺ 30 വരെയുള്ള കണക്കുപ്രകാരം 5,01,023 കോടി രൂപ നിക്ഷേപമായി എത്തി. ഇതേകാലത്ത് 3,34,655 കോടി രൂപ ബാങ്കുകൾ വായ്പയായും നൽകി. വായ്പ-നിക്ഷേപ അനുപാതം കഴിഞ്ഞ ഏതാനും മാസങ്ങളായി അൽപം മെച്ചപ്പെട്ടുവെങ്കിലും വീണ്ടും കുറഞ്ഞതായി സംസ്ഥാനതല ബാേങ്കഴ്സ് സമിതിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ മാർച്ചിൽ 4,93,562 കോടി രൂപയായിരുന്നു നിക്ഷേപം. മൂന്ന് മാസം കൊണ്ട് 7461 കോടി രൂപയാണ് വർധിച്ചത്. പ്രവാസി നിക്ഷേപം രണ്ടുലക്ഷം കോടിക്ക് അടുത്തെത്തി. ജൂൺ 30 വരെ 1,92,254 കോടി രൂപ. കഴിഞ്ഞ മാർച്ചിൽ 1,90,055 കോടി രൂപയായിരുന്നു. 2199 കോടി രൂപ മൂന്ന് മാസം കൊണ്ട് വർധിച്ചു. കഴിഞ്ഞ വർഷം ജൂണിൽ 1,76,098 കോടിയായിരുന്നു പ്രവാസി നിക്ഷേപം. ആഭ്യന്തര നിക്ഷേപം കഴിഞ്ഞ വർഷം ജൂണിലെ 2,86,644 കോടിയിൽനിന്ന് ഇക്കൊല്ലം 3,08,769 കോടിയായി ഉയർന്നു. കഴിഞ്ഞ മാർച്ചിൽ ഇത് 3,03,507 കോടി രൂപയായിരുന്നു.
ബാങ്കുകൾ നൽകിയ മൊത്തം വായ്പ തുക 3,34,655 കോടിയായിട്ടുണ്ട്. കഴിഞ്ഞ മാർച്ചിനെക്കാൾ 4755 കോടി രൂപയാണ് വർധിച്ചത്. വായ്പ-നിേക്ഷപ അനുപാതം 66.79 ശതമാനമായി. എന്നാൽ, കഴിഞ്ഞ മാർച്ചിനെക്കാൾ (66.84) അനുപാതത്തിൽ കുറവ് വന്നു. 2015 ഡിസംബറിൽ 64.58 ശതമാനമായിരുന്നു വായ്പ-നിക്ഷേപ അനുപാതം. കഴിഞ്ഞ ഏതാനും വർഷങ്ങളായി അനുപാതം ഏറിയും കുറഞ്ഞുമായിരുന്നു. 2016 ഡിസംബറിൽ ഇത് 62.38 ശതമാനം വരെ കുറഞ്ഞിരുന്നു. മൊത്തം വായ്പയിൽ 4.08 ശതമാനമാണ് കിട്ടാക്കടം.
കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നിർദേശങ്ങൾ എസ്.എൽ.ബി.സി ഉപസമിതി മുന്നോട്ടുെവച്ചു. കാർഷിക ഉൽപാദന ചെലവ് കുറക്കുക, ഉൽപന്നങ്ങളുടെ മിനിമം താങ്ങുവില വർധിപ്പിക്കുക, വിള ഇൻഷുറൻസ് ഉറപ്പാക്കുക, തടസ്സമില്ലാത്ത വായ്പ ലഭ്യമാക്കുക, ഫാം ടൂറിസം പ്രോത്സാഹിപ്പിക്കൽ തുടങ്ങിയവയാണ് നിർദേശങ്ങൾ.
റിപ്പോർട്ട് അടുത്ത ബാേങ്കഴ്സ് സമിതി പരിഗണിക്കും. പ്രളയത്തിൽ വൻനാശം നേരിട്ട കാർഷിക മേഖല അതിജീവിച്ചു വരികയാണെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. കൃഷിഭൂമിയുടെ പാട്ടവുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ കുറക്കണമെന്ന് ബാേങ്കഴ്സ് സമിതി സർക്കാറിനോട് ആവശ്യപ്പെട്ടു. സ്റ്റാമ്പ് ഡ്യൂട്ടി ഒരു ശതമാനമായും രജിസ്ട്രേഷൻ ഫീസ് 0.5 ശതമാനമായും കുറക്കണമെന്നാണ് ആവശ്യം. നിലവിൽ അഞ്ച് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ട് ശതമാനം രജിസ്ട്രേഷൻ ഫീസുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.