കോൾ ഈ നമ്പറുകളിൽനിന്നാണോ? എടുത്താൽ കുടുങ്ങും, മുന്നറിയിപ്പുമായി എസ്.ബി.ഐ
text_fieldsതൃശൂർ: ഉപഭോക്താവിന്‍റെ വ്യക്തിഗത വിവരങ്ങൾ ചോദിച്ച് വരുന്ന ഫോൺ കോളുകൾക്കെതിരെ ജാഗ്രത നിർദേശവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. +91-8294710946, +91-7362951973 എന്നീ നമ്പറുകളിൽനിന്നുള്ള വിളിയാണെങ്കിൽ ഒരു കാരണവശാലും എടുത്ത് പ്രതികരിക്കരുതെന്ന് ഇടപാടുകാർക്ക് ബാങ്ക് മുന്നറിയിപ്പ് നൽകുന്നു.
ബാങ്ക് ഒരു ലിങ്ക് അയച്ചിട്ടുണ്ടെന്നും അതിൽ കെ.വൈ.സി (നോ യുവർ കസ്റ്റമർ -ഇടപാടുകാരെ അറിയുക) വിവരങ്ങൾ നൽകണമെന്നുമാണ് ഈ നമ്പറുകളിൽനിന്ന് വിളിച്ച് ആവശ്യപ്പെടുന്നത്. ഇതുപ്രകാരം ചെയ്യുന്നവർക്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെട്ടതായി ധാരാളം പരാതി വരുന്നുണ്ട്.
യൂസർ ഐ.ഡി, പാസ്വേഡ്, ഡെബിറ്റ് കാർഡ് നമ്പർ, പേഴ്സണൽ ഐഡന്‍റിഫിക്കേഷൻ നമ്പർ (പിൻ), കാർഡിലെ സി.വി.വി, ഒ.ടി.പി എന്നിവ ആരുമായും പങ്ക് വെക്കരുതെന്നും ബാങ്ക് ഈ വിവരങ്ങൾ ആവശ്യപ്പെടാറില്ലെന്നും ട്വിറ്റർ, എസ്.എം.എസ്, ഇ-മെയിൽ എന്നീ മാർഗങ്ങളിലൂടെ ഇടപാടുകാരെ എസ്.ബി.ഐ അറിയിച്ചിട്ടുണ്ട്.
ബാങ്കിന്‍റെ വെബ്സൈറ്റുമായി ഏറെ സാദൃശ്യമുള്ള സൈറ്റ് തയാറാക്കിയും വ്യാജ ഇ-കൊമേഴ്സ് സൈറ്റുകൾ ഉണ്ടാക്കിയും തട്ടിപ്പ് നടക്കുന്നുണ്ട്. ഇന്‍റർനെറ്റ് മുഖേനയുള്ള ഇത്തരം തട്ടിപ്പുകൾക്കുള്ള സാധ്യതകൾ മനസ്സിലാക്കിയാൽ report.phishing@sbi.co.in എന്ന മെയിൽ വഴിയോ 1930 എന്ന ഹെൽപ്ലൈൻ നമ്പറിൽ വിളിച്ചോ അറിയിക്കണം.
അതേസമയം, ട്വിറ്റർ മുഖേനയുള്ള എസ്.ബി.ഐയുടെ മുന്നറിയിപ്പ് മുഖവിലക്ക് എടുക്കുമ്പോഴും പല ഉപഭോക്താക്കളും ഇത്തരം തട്ടിപ്പിൽ ബാങ്കിന്‍റെ സമീപനം ചോദ്യം ചെയ്യുന്നുണ്ട്. തട്ടിപ്പിനെക്കുറിച്ചും തട്ടിപ്പുകാരെക്കുറിച്ചും മുന്നറിയിപ്പ് നൽകി തട്ടിപ്പിന്‍റെ ബാധ്യത മുഴുവൻ ഉപഭോക്താക്കളുടെ തലയിൽവെച്ച് മാറി നിൽക്കാതെ അത് അവസാനിപ്പിക്കാൻ എന്ത് ചെയ്യുന്നുവെന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.